

മലയാളി പ്രേക്ഷകര്‍ക്കും പ്രിയങ്കരരായ വിജയ് ദേവരകൊണ്ടയും രശ്മിക മന്ദാനയും വിവാഹിതരായ വാര്‍ത്തയ്ക്കു പിന്നാലെ, ഇരുവരുടെയും ഹണിമൂണ്‍ ചിത്രങ്ങളാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നത്. ഉദയ്പുരില്‍ ഫെബ്രുവരി 26-ന് ആയിരുന്നു ആരാധകര്‍ കാത്തിരുന്ന ആ താരവിവാഹം.
തായ്‌ലന്‍ഡിലെ കോ സമുയിയാണു താരങ്ങള്‍ ഹണിമൂണിനായി തെരഞ്ഞെടുത്തത്. ആഡംബര റിസോര്‍ട്ടുകള്‍ ഒഴിവാക്കി, കടല്‍ത്തീരത്തോട് ചേര്‍ന്നുള്ള മനോഹരമായ ഒരു സ്വകാര്യ വില്ലയിലാണ് ഇരുവരും സമയം ചെലവഴിക്കുന്നത്. പച്ചപ്പും പ്രകൃതിഭംഗിയും നിറഞ്ഞ പശ്ചാത്തലത്തില്‍, കാഷ്വല്‍ വസ്ത്രങ്ങളില്‍ പരസ്പരം നോക്കി നില്‍ക്കുന്ന ഇരുവരുടെയും ചിത്രം ആരാധകരുടെ മനസുകീഴടക്കി. തങ്ങളുടെ വ്യക്തിത്വത്തിന് അനുയോജ്യമായ രീതിയില്‍ ലളിതവും എന്നാല്‍ ഹൃദ്യവുമായ അന്തരീക്ഷമാണ് ഇരുവരും തെരഞ്ഞെടുത്തതെന്ന് അടുത്ത വൃത്തങ്ങള്‍ സൂചിപ്പിക്കുന്നു.
വിവാഹത്തിനു പിന്നാലെ മാര്‍ച്ച് നാലിന് ഹൈദരാബാദില്‍ സുഹൃത്തുക്കള്‍ക്കായി വമ്പന്‍ റിസപ്ഷന്‍ ഒരുക്കിയിരുന്നു. എന്നാല്‍ തങ്ങളുടെ സന്തോഷം ആരാധകരുമായി പങ്കുവയ്ക്കാന്‍ വ്യത്യസ്തമായ വഴിയാണ് താരജോഡികള്‍ തെരഞ്ഞെടുത്തത്.'ഇന്ത്യയിലെ എല്ലാ ആഘോഷങ്ങളും മധുരപലഹാരങ്ങള്‍ക്കൊപ്പമാണ്. അതുകൊണ്ട് ഞങ്ങളുടെ വിവാഹവും നിങ്ങള്‍ക്കൊപ്പം ആഘോഷിക്കാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നു...' എന്ന് കുറിച്ചുകൊണ്ട് മാര്‍ച്ച് ഒന്നിന് രാജ്യം മുഴുവന്‍ മധുരപലഹാരങ്ങള്‍ വിതരണം ചെയ്തു.
ഹൈദ്രാബാദ്, കൊച്ചി, ബംഗളൂരു, ചെന്നൈ, മുംബൈ, ഡല്‍ഹി തുടങ്ങി നിരവധി നഗരങ്ങളില്‍ ട്രക്കുകളിലായി മധുരപലഹാരങ്ങള്‍ എത്തിച്ചതിനൊപ്പം വിവിധ ക്ഷേത്രങ്ങളില്‍ അന്നദാനവും ഇവര്‍ നടത്തി. തങ്ങളുടെ വളര്‍ച്ചയില്‍ എന്നും കൂടെ നിന്ന ആരാധകര്‍ക്കുള്ള സ്‌നേഹസമ്മാനമാണു താരങ്ങള്‍ നല്‍കിയത്.