

ബോക്‌സ് ഓഫീസില്‍ തരംഗം സൃഷ്ടിച്ച മുന്നേറ്റത്തിനു പിന്നാലെ 'കറുപ്പി'ന്റെ വിജയമാഘോഷിക്കുകയാണ് നടന്‍ സൂര്യ. ആര്‍.ജെ. ബാലാജി സംവിധാനം ചെയ്ത് സൂര്യ, തൃഷ തുടങ്ങിയവര്‍ പ്രധാന വേഷങ്ങളിലെത്തിയ ചിത്രം തമിഴിലും തെലുങ്കിലും (വീരഭദ്രുഡു) മികച്ച പ്രതികരണമാണു നേടുന്നത്. ചിത്രത്തിന്റെ വിജയത്തിനു പിന്നാലെ സോഷ്യല്‍ മീഡിയയില്‍ ആരാധകര്‍ക്കും സുഹൃത്തുക്കള്‍ക്കും മറുപടി നല്‍കുന്ന തിരക്കിലാണു സൂര്യ.
ഇതിനിടയില്‍ സൂര്യയ്ക്ക് ആശംസകളുമായി എത്തിയ തെലുങ്ക് താരം വിജയ് ദേവരകൊണ്ടയുടെ പോസ്റ്റും അതിന് സൂര്യ നല്‍കിയ മറുപടിയുമാണ് ഇപ്പോള്‍ തരംഗമാകുന്നത്- 'സൂര്യ അണ്ണന്റെ 'കറുപ്പ്' തമിഴിലും 'വീരഭദ്രുഡു' എന്ന പേരില്‍ തെലുങ്കിലും നേടുന്ന വന്‍ വിജയത്തില്‍ അഭിമാനം. തിയറ്ററുകളിലെ ആവേശം കാണുമ്പോള്‍ വലിയ സന്തോഷം തോന്നുന്നു. അണ്ണന് ഒരടിപൊളി അവധിക്കാലം ആശംസിക്കുന്നു. ഒപ്പം സംവിധായകന്‍ ആര്‍.ജെ. ബാലാജിക്കും പ്രിയപ്പെട്ട തൃഷയ്ക്കും അഭിനന്ദനങ്ങള്‍'- വിജയ് ദേവരകൊണ്ട സോഷ്യല്‍ മീഡിയയില്‍ കുറിച്ചു.
വിജയ് യുടെ പോസ്റ്റിനു മറുപടിയായി ചിത്രത്തിലെ തന്നെ പ്രശസ്തമായ ഡയലോഗ് കടമെടുത്തുകൊണ്ട് 'ഇതെല്ലാം ഞങ്ങളുടെ പ്രിയപ്പെട്ട ആരാധകര്‍ക്ക് വേണ്ടിയാണ് ' എന്ന് സൂര്യ മറുപടി നല്‍കി. ഒപ്പം ഒരു രസകരമായ ചോദ്യവും താരം മുന്നോട്ടുവച്ചു: 'അതൊക്കെ പോട്ടെ, മികച്ച ഹോളിഡേ സ്‌പോട്ട് ഏതാണ്..?'
സൂര്യയുടെ ചോദ്യത്തിനു കൃത്യമായ രാഷ്ട്രീയ-സാമൂഹിക പശ്ചാത്തലം ചേര്‍ത്തുവച്ചാണ് വിജയ് മറുപടി നല്‍കിയത്. പശ്ചിമേഷ്യയിലെ നിലവിലെ സാഹചര്യങ്ങള്‍ കണക്കിലെടുത്ത് വിദേശയാത്രകള്‍ ഒഴിവാക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി അടുത്തിടെ ജനങ്ങളോട് അഭ്യര്‍ഥിച്ചിരുന്നു. ഇതു ചൂണ്ടിക്കാണിച്ചു വിജയ് കുറിച്ചു: 'വിദേശത്തേക്ക് പോകരുതെന്ന് പ്രധാനമന്ത്രി എല്ലാവരോടും ആവശ്യപ്പെട്ടിട്ടുണ്ട്. അതുകൊണ്ട് സമാധാനപരമായി സമയം ചിലവഴിക്കാന്‍ പറ്റിയ ചില ഇന്ത്യന്‍ വിനോദസഞ്ചാര കേന്ദ്രങ്ങളുടെ ലിസ്റ്റ് ഞാന്‍ വാട്‌സാപില്‍ അയയ്ക്കാം അണ്ണാ...'
പ്രധാനമന്ത്രി മോദിയോട് അടുത്ത വ്യക്തിബന്ധം പുലര്‍ത്തുന്ന താരമാണ് വിജയ് ദേവരകൊണ്ട. വിവാഹശേഷം അദ്ദേഹവും ഭാര്യ രശ്മിക മന്ദാനയും പ്രധാനമന്ത്രിയെ നേരിട്ടു കണ്ടിരുന്നു. ചിത്രത്തിന്റെ വിജയത്തിനു പിന്നാലെ സഹോദരന്‍ കാര്‍ത്തിയുമായി സൂര്യ നടത്തിയ ട്വിറ്റര്‍ സംവാദവും ആരാധകര്‍ ഏറ്റെടുത്തിരിക്കുകയാണ്. ചിത്രത്തെ പ്രശംസിച്ച് കാര്‍ത്തി പങ്കുവച്ച പോസ്റ്റില്‍ തന്റെ പേര് പരാമര്‍ശിച്ചില്ലെന്ന് സൂര്യ തമാശയായി പറഞ്ഞു. ഇതിനു മറുപടിയായി 'അതൊക്കെ അവിടെയുണ്ട്, കറുപ്പാാാ...' എന്ന് കഥാപാത്രത്തിന്റെ പേര് വിളിച്ച് കാര്‍ത്തി മറുപടി നല്‍കി. ഏതായാലും ബോക്‌സ് ഓഫീസ് വിജയത്തിനൊപ്പം സോഷ്യല്‍ മീഡിയയിലെ തമാശകളും കോളിവുഡിനു പുറത്തേക്കും വൈറലാകുകയാണ്.