നാ​ഗചൈതന്യയുടെ നിധിവേട്ട 'ബ്ര​ഹ്മ​ഗിരി ​ഗുഹ'യിൽ; 'വൃഷകർമ'യ്ക്കായി പടുകൂറ്റൻ സെറ്റ്

'വൃഷകർമ'പോസ്റ്റർ
'വൃഷകർമ' പോസ്റ്ററിൽ നാ​ഗ ചൈതന്യകടപ്പാട്-ഫേസ്ബുക്ക്
Published on: 

ഒരു ​ഗുഹയുടെ കൂറ്റൻ സെറ്റിലൂടെ സിനിമാ ലോകത്തെ ഞെട്ടിക്കുകയാണ് ടോളിവുഡ്. 50 ദിവസം നീണ്ട നിർമാണപ്രവർത്തനങ്ങൾക്കൊടുവിൽ പൂർത്തിയായ പടുകൂറ്റൻ ഗുഹയുടെ സെറ്റ് തെലുങ്ക് ചിത്രം 'വൃഷകർമ'യുടെ പ്രധാന ആകർഷണങ്ങളിലൊന്നായി മാറുന്നു. ​ഗുഹയ്ക്കുള്ളിലെ കാഴ്ചകൾ പരിചയപ്പടുത്തുന്ന വീഡിയോ ചിത്രത്തിലെ നായകൻ നാ​ഗ ചൈതന്യയുടെ യൂട്യൂബ് ചാനലിലൂടെ പുറത്തുവിട്ടു. മാധ്യമപ്രവർത്തകരുടെ ​ഗുഹാസന്ദർശനവും അതിനുള്ളിൽ അണിയറപ്രവർത്തകരുമായുള്ള സംഭാഷണവും നിറഞ്ഞതാണ് ഇൻ ടു ദ് വേൾഡ് ഓഫ് വൃഷകർമ എന്നുപേരിട്ട വീഡിയോ.

Must Read
നാഗ ചൈതന്യയുടെ 25-ാം ചിത്രം മ്യൂസിക്കൽ ലവ്സ്റ്റോറി;സംവിധായകൻ ക്ലാക്സ്
'വൃഷകർമ'പോസ്റ്റർ

ബ്രഹ്മഗിരി ഗുഹ എന്ന് പേരിട്ടിരിക്കുന്ന ഈ സെറ്റിന് മൂന്ന് അറകളാണുള്ളത്. ചിത്രത്തിന്റെ കഥാഗതിയിൽ നിർണായക സ്ഥാനമാണ് ഗുഹയ്ക്കുള്ളത്. പൂർണമായും കമ്പ്യൂട്ടർ ഗ്രാഫിക്സിന്റെ സഹായത്തോടെ ഗുഹ സൃഷ്ടിക്കുന്നതിന് പകരം യഥാർഥ സെറ്റ് നിർമിക്കാനാണ് അണിയറപ്രവർത്തകർ തീരുമാനിച്ചതെന്ന് സംവിധായകൻ കാർത്തിക് ദണ്ഡു പറഞ്ഞു. തെലുങ്കിലെ പ്രമുഖ പ്രൊഡക്ഷൻ ഡിസൈനർ ശ്രീ നാ​ഗേന്ദ്ര പ്രസാദ് തങ്കലയാണ് ഈ പടുകൂറ്റൻ സെറ്റ് ഒരുക്കിയത്.

'വൃഷകർമ'യ്ക്കായി ഒരുക്കിയ ബ്രഹ്മഗിരി ഗുഹയ്ക്കുള്ളിലെ കാഴ്ചകൾ പരിചയപ്പെടുത്തുന്ന 'ഇൻ ടു ദ് വേൾഡ് ഓഫ് വൃഷകർമ' വീഡിയോയിൽ നിന്ന്
'വൃഷകർമ'യ്ക്കായി ഒരുക്കിയ ബ്രഹ്മഗിരി ഗുഹയ്ക്കുള്ളിലെ കാഴ്ചകൾ പരിചയപ്പെടുത്തുന്ന 'ഇൻ ടു ദ് വേൾഡ് ഓഫ് വൃഷകർമ' വീഡിയോയിൽ നിന്ന്സ്ക്രീൻ​ഗ്രാബ്

'ഈ സെറ്റാണ് കഥയെ നിർവചിക്കുന്നത്. അതുകൊണ്ടുതന്നെ കമ്പ്യൂട്ടർ​ഗ്രാഫിക്സിനെ(സി ജി) മാത്രം ആശ്രയിക്കാൻ ഞങ്ങൾ ആഗ്രഹിച്ചില്ല. കഥയിലെ പ്രധാന ഘടകങ്ങളിലൊന്നാണിത്'-കാർത്തിക് വ്യക്തമാക്കി.

