

ടോളിവുഡ് സുവർണതാരങ്ങളായ രശ്മിക-ദേവരകൊണ്ട വിവാഹവിശേഷങ്ങളായിരുന്നു മാധ്യമങ്ങളിൽ നിറഞ്ഞുനിൽക്കുന്നത്. ഉദയ്പുരിലെ വിവാഹം രാജകീയമായാണ് നടന്നത്. ദേവരകൊണ്ടയുടെ തെലുങ്ക് ആചാരത്തിലും രശ്മികയുടെ കൊടവ പാരമ്പര്യത്തിലും മംഗളകർമങ്ങൾ നടന്നു. വിവാഹശേഷം രശ്മിക പങ്കുവച്ച ഇൻസ്റ്റഗ്രാം കുറിപ്പാണ് ഇപ്പോൾ ആരാധകർ ആഘോഷമാക്കിയിരിക്കുന്നത്. പ്രണയനിർഭരമായ രശ്മികയുടെ കുറിപ്പ് വായിക്കാം:
ഇതാ എന്റെ ഭർത്താവിനെ നിങ്ങൾക്കു പരിചയപ്പെടുത്തുന്നു, മിസ്റ്റർ വിജയ് ദേവരകൊണ്ട!
യഥാർഥപ്രണയം എന്താണെന്നു മനസിലാക്കിത്തന്ന പ്രിയപ്പെട്ടവൻ. സമാധാനമായിരിക്കാൻ ശീലിപ്പിച്ചവൻ. വലിയ സ്വപ്നങ്ങൾ കാണണമെന്ന് എല്ലാ ദിവസവും പറയുകയും, എനിക്ക് ചിന്തിക്കാൻ കഴിയുന്നതിലുമപ്പുറമുള്ള കാര്യങ്ങൾ നേടിയെടുക്കാൻ സാധിക്കുമെന്ന് നിരന്തരം ബോധ്യപ്പെടുത്തുകയും ചെയ്തവൻ. ആരും കാണുന്നില്ലെന്ന ഭാവത്തിൽ എന്നെ നൃത്തം ചെയ്യാൻ പ്രേരിപ്പിച്ചയാൾ. സുഹൃത്തുക്കളോടൊപ്പമുള്ള യാത്രകളാണ് ഏറ്റവും മികച്ചതെന്ന് ബോധ്യപ്പെടുത്തിയവൻ.
സത്യം പറഞ്ഞാൽ ഈ മനുഷ്യനെക്കുറിച്ച് എനിക്കൊരു പുസ്തകം തന്നെ എഴുതാൻ കഴിയും. ഞാൻ എപ്പോഴും ആകാൻ ആഗ്രഹിച്ചിരുന്ന സ്ത്രീയായി മാറിയിട്ടുണ്ടെങ്കിൽ, അതിനു കാരണം നിങ്ങളാണ്! ഞാൻ സത്യമായും അനുഗൃഹീതയാണ്! നിങ്ങളോടുള്ള വികാരങ്ങൾ വിവരിക്കാൻ വാക്കുകൾ തികയാറില്ല. അക്കാര്യം നിങ്ങളോടു പറയാറുള്ളതാണല്ലോ.നിങ്ങളുടെ ഭാര്യയാകാൻ പോകുന്നതിൽ ഞാൻ വളരെയധികം ആവേശത്തിലാണ്! നിങ്ങളുടെ ഭാര്യയായി വിളിക്കപ്പെടാൻ! ഇനി ഇത് ആഘോഷത്തിന്റെ സമയമാണ്!
നമുക്ക് ഒരുമിച്ച് ഏറ്റവും മികച്ച ജീവിതം നയിക്കാം! ഞാൻ നിന്നെ സ്നേഹിക്കുന്നു...'