

‘തണ്ടേൽ’ നേടിയ വിജയത്തിന് പിന്നാലെ നാഗ ചൈതന്യ പുതിയ ചിത്രമായ ‘വൃഷകർമ’യുടെ അവസാനഘട്ട ജോലികളിലാണ്. കാർത്തിക് വർമ ദണ്ഡുവാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഇതിനിടെ തന്റെ കരിയറിലെ 25-ാം ചിത്രവും നാഗ ചൈതന്യ ഒപ്പുവച്ചിരിക്കുകയാണ്. പേരിട്ടിട്ടില്ലാത്ത ചിത്രത്തെക്കുറിച്ച് ഇതിനോടകം ആരാധകർക്കിടയിൽ വലിയ ആകാംക്ഷ ഉയർന്നിട്ടുണ്ട്.
ഗീത ആർട്സ്, അന്നപൂർണ സ്റ്റുഡിയോസ്, നിർമാതാവ് ബണ്ണി വാസ് എന്നിവർ സംയുക്തമായാണ് ചിത്രം നിർമിക്കുന്നത്. ഗുണമേന്മയുള്ള എന്റർടെയ്‌നറുകൾക്ക് പിന്തുണ നൽകുന്ന നിർമാണ കമ്പനികളെന്ന നിലയിൽ ശ്രദ്ധേയമായ മൂന്ന് ബാനറുകൾ ഒന്നിക്കുന്നുവെന്നത് തന്നെ ചിത്രത്തിന് മികച്ച പ്രതീക്ഷകൾക്ക് വഴിയൊരുക്കുന്നുണ്ട്.
‘ബെദുരുലങ്ക 2012’ എന്ന വിജയചിത്രത്തിലൂടെ സംവിധാനരംഗത്തേക്ക് അരങ്ങേറ്റം കുറിച്ച ക്ലാക്സാണ് ചിത്രം സംവിധാനം ചെയ്യുന്നത്. സാത്വിക വീരവള്ളിയാണ് ചിത്രത്തിലെ നായിക. സംഗീതത്തിന് ഏറെ പ്രാധാന്യമുള്ള ഒരു പ്രണയകഥയായിരിക്കും ചിത്രം പറയുക. വൈകാരികത, പ്രണയം, ഓർമയിൽ നിൽക്കുന്ന സംഗീതം എന്നിവയ്ക്ക് ചിത്രത്തിൽ പ്രധാന്യം നൽകുമെന്നാണ് റിപ്പോർട്ടുകൾ.
ചിത്രത്തിന്റെ ഔദ്യോഗിക പ്രഖ്യാപനത്തിനായി പ്രത്യേക ഗ്ലിംപ്‌സ് വീഡിയോയും അണിയറപ്രവർത്തകർ ഒരുക്കുന്നുണ്ട്. ഉടൻ തന്നെ ഇത് പുറത്തിറക്കി ചിത്രത്തെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്തുവിടുമെന്നാണ് സൂചന. 2026 ഡിസംബറിൽ ചിത്രത്തിന്റെ ഷൂട്ടിങ് ആരംഭിക്കാനാണ് തീരുമാനം.
ശ്രദ്ധേയനായ സംവിധായകൻ, പുതിയ നായികാനായക ജോഡി, ശക്തമായ നിർമാണ പിന്തുണ എന്നിവയോടെയാണ് നാഗചൈതന്യയുടെ കരിയറിലെ നാഴികക്കല്ലാകുന്ന ചിത്രം ഒരുങ്ങുക. തെലുങ്ക് സിനിമയിൽ അടുത്തിടെ പ്രഖ്യാപിക്കപ്പെട്ട ചിത്രങ്ങളിൽ ഏറെ പ്രതീക്ഷയുണർത്തുന്ന പ്രോജക്ടുകളിലൊന്നായി നാഗ ചൈതന്യയുടെ 25-ാം ചിത്രം മാറുമോ എന്നാണ് ഇനി അറിയാനുള്ളത്.