

ബി ടൗണ്‍ കിങ് സല്‍മാന്‍ ഖാനും പ്രമുഖ തെലുങ്ക് നിര്‍മാതാവ് ദില്‍ രാജുവും ഒന്നിക്കുന്ന പുതിയ ചിത്രം ഔദ്യോഗികമായി പ്രഖ്യാപിച്ചു. മാസങ്ങളായി പ്രചരിച്ചിരുന്ന അഭ്യൂഹങ്ങള്‍ക്ക് വിരാമമിട്ട് 'SVC63' എന്ന് താത്കാലികമായി പേരിട്ട പ്രോജക്ടിന്റെ പ്രഖ്യാപനമാണു നടന്നത്. വംശി പൈഡിപ്പള്ളിയാണ് ചിത്രത്തിന്റെ സംവിധായകന്‍. സല്‍മാന്‍ ഖാന്‍ എന്ന പ്രതിഭാസവും ബ്ലോക്ക്ബസ്റ്റര്‍ സംവിധായകന്‍ വംശിയും ഒന്നിക്കുമ്പോള്‍ വലിയ പ്രതീക്ഷയാണ് ആരാധകര്‍ക്കുള്ളത്.
ശ്രീ വെങ്കടേശ്വര ക്രിയേഷന്‍സിന്റെ ബാനറില്‍ ഒരുങ്ങുന്ന ബിഗ് ബജറ്റ് ചിത്രത്തിന്റെ ഷൂട്ടിങ് ഏപ്രിലില്‍ ആരംഭിക്കുമെന്ന് അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചു. 'ദില്‍, ദിമാഗ്, ജിഗര്‍ സേ' എന്ന അടിക്കുറിപ്പോടെ സംവിധായകനൊപ്പമുള്ള ചിത്രം സല്‍മാന്‍ ഖാനും സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിട്ടുണ്ട്. ചിത്രത്തിലെ മറ്റ് അഭിനേതാക്കളെക്കുറിച്ചും സാങ്കേതിക പ്രവര്‍ത്തകരെക്കുറിച്ചുമുള്ള വിവരങ്ങള്‍ ഉടന്‍ പുറത്തുവിടും.
സല്‍മാന്‍ ചിത്രത്തിനു പുറമെ, അക്ഷയ് കുമാറിനെ നായകനാക്കി 'സങ്കരാന്തിക്കി വസ്തുന്നം' എന്ന ചിത്രത്തിന്റെ ഹിന്ദി റീമേക്കും അദ്ദേഹം നിര്‍മിക്കുന്നുണ്ട്. അനീസ് ബസ്മിയാണ് ഈ ചിത്രം സംവിധാനം ചെയ്യുന്നത്. അതേസമയം, സല്‍മാന്‍ ഖാന്റെ ഈ വര്‍ഷത്തെ ഏറ്റവും വലിയ റിലീസായ 'മാതൃഭൂമി' (ബാറ്റില്‍ ഓഫ് ഗാല്‍വാന്‍) ഓഗസ്റ്റ് 15-ന് തിയേറ്ററുകളില്‍ എത്തും.