

ഭാഗ്യം വരുന്ന വഴി മുൻകൂട്ടി കാണാൻ രവി തേജയ്ക്ക് സാധിച്ചിരുന്നോ? അതോ ശബരിമല അയ്യപ്പനിൽ വിശ്വാസമർപ്പിച്ചുനടത്തിയ പരീക്ഷണമോ? അതുമല്ല സിനിമയുടെ ഉള്ളടക്കത്തിൽ അത്രയ്ക്ക് ആത്മവിശ്വാസമുണ്ടായിരുന്നോ? ഉത്തരം എന്താണെങ്കിലും ഇരുമുടി എന്ന ചിത്രം തെലുങ്ക് താരത്തിന് സമ്മാനിക്കുന്നത് കോടികളാണ്. അഭിനയിച്ചശേഷം വെറും പ്രതിഫലം വാങ്ങി മടങ്ങിയിരുന്നെങ്കിൽ കിട്ടുമായിരുന്നതിന്റെ ഇരട്ടി.
'മാസ് മഹാരാജ' എന്നുവിളിപ്പേരുള്ള രവി തേജയ്ക്ക് കുറച്ചുനാളായി കഷ്ടകാലമായിരുന്നു കരിയറിൽ. ചിത്രങ്ങളൊന്നും വേണ്ടത്ര വിജയമായില്ല. അങ്ങനെയിരിക്കെയാണ് അയ്യപ്പകഥയുടെ പശ്ചാത്തലമുള്ള ഇരുമുടിയിൽ നായകനാകുന്നത്. മദ്യപാനിയായ അച്ഛനും മകളും തമ്മിലുള്ള ആത്മബന്ധം ശബരിമലയുടെ പശ്ചാത്തലത്തിൽ പറയുന്ന സിനിമയായിരുന്നു ഇത്. ഈ ചിത്രത്തിൽ അഭിനയിച്ചതിന് രവി തേജ പ്രതിഫലം വാങ്ങിയില്ല. പകരം വിതരണാവകാശമാണ് ചോദിച്ചത്.
‘ഇരുമുടി’യുടെ നൈസാം റൈറ്റ്സ്(തെലങ്കാനമേഖലയിലെ വിതരണാവകാശം) രവി തേജ പ്രതിഫലമായി ഏറ്റെടുത്തത് എട്ടു കോടി രൂപയിലേറെ മൂല്യത്തിനാണെന്നാണ് റിപ്പോർട്ട്. ചിത്രത്തിന്റെ റിലീസിന് മുമ്പ് നൈസാം റൈറ്റ്സിന് ഏകദേശം ഏഴു കോടി രൂപയായിരുന്നു മൂല്യം കണക്കാക്കിയിരുന്നത്. എന്നാൽ ചിത്രം സെൻസേഷണൽ ബ്ലോക്ക്ബസ്റ്ററായി മാറിയതോടെ കളക്ഷനിൽ വൻ കുതിപ്പുണ്ടായി.
ഇന്നലെ വരെയുള്ള കണക്കുകൾ പ്രകാരം ചിത്രത്തിന്റെ ഷെയർ ഏകദേശം 53.76 കോടി രൂപയാണ്. ജിഎസ്ടി ഉൾപ്പെടെയുള്ള കണക്കാണിത്. ഫുൾ റണ്ണിൽ ചിത്രം ഏകദേശം 60 കോടി രൂപ ഷെയർ നേടുമെന്നാണ് വിലയിരുത്തൽ. ഈ കണക്ക് ചിത്രം മറികടന്നാൽ, ജിഎസ്ടി ഒഴിവാക്കിയുള്ള ഷെയർ ഏകദേശം 50.95 കോടി രൂപയാകും. ചിത്രത്തിന് പരസ്യത്തിനും മറ്റുപ്രചാരണത്തിനുമായി ഏകദേശം 1.1 കോടി രൂപ ചെലവുണ്ടാകുമെന്നും വിതരണക്കാരന് അഞ്ചു ശതമാനം കമ്മീഷനായി ഏകദേശം 2.55 കോടി രൂപ ലഭിക്കുമെന്നും കണക്കാക്കുന്നു.
ഇവ കുറച്ചാൽ നൈസാം റൈറ്റ്സിൽ നിന്ന് രവി തേജയ്ക്ക് ലഭിക്കുക ഏകദേശം 47.5 കോടി രൂപയായിരിക്കും. ഏറ്റവും ചുരുങ്ങിയ കണക്കായി പരിഗണിച്ചാൽപോലും 45 കോടി ലഭിക്കും. മൈത്രി മൂവി മേക്കേഴ്സ് രവി തേജയ്ക്ക് പൂർണ പ്രതിഫലം നൽകിയിരുന്നെങ്കിൽ പോലും താരത്തിന് ലഭിക്കുമായിരുന്നത് ഏകദേശം 25 കോടി രൂപ മാത്രമായിരുന്നു.
എന്നാൽ ഇപ്പോഴത്തെ സാഹചര്യത്തിൽ 53 കോടി രൂപയിലേറെ സ്വന്തമാക്കാൻ രവി തേജയ്ക്ക് സാധിക്കുമെന്നാണ് കണക്കുകൂട്ടൽ. അതുകൊണ്ടുതന്നെ താരത്തിന് ഇത് വൻ ജാക്ക്പോട്ടാണെന്നാണ് തെലുങ്ക് സിനിമാലോകത്തിന്റെ വിലയിരുത്തൽ.