

തെലുങ്ക് സിനിമയിലെ ശ്രദ്ധേയ യുവതാരമായി വളരുകയാണ് സാത്വിക വീരവല്ലി. അരങ്ങേറ്റ ചിത്രമായ 'ആകാശംലോ ഒക താര' തിയേറ്ററുകളിലെത്തും മുമ്പുതന്നെ പ്രമുഖ താരങ്ങൾക്കൊപ്പമുള്ള നിരവധി പ്രോജക്ടുകളിലേക്ക് സാത്വികയ്ക്ക് അവസരം ലഭിക്കുന്നതായാണ് റിപ്പോർട്ടുകൾ. ചിത്രം വെള്ളിയാഴ്ച റിലീസായതോടെ സാത്വികയ്ക്ക് ആരാധകരും ഏറിക്കഴിഞ്ഞു.
നാഗചൈതന്യയ്ക്കൊപ്പമുള്ള സാത്വികയുടെ അടുത്ത ചിത്രം നേരത്തെ പ്രഖ്യാപിച്ചിരുന്നു. ഇതോടെ തെലുങ്കിലെ മറ്റൊരു പ്രമുഖ താരത്തിനൊപ്പവും അഭിനയിക്കാൻ അവസരം ലഭിച്ചിരിക്കുകയാണ് നടിക്ക്. ഇതിന് പിന്നാലെ തമിഴ് നടൻ ധ്രുവ് വിക്രം നായകനാകുന്ന 'ജാക്കി' എന്ന ചിത്രത്തിലും സാത്വിക ഭാഗമാകുന്നതായാണ് പുതിയ വിവരം. ഇക്കാര്യത്തിൽ ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ല.
തെലുങ്ക് സിനിമയ്ക്ക് പുറത്തേക്കും സാത്വികയുടെ കരിയർ വളരുന്നതിന്റെ സൂചനയായാണ് ഈ വാർത്തകൾ വിലയിരുത്തപ്പെടുന്നത്. എന്നാൽ ഇതിൽ ഏറ്റവും ശ്രദ്ധേയമായത് രാംചരണിന്റെ പുതിയ ചിത്രമായ 'ആർസി 17'ൽ സാത്വിക നായികയാകുമെന്ന അഭ്യൂഹമാണ്.
സുകുമാർ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ നായികാ വേഷത്തിലേക്ക് സാത്വികയെ പരിഗണിക്കുന്നതായാണ് സിനിമാ മേഖലയിലെ സംസാരം. രാംചരണിനെപ്പോലൊരു താരത്തിനൊപ്പം അഭിനയിക്കാൻ അവസരം ലഭിക്കുന്നത് പുതുമുഖ നടിയുടെ കരിയറിന് വലിയ മുന്നേറ്റമാകും.
ആദ്യ പ്രധാന ചിത്രം തിയേറ്ററുകളിലെത്തും മുൻപുതന്നെ നിരവധി പ്രോജക്ടുകളുമായി ബന്ധപ്പെട്ട് സാത്വിക വാർത്തകളിൽ ഇടംപിടിക്കുകയാണ്. വരാനിരിക്കുന്ന ചിത്രങ്ങളെക്കുറിച്ച് ഔദ്യോഗിക പ്രഖ്യാപനങ്ങൾക്കായി കാത്തിരിക്കുകയാണ് ആരാധകർ. വരുംദിവസങ്ങളിൽ 'ആകാശംലോ ഒക താര' കൂടുതൽ ചർച്ചയാകുന്നതോടെ തെന്നിന്ത്യൻനായികമാരുടെ നിരയിലേക്ക് കൂടി സാത്വിക എത്തും.