കഥ പൂർത്തിയായശേഷം ശ്രീ നാ​ഗേന്ദ്ര പ്രസാദ് തങ്കല ആദ്യം ഗുഹയുടെ മിനിയേച്ചർ മാതൃക തയ്യാറാക്കി അവതരിപ്പിക്കുകയായിരുന്നു. പിന്നീട് അതിനെ വിശദാംശങ്ങൾ നിറഞ്ഞ വലിയൊരു സെറ്റായി വികസിപ്പിച്ചു. ചിത്രത്തിലെ ഏകദേശം 20 മിനിറ്റോളം ദൈർഘ്യമുള്ള രംഗങ്ങൾ ഗുഹയ്ക്കുള്ളിലാണ് ചിത്രീകരിച്ചിരിക്കുന്നത്. അതിനാൽ സെറ്റിന്റെ രൂപകല്പനയ്ക്കും നിർമാണത്തിനും ഏറെ ആസൂത്രണവും സൂക്ഷ്മമായ ശ്രദ്ധയും ആവശ്യമായിരുന്നു.

'ഇൻ ടു ദ് വേൾഡ് ഓഫ് വൃഷകർമ' വീഡിയോയിൽ ​നാ​ഗ ചൈതന്യ സംസാരിക്കുന്നു. സംവിധായകൻ കാർത്തിക് ദണ്ഡു,നായിക മീനാക്ഷി ചൗധരി തുടങ്ങിയവർ സമീപം
'ഇൻ ടു ദ് വേൾഡ് ഓഫ് വൃഷകർമ' വീഡിയോയിൽ ​നാ​ഗ ചൈതന്യ സംസാരിക്കുന്നു. സംവിധായകൻ കാർത്തിക് ദണ്ഡു,നായിക മീനാക്ഷി ചൗധരി തുടങ്ങിയവർ സമീപംസ്ക്രീൻ​ഗ്രാബ്

ഗുഹയ്ക്ക് ആവശ്യമായ സ്വാഭാവികത ഉറപ്പാക്കാൻ വിവിധ സ്ഥലങ്ങളിൽ പരിശോധനകൾ നടത്തുകയും നിരവധി ഡോക്യുമെന്ററികൾ കണ്ടുപഠിക്കുകയും ചെയ്ത ശേഷമാണ് അന്തിമ രൂപം തീരുമാനിച്ചത്. സാധാരണ നിധിവേട്ടയെ ആസ്പദമാക്കിയുള്ള സാഹസിക ചിത്രങ്ങളുടെ പതിവ് രീതിയിൽ ഒതുങ്ങുന്നതല്ല 'വൃഷകർമ'യെന്നും ആവേശകരമായ മുഹൂർത്തങ്ങൾക്കൊപ്പം ശക്തമായ വൈകാരിക തലങ്ങളും ചിത്രത്തിലുണ്ടാകുമെന്നും സംവിധായകൻ പറഞ്ഞു.

'ഇൻ ടു ദ് വേൾഡ് ഓഫ് വൃഷകർമ' വീഡിയോയിൽ നിന്ന്
'ഇൻ ടു ദ് വേൾഡ് ഓഫ് വൃഷകർമ' വീഡിയോയിൽ നിന്ന്സ്ക്രീൻ​ഗ്രാബ്

ചിത്രത്തിൽ നിധിവേട്ടക്കാരന്റെ വേഷത്തിലാണ് നാഗചൈതന്യ എത്തുന്നത്. സെറ്റിന്റെ വലുപ്പവും നിർമാണമികവും തന്നെ അദ്ഭുതപ്പെടുത്തിയെന്ന് താരം പറഞ്ഞു. 'നാഗേന്ദ്ര ഒരുക്കിയ സെറ്റ് ആദ്യമായി കണ്ടപ്പോൾ ഞാൻ ശരിക്കും വിസ്മയിച്ചുപോയി. ഇത്രയും വലിയൊരു കഥാപാത്രത്തെ ഇതുവരെ ഞാൻ അവതരിപ്പിച്ചിട്ടില്ല. മിത്തോളജിക്കൽ ത്രില്ലർ വിഭാഗത്തിൽ എന്റെ ആദ്യ അനുഭവം കൂടിയാണിത്'- നാഗചൈതന്യ പറഞ്ഞു.

