

നടിമാരുടെ വസ്ത്രധാരണത്തെക്കുറിച്ച് വിവാദ പരാമര്‍ശം നടത്തി പുലിവാലുപിടിച്ച തെലുങ്ക് നടന്‍ ശിവാജി ഒടുവില്‍ മാപ്പു പറഞ്ഞു. ധന്‍ഡോറ എന്ന സിനിമയുടെ പ്രീ-റിലീസ് പരിപാടിയില്‍ സ്ത്രീകളുടെ വസ്ത്രധാരണത്തെക്കുറിച്ച് നടത്തിയ പരാമര്‍ശത്തിനെതിരെ വ്യാപക പ്രതിഷേധം ഉയര്‍ന്നിരുന്നു. നടന്റെ പരാമര്‍ശങ്ങൾക്കെതിരേ സോഷ്യല്‍ മീഡിയ ഉപയോക്താക്കളില്‍നിന്നും സിനിമാമേഖലയില്‍നിന്നും ശക്തമായ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു.
തുടർന്ന് വീഡിയോ സന്ദേശത്തിലൂടെയാണ് ശിവാജി ഖേദപ്രകടനം നടത്തിയത്. അദ്ദേഹം എക്‌സില്‍ ഇങ്ങനെ കുറിച്ചു: ഞാന്‍ ഉപയോഗിക്കാന്‍ പാടില്ലാത്ത വാക്കുകള്‍ ഉപയോഗിച്ചു. എല്ലാ സ്ത്രീകളെയും കുറിച്ചല്ല ഞാന്‍ സംസാരിച്ചത്. ശ്രദ്ധാപൂര്‍വം വസ്ത്രം ധരിച്ചാല്‍ നടിമാര്‍ക്ക് അസ്വസ്ഥത തോന്നില്ലായിരിക്കാം എന്നു മാത്രമാണ് ഞാന്‍ പറഞ്ഞത്. ആരെയും താഴ്ത്തിക്കെട്ടുക എന്ന ഉദ്ദേശ്യത്തോടെയല്ല ഇത് ചെയ്തത്. പക്ഷേ അത്തരം വാക്കുകള്‍ ഉപയോഗിച്ചതില്‍ ആത്മാര്‍ഥമായി ക്ഷമ ചോദിക്കുന്നു.
ശിവാജിയുടെ പരാമര്‍ശത്തില്‍ ആദ്യം പ്രതിഷേധവുമായി എത്തിയത്, ഗായിക ചിന്മയി ശ്രീപാദയാണ്. തുടര്‍ന്ന് നിരവധി സെലിബ്രിറ്റികള്‍ വിമര്‍ശനവുമായി എത്തി. ചലച്ചിത്ര നിര്‍മാതാവ് രാം ഗോപാല്‍ വര്‍മ, നടന്‍ ലക്ഷ്മി മഞ്ചു, മഞ്ചു മനോജ്, അനസൂയ ഭരദ്വാജ് എന്നിവര്‍ പരസ്യമായി പ്രതികരിച്ചവരില്‍ ഉള്‍പ്പെടുന്നു. പലരും വ്യക്തിസ്വാതന്ത്ര്യം, ബഹുമാനം, സ്ത്രീകള്‍ക്ക് മേല്‍ പരപരമ്പരാഗത മാനദണ്ഡങ്ങള്‍ അടിച്ചേല്‍പ്പിക്കുന്നത് അവസാനിപ്പിക്കേണ്ടതിന്റെ ആവശ്യകത എന്നിവയെക്കുറിച്ചാണ് സംസാരിച്ചത്.
ചിത്രത്തിന്റെ പ്രൊമോഷനല്‍ പരിപാടിയില്‍ ഉപദേശരൂപേണ എന്ന മട്ടിലാണ് നായികമാരെ അധിക്ഷേപിക്കുന്ന വാക്കുകള്‍ നടന്‍ ഉപയോഗിച്ചത്. 'നായികമാര്‍ നഗ്നത പ്രദര്‍ശിപ്പിക്കുന്ന തരത്തിലുള്ള വസ്ത്രങ്ങള്‍ ധരിക്കരുതെന്ന് ഞാന്‍ അഭ്യര്‍ഥിക്കുന്നു. ദയവായി സാരിയോ ശരീരം മുഴുവനായും മറയ്ക്കുന്ന വസ്ത്രങ്ങളോ ധരിക്കുക. സൗന്ദര്യം ശരീരം മറയ്ക്കുന്ന വസ്ത്രധാരണത്തിലോ, സാരിയിലോ ആണ്. ശാരീരം പ്രദര്‍ശിപ്പിക്കുന്നതിലല്ല.'-ഇതായിരുന്നു ശിവാജിയുടെ വിവാദ പരാമർശം.
മിസമ്മ, സത്യഭാമ, കോർട്ട് - സ്റ്റേറ്റ് V/S എ നോബഡി എന്നീ ചിത്രങ്ങളിലൂടെയും ബിഗ് ബോസ് തെലുങ്ക്- 7ലൂടെയും പ്രശസ്തനായ താരമാണ് ശിവാജി.