

വന്‍താരനിരയില്ലാതെ, ബോക്‌സ് ഓഫീസിനെ അമ്പരപ്പിക്കുകയാണ് 'വാഴ 2: ബയോപിക് ഓഫ് എ ബില്യണ്‍ ബ്രോസ്'. റിലീസ് ചെയ്ത് വെറും നാലു ദിവസം പിന്നിടുമ്പോള്‍ ചിത്രം ആഗോളതലത്തില്‍ ചിത്രം അറുപതു കോടിയോളം നേടിയതായി നിര്‍മാതാക്കള്‍ അറിയിച്ചു. സൂപ്പര്‍താര ചിത്രങ്ങള്‍ക്കു മാത്രം ലഭിക്കാറുള്ള നേട്ടം സോഷ്യല്‍ മീഡിയയിലൂടെ ശ്രദ്ധേയരായ ഒരുകൂട്ടം യുവാക്കള്‍ സ്വന്തമാക്കിയത് മലയാള സിനിമാലോകത്തെ അമ്പരപ്പിച്ചിരിക്കുകയാണ്.
ഹാഷിര്‍, അലന്‍, വിനായക്, അജിന്‍ എന്നീ സോഷ്യല്‍ മീഡിയ ഇന്‍ഫ്ലുവന്‍സേഴ്‌സിന്റെ ജനപ്രീതിയാണ് ചിത്രത്തിന്റെ വന്‍ മുന്നേറ്റത്തിനു പിന്നില്‍. കേരളത്തില്‍നിന്നുമാത്രം നാല് ദിവസം കൊണ്ട് 27.45 കോടി രൂപയാണ് ചിത്രം നേടിയത്. ഞായറാഴ്ച മാത്രം കേരളത്തില്‍നിന്ന് 8.45 കോടി രൂപ സമാഹരിച്ചതോടെ, മോഹന്‍ലാല്‍ ചിത്രമല്ലാതെ ഒരു ദിവസം എട്ടു കോടിയിലധികം നേടുന്ന ആദ്യ മലയാള ചിത്രം എന്ന റെക്കോര്‍ഡും 'വാഴ 2' സ്വന്തമാക്കി. രജനികാന്ത്, വിജയ്, മോഹന്‍ലാല്‍ തുടങ്ങിയ വമ്പന്മാരുടെ റെക്കോര്‍ഡുകള്‍ക്കൊപ്പമാണ് യുവാക്കളുടെ ചിത്രം ഇടംപിടിച്ചിരിക്കുന്നത്.
വിപിന്‍ ദാസിന്റെ തിരക്കഥയില്‍ സവിന്‍ എസ്എ സംവിധാനം ചെയ്ത ചിത്രം, അതിന്റെ ആദ്യ ഭാഗമായ 'വാഴ: ബയോപിക് ഓഫ് എ ബില്യണ്‍ ബോയ്സ്' നേടിയ ആകെ കളക്ഷനെ വെറും മൂന്നു ദിവസം കൊണ്ടു മറികടന്നു. തിങ്കളാഴ്ചത്തെ കളക്ഷന്‍ ആദ്യ ദിനത്തേക്കാള്‍ കൂടുതലാകുന്ന അപൂര്‍വതയ്ക്കും ചിത്രം സാക്ഷ്യം വഹിച്ചു. വിദേശവിപണിയിലും മികച്ച പ്രതികരണമാണു ലഭിക്കുന്നത്. ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നടക്കം 37 കോടിയോളം രൂപ ചിത്രം നേടി.
യുവതലമുറയുടെ വലിയ പിന്തുണയും മികച്ച അഭിപ്രായങ്ങളും ചിത്രത്തിനു വലിയ കരുത്താകുന്നു. വരും ദിവസങ്ങളിലും ഇതേ ട്രെന്‍ഡ് തുടരുകയാണെങ്കില്‍ ചിത്രം അനായാസം 100 കോടി ക്ലബ്ബില്‍ ഇടംപിടിക്കുമെന്നാണ് ട്രേഡ് അനലിസ്റ്റുകളുടെ വിലയിരുത്തല്‍.