

ഗീതു മോഹന്‍ദാസിന്റെ സംവിധാനത്തിലൊരുങ്ങുന്ന 'ടോക്‌സിക്: എ ഫെയറി ടെയില്‍ ഫോര്‍ ഗ്രോണ്‍ അപ്സ് എന്ന ചിത്രത്തില്‍ ബോളിവുഡ് നടി കിയാര അദ്വാനിയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ കഴിഞ്ഞദിവസം പുറത്തുവിട്ടിരുന്നു. ചിത്രത്തിന്റെ നായകനും കോ പ്രൊഡ്യൂസറുമായ യാഷ് ആണ് കിയാരയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടത്. നാദിയ-എന്നാണ് ചിത്രത്തിലെ കിയാരയുടെ കഥാപാത്രത്തിന്റെ പേര്.
ഇപ്പോള്‍ തന്റെ കഥാപാത്രത്തെക്കുറിച്ച് കിയാര പങ്കുവച്ച വിശേഷങ്ങളാണ് ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്. കിയാര അദ്വാനി ഇന്‍സ്റ്റഗ്രാം സ്റ്റോറിയില്‍ നാദിയയെക്കുറിച്ച് ഒരു കുറിപ്പ് പങ്കിട്ടു: 'എന്റെ കരിയറില്‍ ഇതുവരെ ചെയ്തതില്‍ ഏറ്റവും മികച്ചതും വേറിട്ടുനില്‍ക്കുന്നതുമായ കഥാപാത്രമാണ് ടോക്‌സിക്കിലെ നാദിയ. മാസങ്ങളുടെ കഠിനാധ്വാനം ഈ സിനിമയ്ക്കായി ഞാന്‍ നടത്തി. പ്രിയപ്പെട്ടവര്‍ക്ക് നാദിയയെ തീര്‍ച്ചയായും ഇഷ്ടമാകും...'
ഫസ്റ്റ് ലുക്ക് പോസ്റ്ററില്‍ ഉയര്‍ന്ന സ്ലിറ്റുള്ള, തറയോളം നീളമുള്ള കറുത്ത ഗൗണ്‍ ആണ് കിയാരയുടെ വേഷം. തിളങ്ങുന്ന സ്റ്റേജ് ലൈറ്റുകള്‍ക്ക് കീഴില്‍, സ്വര്‍ണക്കടലാസുകള്‍ വിതറിയ, പ്രകാശമുള്ള വേദിയില്‍ ആത്മവിശ്വാസത്തോടെ 'നാദിയ' നില്‍ക്കുന്നതായി കാണാം. സര്‍ക്കസ് പശ്ചാത്തലത്തിലാണ് പോസ്റ്റര്‍ ഒരുക്കിയിരിക്കുന്നത്.
സാധാരണ ഗ്ലാമർ റോളുകളിൽ നിന്ന് വ്യത്യസ്തമായി പ്രകടനത്തിന് വലിയ സാധ്യത നൽകുന്ന കഥാപാത്രത്തിലേക്കുള്ള കിയാര അദ്വാനിയുടെ നിർണായകമായ ചുവടുവെപ്പായാണ് ഈ കഥാപാത്രം വിലയിരുത്തപ്പെടുന്നത്. ടോക്‌സിക്കിന്റെ സംവിധായിക ഗീതു മോഹൻദാസ് കിയാരയുടെ പ്രകടനത്തെ “ഒരു കലാകാരിയെ തന്നെ പുതുതായി നിർവചിക്കുന്ന തരത്തിലുള്ള പരിവർത്തനം” എന്നാണ് വിശേഷിപ്പിച്ചത്. സിനിമയിലുടനീളം കിയാര സൃഷ്ടിച്ച കഥാപാത്രം അതീവ ശക്തവും ഓർമ്മിക്കപ്പെടുന്നതുമാണെന്നും ഗീതു കൂട്ടിച്ചേർത്തു.
യാഷ്, കിയാര അദ്വാനി എന്നിവര്‍ക്കൊപ്പം ഡാരെല്‍ ഡി സില്‍വ, നയന്‍താര, അക്ഷയ് ഒബ്രോയി, ഹുമ ഖുറേഷി, ബെനഡിക്ട് ഗാരറ്റ്, സുദേവ് നായര്‍, നതാലി ബേണ്‍ തുടങ്ങിയവരും ടോക്‌സിക്കില്‍ പധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. യാഷും ഗീതു മോഹൻദാസും ചേർന്ന് രചിച്ച ടോക്സിക് ഇംഗ്ലീഷിലും കന്നഡയിലും ഒരേസമയം ചിത്രീകരിച്ചിട്ടുണ്ട്, കൂടാതെ ഹിന്ദി, തെലുങ്ക്, തമിഴ്, മലയാളം ഭാഷകളിലും ഡബ്ബ് ചെയ്യപ്പെടും. കെവിഎൻ പ്രൊഡക്ഷൻസിന്റെയും മോൺസ്റ്റർ മൈൻഡ് ക്രിയേഷൻസിന്റെയും കീഴിൽ വെങ്കട്ട് കെ. നാരായണയും യാഷും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.
ഗീതു മോഹന്‍ദാസിന്റെ ഭര്‍ത്താവും പ്രമുഖ കാമറാമാനും സംവിധായകനുമായ രാജീവ് രവിയാണ് ഛായാഗ്രഹണം നിര്‍വഹിച്ചിരിക്കുന്നത്. യാഷിന്റെ കെജിഎഫിന് സംഗീതം പകർന്ന രവി ബസ്രൂർ ആണ് സംഗീതസംവിധായകൻ. എഡിറ്റിങ് ഉജ്വൽ കുൽക്കർണിയാണ്. പ്രൊഡക്ഷന്‍ ഡിസൈനര്‍ ആബിദ് ടി.പി, കലാസംവിധാനം മിത്രരാജ് ചൗധരി, മോഹന്‍ ബി. കെരെ. ജോൺ വിക്കിലൂടെ പ്രശസ്തനായ ഹോളിവുഡ് ആക്ഷൻ ഡയറക്ടർ ജെ.ജെ പെറിയും ദേശീയ അവാർഡ് ജേതാക്കളായ ആക്ഷൻ ഡയറക്ടർമാർ അൻപറിവും ചേർന്നാണ് ചിത്രത്തിലെ ഏറ്റവും പ്രധാനപ്പെട്ട ചില ആക്ഷൻ സീക്വൻസുകൾ ഒരുക്കിയത്. 2026 മാര്‍ച്ച് 19ന് ചിത്രം തിയറ്ററുകളിലെത്തും.