

ആരാധകരെയും തിയേറ്റര്‍ ഉടമകളെയും ഒരുപോലെ ആശങ്കയിലാഴ്ത്തി റിലീസ് തിയതി നീണ്ടുപോയ ചിത്രമായിരുന്നു 'കറുപ്പ്'. എന്നാല്‍ ആ അനിശ്ചിതത്വങ്ങള്‍ക്കെല്ലാം തിയറ്ററുകളില്‍ സൂര്യ എന്ന ബോക്‌സ് ഓഫീസ് കിങ് നല്‍കിയ മറുപടി വെറുമൊരു വിജയമായിരുന്നില്ല; മാസ് ഹിറ്റ് തന്നെയാണ്. മെയ് 14-ല്‍ നിന്ന്, ഒരു ദിവസം വൈകി വെള്ളിത്തിരയിലേക്കെത്തിയ ചിത്രം രണ്ടാം ദിനത്തില്‍ മാത്രം ആഗോള ബോക്‌സ് ഓഫീസില്‍നിന്ന് വാരിക്കൂട്ടിയത് 66 കോടി രൂപയാണ്.
വെല്ലുവിളികള്‍ ഏറെയുണ്ടായിട്ടും റിലീസ് ദിനത്തില്‍ ഇന്ത്യയില്‍നിന്നുമാത്രം 15.5 കോടി രൂപയുടെ മാസ് ഓപ്പണിങ്ങാണ് ചിത്രം നേടിയത്. എന്നാല്‍, രണ്ടാം ദിനമായ ശനിയാഴ്ച തിയറ്ററുകളിലേക്ക് പ്രേക്ഷകരുടെ വന്‍ ഒഴുക്കായിരുന്നു അനുഭവപ്പെട്ടത്. റിലീസ് ദിനത്തെക്കാള്‍ വലിയ കുതിപ്പു നടത്തിക്കൊണ്ട് ശനിയാഴ്ച മാത്രം ഇന്ത്യയില്‍നിന്നു ചിത്രം 23.40 കോടി രൂപ സ്വന്തമാക്കി. പ്രേക്ഷകരും നിരൂപകരും ഒരുപോലെ ചിത്രത്തെ ഇരുകൈയും നീട്ടി സ്വീകരിച്ചതോടെ തെന്നിന്ത്യന്‍ സിനിമാലോകം ഇപ്പോള്‍ 'കറുപ്പ്' മയമാണ്.
ചിത്രത്തിന്റെ കണ്ണഞ്ചിപ്പിക്കുന്ന വിജയത്തിനു പിന്നാലെ വൈകാരികമായ കുറിപ്പുമായി സൂപ്പര്‍താരം സൂര്യ തന്നെ രംഗത്തെത്തി. 'ഈ ചിത്രത്തിനു ലഭിക്കുന്ന സ്‌നേഹവും അംഗീകാരവും വിജയവും ഇതിന്റെ പിന്നില്‍ പ്രവര്‍ത്തിച്ച ഓരോരുത്തരുടെയും കഠിനാധ്വാനത്തിനു ലഭിച്ച പ്രതിഫലമാണ്. സംഗീതസംവിധായകന്‍ സായ് അഭ്യങ്കര്‍ ആണ് ചിത്രത്തിന്റെ യഥാര്‍ഥ നട്ടെല്ല്. എനിക്ക് വാഗ്ദാനം ചെയ്തതുപോലെ തന്നെ അസല്‍ ബ്ലോക്ക്ബസ്റ്റര്‍ വിജയം സമ്മാനിക്കാനും, ഒപ്പം പ്രേക്ഷകരുടെ മനസുകീഴടക്കാനും ബാലാജിക്കു കഴിഞ്ഞു'-സംവിധായകനെ പ്രശംസിച്ച് സൂര്യ എക്‌സില്‍ കുറിച്ചു.
ഡ്രീം വാര്യര്‍ പിക്‌ചേഴ്‌സിന്റെ ബാനറില്‍ 140 കോടി ചിലവിട്ട് നിര്‍മിച്ച ബിഗ് ബജറ്റ് ചിത്രം പ്രേക്ഷകര്‍ക്ക് ദൃശ്യവിരുന്നുതന്നെയാണ് സമ്മാനിച്ചത്. ചിത്രത്തില്‍ കറുപ്പുസ്വാമി, ശരവണന്‍ എന്നീ ഇരട്ട വേഷങ്ങളിലാണ് സൂര്യ പകര്‍ന്നാടിയിരിക്കുന്നത്. പ്രീതി എന്ന കരുത്തുറ്റ വക്കീല്‍ കഥാപാത്രമായി തൃഷ സ്‌ക്രീനില്‍ നിറഞ്ഞുനില്‍ക്കുമ്പോള്‍, ബേബി കണ്ണന്‍ എന്ന കഥാപാത്രമായി സംവിധായകന്‍ ആര്‍ജെ. ബാലാജിയും വെള്ളിത്തിരയിലുണ്ട്. മലയാളികളുടെ പ്രിയ താരം ഇന്ദ്രന്‍സിന്റെ സാന്നിധ്യവും ചിത്രത്തിനു തിളക്കമേകുന്നു.
ഞായറാഴ്ചയും അഡ്വാന്‍സ് ബുക്കിങ്ങില്‍ വന്‍ മുന്നേറ്റമാണ് ചിത്രം നടത്തുന്നത്. ആദ്യ വാരന്ത്യം കഴിയുമ്പോള്‍ 'കറുപ്പ്' പല കളക്ഷന്‍ റെക്കോര്‍ഡുകളും തിരുത്തിക്കുറിക്കുമെന്ന് ട്രേഡ് അനലിസ്റ്റുകള്‍ വിലയിരുത്തുന്നു.