

തെലുങ്ക് സിനിമയിലെ ശ്രദ്ധേയനായ നടൻ വിജയ് ദേവരകൊണ്ടയും സംവിധായകൻ ശൗരുവും ഒന്നിക്കുന്ന പുതിയ ചിത്രം പ്രഖ്യാപിച്ചു. ഇതുവരെ കണ്ടിട്ടില്ലാത്ത വമ്പൻ അവതാരത്തിലാണ് വിജയ് ദേവരകൊണ്ട ഈ ചിത്രത്തിലൂടെ എത്തുന്നത്. പ്രഖ്യാപന പോസ്റ്ററിൽ വിജയ് ദേവരകൊണ്ട നാല് നായകളെ മെറ്റൽ ചെയിനുകളിൽ പിടിച്ച് മുന്നോട്ട് നടക്കുന്നതായി കാണാം. അദ്ദേഹത്തിന്റെ പിന്നിൽ കലയുടെ യോദ്ധാക്കളെ പോലെ നിൽക്കുന്ന ആറേഴുപേർ കൂടിയുണ്ട്.
ഇവർ സാധാരണ ആളുകൾ അല്ല, ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള സൃഷ്ടിപരവും സാങ്കേതികവുമായ മികവുകൾ ഒന്നിച്ചുകൂടിയ 'ഡ്രീം കളക്ടീവ്'. ചിത്രത്തിന്റെ അണിയറപ്രവർത്തകർ. ഈ സിനിമയിലേക്ക് ഇവർ ഓരോരുത്തരും സൂക്ഷ്മമായി തെരഞ്ഞെടുക്കപ്പെട്ടവർ, ഓരോരുത്തരും നിർണായക പങ്കുവഹിക്കുന്നവർ. അവരോരുത്തരും ശക്തമായ സാന്നിധ്യങ്ങളാണ് ഈ ചിത്രത്തിൽ.
ഈ ചിത്രത്തിന്റെ ഏറ്റവും വലിയ പ്രത്യേകത പോസ്റ്ററിൽ കാണുന്ന ലോകോത്തരനിലവാരത്തിലുള്ള സാങ്കേതിക സംഘമാണ്: ഹൗസ് ഓഫ് ദി ഡ്രാഗൺ, ഫാൾ ഔട്ട് പോലുള്ള അന്താരാഷ്ട്ര പ്രൊഡക്ഷനുകളിൽ പ്രവർത്തിച്ച അലെജാന്ദ്രോ മാർട്ടിനസ് ആണ് ചിത്രത്തിന്റ ഛായാഗ്രഹണം നിർവഹിക്കുന്നത്. അനിമൽ, ഓം ശാന്തി ഓം എന്നിവയിലെ ഭംഗിയാർന്ന ലോകങ്ങൾ സൃഷ്ടിച്ച സുരേഷ് സെൽവരാജ് ആണ് ആർട്ട് ഡയറക്ഷൻ.
ഗോഡ്സ് ഓഫ് ഈജിപ്റ്റ്, ബാറ്റ്മാൻ ഫോറെവർ, സ്നോ പിയേഴ്സർ തുടങ്ങിയ ചിത്രങ്ങൾ ഒരുക്കിയ എറിക് ഡർസ്റ്റ് ആണ് വിഷ്വൽ എഫക്ട്സ് കൈകാര്യം ചെയ്യുന്നത്. ആത്മാവിനെ സ്പർശിക്കുന്ന സംഗീതത്തിനായി അറിയപ്പെടുന്ന കംപോസർ,മലയാളി കൂടിയായ ഹിഷാം അബ്ദുൽ വഹാബ് സംഗീത സംവിധാനം. പ്രവീൺ ആന്റണി എഡിറ്റിങ്ങും സച്ചിൻ ലോവലേക്കർ വസ്ത്രാലങ്കാരവും നിർവഹിക്കുന്നു. ശൗരു, തന്റെ ആദ്യ ചിത്രം 'ഹായ് നാനാ' വഴി പ്രേക്ഷക ഹൃദയങ്ങൾ കീഴടക്കിയ ശേഷമാണ് ഇപ്പോൾ കൂടുതൽ വലുതും ആഴമുള്ളതുമായ കഥയുമായെത്തുന്നത്.
ഈ പോസ്റ്റർ ഒരു സാധാരണ പ്രഖ്യാപനം മാത്രമല്ല അതിനപ്പുറം പ്രഗത്ഭരായ എല്ലാവരും ഒന്നിച്ചെത്തുമ്പോൾ മാത്രമേ സാധ്യമാകുന്ന ഒരു വലിയ സിനിമാറ്റിക് അനുഭവത്തിന്റെ സൂചനയാണ്. ടീം പുറത്തിറക്കിയ 'അത് ഒരു ഗർജനമാണ്' എന്ന തീം ഗാനം ജീവിതത്തിലെ വെല്ലുവിളികളെ നേരിടുന്ന മനുഷ്യന്റെ ആത്മവിശ്വാസവും അതിജീവനശേഷിയും അവതരിപ്പിക്കുന്നു. വേദനയും പരാജയങ്ങളും ഉണ്ടായാലും പിന്നോട്ട് പോകാതെ മുന്നോട്ട് പോകാനുള്ള മനസ്സ് തന്നെയാണ് യഥാർത്ഥ ശക്തി എന്ന് ഈ ഗാനം പറയുന്നു. പ്രശസ്തിയോ അംഗീകാരമോ ഇല്ലാതിരുന്നാലും, കൈവിടാതെ മുന്നേറുന്നതാണ് ഓരോരുത്തരുടെയും യഥാർത്ഥ ഗർജനം.
ചിത്രം സമാന്തരമായ മിത്തോളജിക്കൽ ലോകത്തിലാണ് ഒരുക്കുന്നത്. പൗരാണികതയുടെ സ്പർശമുള്ളതായിട്ടും പൂർണ്ണമായും സങ്കല്പാത്മകമായ ഒരു ലോകം. പരിചിതമായതും അതേ സമയം പൂർണ്ണമായും പുതുമയുള്ളതുമായ ഒരു സിനിമാറ്റിക് അനുഭവം. പിആർഒ : പ്രതീഷ് ശേഖർ.