

മലയാളത്തില്‍ 200 കോടി കടന്ന് മുന്നേറുന്ന 'വാഴ 2: ബയോപിക് ഓഫ് എ ബില്യണ്‍ ബ്രോസ്' തെലുങ്ക് പതിപ്പിന്റെ ട്രെയിലര്‍ സൂപ്പര്‍താരം നാനി പുറത്തിറക്കി. ലോകമെമ്പാടും മികച്ച പ്രതികരണം നേടുന്ന ചിത്രത്തിന് നാനി അഭിനന്ദനങ്ങള്‍ അറിയിച്ചു. സാഹു ഗാരപാട്ടിയുടെ 'ഷൈന്‍ സ്‌ക്രീന്‍സ്' ആണ് ചിത്രം തെലുങ്കില്‍ വിതരണത്തിനെത്തിക്കുന്നത്. ഏപ്രില്‍ 24 വെള്ളിയാഴ്ചയാണു ചിത്രം തെലുങ്കില്‍ റിലീസ് ചെയ്യുന്നത്.
മലയാളത്തില്‍ 200 കോടി ക്ലബ്ബ് എന്ന നാഴികക്കല്ല് പിന്നിടുന്ന അഞ്ചാമത്തെ മലയാള സിനിമയാണിത്. ഇന്ത്യയില്‍നിന്നു മാത്രം ചിത്രം ഇതുവരെ 127.42 കോടി രൂപയിലധികം ഗ്രോസ് കളക്ഷന്‍ നേടിയിട്ടുണ്ട്. സാക്‌നില്‍ക്കിന്റെ റിപ്പോര്‍ട്ടുകള്‍ പ്രകാരം, മലയാളത്തിലെ ഏറ്റവും വലിയ വിജയമായ 'ലോക: ചാപ്റ്റര്‍ 1 ചന്ദ്ര'യുടെ റെക്കോര്‍ഡ് മറികടക്കാന്‍ വാഴ 2 വിന് സാധിക്കുമെന്നാണ് വിലയിരുത്തല്‍.
ഹാഷിര്‍, അലന്‍, വിനായക്, അജിന്‍ തുടങ്ങിയ സോഷ്യല്‍ മീഡിയ താരങ്ങളാണു ചിത്രത്തിലെ പ്രധാന വേഷങ്ങള്‍ കൈകാര്യം ചെയ്തിരിക്കുന്നത്. പ്രമുഖ താരങ്ങളുടെ സാന്നിധ്യമില്ലാതെ തന്നെ ഇത്രയും വലിയ വിജയം നേടാനായത് മലയാള സിനിമയിലെ വലിയൊരു മാറ്റമായാണ് വിലയിരുത്തപ്പെടുന്നത്. വിപിന്‍ ദാസിന്റെ തിരക്കഥയില്‍ സവിന്‍ സ ആണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. വിജയ് ബാബു, ബിജുക്കുട്ടന്‍, അല്‍ഫോണ്‍സ് പുത്രന്‍, അജു വര്‍ഗീസ് തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നുണ്ട്.