

വിവാഹിതരായതിനു തൊട്ടുപിന്നാലെ, തങ്ങളുടെ സന്തോഷം ആരാധകരിലേക്ക് എത്തിച്ച് ടോളിവുഡിന്റെ പ്രിയജോഡികളായ വിജയ് ദേവരകൊണ്ടയും രശ്മിക മന്ദാനയും. ഹൈദരാബാദിലെ തിരുമല തിരുപ്പതി ദേവസ്ഥാനം ക്ഷേത്രത്തിനു പുറത്ത് മധുരം വിതരണം ചെയ്യുന്ന വീഡിയോ ഇരുവരും പങ്കുവച്ചു.
'ഞങ്ങള്‍ ജീവിതം തുടങ്ങുമ്പോള്‍ ഹൃദയം നിറഞ്ഞിരിക്കുന്നു. നിങ്ങളുടെ സ്‌നേഹമാണ് ഇന്നു ഞങ്ങള്‍ ആരാണെന്ന് നിര്‍വചിക്കുന്നത്. മധുരം പങ്കിട്ട് ഈ ദിവസം നിങ്ങളോടൊപ്പം ആഘോഷിക്കുന്നതില്‍ ഞങ്ങള്‍ക്ക് വലിയ സന്തോഷമുണ്ട്.' -ദമ്പതികള്‍ സോഷ്യല്‍ മീഡിയയില്‍ കുറിച്ചു.
ഹൈദരാബാദില്‍ മാത്രം ഒതുങ്ങാതെ ഡല്‍ഹി, മുംബൈ, കൊച്ചി, ബംഗളൂരു തുടങ്ങി ഇന്ത്യയിലെ പ്രമുഖ നഗരങ്ങളിലെല്ലാം ആഘോഷത്തിന്റെ ഭാഗമായി അന്നദാനവും മധുരവിതരണവും നടന്നു. മധുരപലഹാരവിതരണം നടക്കുന്ന സ്ഥലങ്ങളുടെയും അന്നദാനം നടക്കുന്ന ക്ഷേത്രങ്ങളുടെയും പേരുവിവരം വിജയ് ദേവരകൊണ്ട ഫേസ്ബുക്കിൽ പങ്കുവച്ചു.
ഫെബ്രുവരി 26-ന് ഉദയ്പുരിലെ ഐടിസി മെമെന്റോസില്‍ നടന്ന പ്രൗഢഗംഭീരമായ ചടങ്ങിലായിരുന്നു ഇരുവരും ഒന്നായത്. വൈവിധ്യമാര്‍ന്ന ആചാരങ്ങളോടെയായിരുന്നു വിവാഹ ആഘോഷങ്ങള്‍. തെന്നിന്ത്യന്‍ സിനിമാ ലോകം സാക്ഷ്യം വഹിച്ച മനോഹരമായ ചടങ്ങുകളില്‍ ഒന്നായി മാറി താരവിവാഹം.
വിവാഹശേഷം തെലങ്കാനയിലെ തുംമനപേട്ടയിലുള്ള പുതിയ വസതിയിലേക്കു താരങ്ങള്‍ താമസം മാറി. ഗൃഹപ്രവേശത്തോടനുബന്ധിച്ചു നടത്തിയ സത്യനാരായണവ്രതം പൂജയില്‍ ദേവരകൊണ്ടയുടെ സഹോദരന്‍ ആനന്ദ് ദേവരകൊണ്ടയും രശ്മികയുടെ സഹോദരി ഷിമാന്‍ മന്ദാനയും അടുത്ത ബന്ധുക്കളും പങ്കെടുത്തു. തികച്ചും ലളിതവും ഭക്തിസാന്ദ്രവുമായ ചടങ്ങുകളുടെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ഇതിനോടകം വൈറലാണ്.