

മലയാള സിനിമയിലെ കളക്ഷന്‍ റെക്കോഡുകള്‍ തിരുത്തിക്കുറിച്ചുകൊണ്ട് 'വാഴ 2: ബയോപിക് ഓഫ് എ ബില്യണ്‍ ബ്രോസ്' മുന്നേറുന്നു. റിലീസ് ചെയ്ത് വെറും 15 ദിവസങ്ങള്‍ക്കുള്ളില്‍ കേരളത്തില്‍നിന്നു മാത്രം 100 കോടി രൂപ കളക്ഷന്‍ നേടിയതായി നിര്‍മാതാക്കള്‍ ഔദ്യോഗികമായി അറിയിച്ചു. ഏപ്രില്‍ രണ്ടിന് തിയറ്ററുകളിലെത്തിയ ചിത്രം, അതിവേഗം 100 കോടി തികയ്ക്കുന്ന മലയാള സിനിമ എന്ന റെക്കോര്‍ഡും ഇതോടെ സ്വന്തമാക്കി.
മോഹന്‍ലാല്‍ ചിത്രം 'തുടരും' (19 ദിവസം), കല്യാണി പ്രിയദര്‍ശന്റെ 'ലോക ചാപ്റ്റര്‍ 1: ചന്ദ്ര' (24 ദിവസം) എന്നീ സിനിമകളുടെ റെക്കോഡുകളാണ് 'വാഴ 2' തകര്‍ത്തത്. സൂപ്പര്‍താര നിരയില്ലാതെ, സോഷ്യല്‍ മീഡിയയിലൂടെ ശ്രദ്ധേയരായ ഹാഷിര്‍, അലന്‍, വിനായക്, അജിന്‍ തുടങ്ങിയവര്‍ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിച്ച സിനിമയുടെ ഈ നേട്ടം സിനിമാ ലോകത്തെ അമ്പരപ്പിച്ചിരിക്കുകയാണ്.
വിപിന്‍ ദാസിന്റെ തിരക്കഥയില്‍ സവിന്‍ സാ സംവിധാനം ചെയ്ത ചിത്രം യുവാക്കളുടെയും കുടുംബപ്രേക്ഷകരുടെയും വലിയ പിന്തുണയോടെയാണ് പ്രദര്‍ശനം തുടരുന്നത്. ആദ്യ ഭാഗമായ 'വാഴ: ബയോപിക് ഓഫ് എ ബില്യണ്‍ ബോയ്‌സി'ന്റെ തുടര്‍ച്ചയല്ലെങ്കിലും, യുവാക്കളുടെ ജീവിതസാഹചര്യങ്ങളും സാമൂഹിക സമ്മര്‍ദങ്ങളും പ്രമേയമാക്കുന്ന അതേശൈലി തന്നെയാണ് രണ്ടാം ഭാഗത്തിലും പിന്തുടരുന്നത്.
കേരളത്തിനു പുറമെ ആഗോളതലത്തിലും മികച്ച പ്രതികരണം നേടുന്ന ചിത്രത്തിന്റെ തെലുങ്ക് പതിപ്പ് ഏപ്രില്‍ 24-ന് തിയറ്ററുകളിലെത്തും. 'വാഴ 2' വന്‍ വിജയമായതോടെ ഫ്രാഞ്ചൈസിയിലെ മൂന്നാം ഭാഗമായ 'വാഴ 3: ബയോപിക് ഓഫ് എ ബില്യണ്‍ ഗേള്‍സും' അണിയറപ്രവര്‍ത്തകര്‍ പ്രഖ്യാപിച്ചു. പെണ്‍കുട്ടികളുടെ കഥ പറയുന്ന മൂന്നാം ഭാഗത്തിന്റെ ചിത്രീകരണം അടുത്ത വര്‍ഷം ആരംഭിക്കും.