'ഇൻ ടു ദ് വേൾഡ് ഓഫ് വൃഷകർമ' വീഡിയോയിൽ നിന്ന്
'ഇൻ ടു ദ് വേൾഡ് ഓഫ് വൃഷകർമ' വീഡിയോയിൽ നിന്ന്സ്ക്രീൻ​ഗ്രാബ്

ചിത്രത്തിനായി നടത്തിയ വിപുലമായ തയ്യാറെടുപ്പുകളെക്കുറിച്ചും താരം സംസാരിച്ചു. കാർത്തിക് ദണ്ഡു ഏഴു മണിക്കൂറെടുത്താണ് തനിക്ക് കഥ പറഞ്ഞുതന്നതെന്ന് നാഗചൈതന്യ വെളിപ്പെടുത്തി. ഒരു ചിത്രത്തിനുവേണ്ടി സംവിധായകനൊപ്പം ഇത്രയും സമയം ചെലവഴിക്കുന്നത് ആദ്യമായാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ചിത്രത്തിന്റെ പ്രീ-പ്രൊഡക്ഷൻ ജോലികൾക്കും ഗവേഷണത്തിനുമായി അണിയറപ്രവർത്തകർ വലിയ പരിശ്രമമാണ് നടത്തിയതെന്നും താരം പറഞ്ഞു.

'ഇൻ ടു ദ് വേൾഡ് ഓഫ് വൃഷകർമ' വീഡിയോയിൽ നിന്ന്
'ഇൻ ടു ദ് വേൾഡ് ഓഫ് വൃഷകർമ' വീഡിയോയിൽ നിന്ന്സ്ക്രീൻ​ഗ്രാബ്

ചിത്രത്തിന്റെ ക്ലൈമാക്സിനെക്കുറിച്ചും നാഗചൈതന്യ പ്രതീക്ഷ പങ്കുവച്ചു. 'തണ്ടേൽ' എന്ന ചിത്രത്തേക്കാൾ മികച്ച ബോക്സ് ഓഫീസ് വിജയം 'വൃഷകർമ' നേടുമെന്നാണ് തന്റെ വിശ്വാസമെന്നും അദ്ദേഹം പറഞ്ഞു. 'തണ്ടേലി'നെക്കാൾ വലിയ ക്യാൻവാസിലാണ് പുതിയ ചിത്രം ഒരുങ്ങുന്നതെന്നും താരം കൂട്ടിച്ചേർത്തു.

'ഇൻ ടു ദ് വേൾഡ് ഓഫ് വൃഷകർമ' വീഡിയോയിൽ നിന്ന്
'ഇൻ ടു ദ് വേൾഡ് ഓഫ് വൃഷകർമ' വീഡിയോയിൽ നിന്ന്സ്ക്രീൻ​ഗ്രാബ്

ചിത്രത്തിന്റെ കഥയിൽ വലിയൊരു ഭാഗം ഗുഹയ്ക്കുള്ളിലാണ് നടക്കുന്നതെന്ന് നായിക മീനാക്ഷി ചൗധരി പറഞ്ഞു. ഇത്രയും വിപുലമായ സെറ്റിൽ ചിത്രീകരണത്തിൽ പങ്കാളിയാകാൻ കഴിഞ്ഞത് മികച്ച അനുഭവമായിരുന്നെന്നും താരം ഓർത്തെടുത്തു.

'വൃഷകർമ' പ്രൊഡക്ഷൻ ഡിസൈനർ ശ്രീ നാ​ഗേന്ദ്ര പ്രസാദ് തങ്കല
'വൃഷകർമ' പ്രൊഡക്ഷൻ ഡിസൈനർ ശ്രീ നാ​ഗേന്ദ്ര പ്രസാദ് തങ്കലഫോട്ടോകടപ്പാട്-എക്സ്

വിശദാംശങ്ങൾക്ക് പ്രാധാന്യം നൽകുന്ന പ്രൊഡക്ഷൻ ഡിസൈനും വിപുലമായ ഗവേഷണവും സാഹസികതയും വൈകാരികതയും സമന്വയിപ്പിക്കുന്ന കഥയും ചേർത്ത് വേറിട്ടൊരു സിനിമാലോകം സൃഷ്ടിക്കാനാണ് 'വൃഷകർമ' ലക്ഷ്യമിടുന്നത്. ചിത്രം ഡിസംബർ നാലിന് തിയറ്ററുകളിലെത്തും. അതിനു മുന്നോടിയായാണ് ബ്രഹ്മ​ഗിരി ​​ഗുഹയുടെ കാഴ്ചകൾ അണിയറപ്രവർത്തകർ ലോകത്തിന് പരിചയപ്പെടുത്തിയത്. ഇത് വേറിട്ടൊരു പ്രചാരണപരിപാടിയായി മാറുകയും ചെയ്തു.

Pappappa
pappappa.com