അർജുൻ സർജയും മകൾ ഐശ്വര്യയും ഒന്നിക്കുന്ന ‘സീതാ പയനം’ ഫെബ്രുവരി 14ന് തിയേറ്ററുകളിൽ

'സീതാ പയനം' പോസ്റ്ററിൽ നിന്ന്
'സീതാ പയനം' പോസ്റ്ററിൽ നിന്ന്അറേഞ്ച്ഡ്
Published on: 

അഭിനേതാവും സംവിധായകനുമായ അർജുൻ സർജ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് 'സീതാ പയനം'. പുതുവത്സരത്തിന്റെ ഭാഗമായി പുറത്തിറക്കിയ ഫസ്റ്റ് ലുക്ക് പോസ്റ്ററിൽ, ചിത്രം ഫെബ്രുവരി 14 ന് വാലന്റൈൻസ് ഡേ ദിനത്തിൽ തിയേറ്ററുകളിലെത്തുമെന്ന് അണിയറ പ്രവർത്തകർ അറിയിച്ചു. ഇതോടൊപ്പം ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന പുതിയ പോസ്റ്ററും പുറത്തിറക്കിയിട്ടുണ്ട്. ചിത്രത്തിന്റെ കേരളാ വിതരണാവകാശം‌ ഗോകുലം ഗോപാലന്റെ ശ്രീ ഗോകുലം മൂവീസാണ് സ്വന്തമാക്കിയത്.

ബഹുഭാഷാ ചിത്രമായി ഒരുങ്ങുന്ന സീതാ പയനത്തിൽ അർജുൻ സർജയുടെ മകളും അഭിനേത്രിയുമായ ഐശ്വര്യ അർജുൻ നായികയായെത്തുന്നു. നിരഞ്ജൻ സുധീന്ദ്രയാണ് ചിത്രത്തിലെ നായകൻ. അച്ഛനും മകളും ഒരുമിച്ച് അഭിനയിക്കുന്ന ചിത്രമെന്ന നിലയിലും സീതാ പയനം ശ്രദ്ധേയമാകുന്നു.

Must Read
'നാദിയ എന്റെ ഏറ്റവും മികച്ച കഥാപാത്രം'- ടോക്‌സിക്കിനെക്കുറിച്ച് കിയാര അദ്വാനി
'സീതാ പയനം' പോസ്റ്ററിൽ നിന്ന്

കന്നഡ ആക്ഷൻ സൂപ്പർ സ്റ്റാർ ധ്രുവ സർജയും ശ്രേദ്ധേയമായ കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ചിത്രത്തിലെ മറ്റു പ്രധാന റോളുകളിൽ പ്രകാശ് രാജ്, സത്യരാജ്, കോവൈ സരള, ബിത്തിരി സതി, സരൺ, സിരി ഹനുമന്ത്, മണി ചന്ദന, സുമിത്ര, പോസാനി കൃഷ്ണ മൂർത്തി, ജബർദസ്ത് ഫണി, നര്ര ശ്രീനു, ഫിഷ് വെങ്കട്ട് തുടങ്ങിയ വലിയ താരനിരയുമുണ്ട്. റൊമാന്റിക് ഡ്രാമയായി ഒരുക്കുന്ന ചിത്രത്തിന്റെ തിരക്കഥയും സംവിധാനവും അർജുൻ സർജ തന്നെയാണ് നിർവഹിച്ചിരിക്കുന്നത്. സംഗീതം- അനൂപ് റൂബൻസ്. ഛായാഗ്രഹണം- ജി. ബാലമുരുകൻ,എഡിറ്റിങ്- അയൂബ് ഖാൻ.

'സീതാപയനം' പോസ്റ്റർ
'സീതാപയനം' പോസ്റ്റർഅറേഞ്ച്ഡ്

പട്ടത്ത് യാനൈ, പ്രേമ ബാരാഹ തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധ നേടിയ ഐശ്വര്യ അർജുൻ, ഏറെ നാളുകൾക്ക് ശേഷം വെള്ളിത്തിരയിൽ തിരിച്ചെത്തുന്ന ചിത്രം എന്ന നിലയിലും സീതാ പയനം ആരാധകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന സിനിമയാണ്. ശ്രീ ഗോകുലം മൂവീസിന്റെ ഒഫീഷ്യൽ ഡിസ്ട്രിബൂഷൻ പാട്ണർ ഡ്രീം ബിഗ് ഫിലിംസ് ചിത്രം കേരളത്തിലെ തിയേറ്ററുകളിലേക്കെത്തിക്കുന്നു. പിആർഒ-പ്രതീഷ് ശേഖർ.