

വിജയ് ദേവരകൊണ്ടയും രശ്മിക മന്ദാനയും പ്രധാന വേഷങ്ങളില് എത്തി രാഹുല് സാങ്കൃത്യന് സംവിധാനം ചെയ്ത പീരിയഡ് ആക്ഷന് ചിത്രമാണ് 'രണബാലി'ക്ക് സമ്മിശ്ര പ്രതികരണം. 1876-78 കാലഘട്ടത്തിലെ ചരിത്രപ്രസിദ്ധമായ 'മദ്രാസ് ഫാമിന്' പശ്ചാത്തലമാക്കി ഒരുക്കിയ ചിത്രത്തിന് നിരൂപകരില് നിന്നും പ്രേക്ഷകരില് നിന്നും പലതരത്തിലുള്ള പ്രതികരണങ്ങളാണ് ലഭിക്കുന്നത്. ചിത്രത്തിലെ അമിതമായ വയലന്സും ദൈര്ഘ്യമേറിയ തിരക്കഥയും പ്രേക്ഷകരില് വലിയ നിരാശ ഉണ്ടാക്കുന്നുവെന്നാണ് പ്രധാന വിമര്ശനം.
ബ്രിട്ടീഷ് കൊളോണിയല് ഭരണത്തിന്റെ ക്രൂരതകളും, ക്ഷാമകാലത്ത് ജനങ്ങള് അനുഭവിക്കേണ്ടി വന്ന പട്ടിണിയും ദുരിതങ്ങളുമാണ് ചിത്രത്തിന്റെ പ്രധാന പ്രമേയം. ജനങ്ങള് വിശന്നുപൊരിയുമ്പോള് ബ്രിട്ടീഷ് കമ്മിഷണറായ ഹെക്ടറും (ആര്നോള്ഡ് വോസ്ലോ) സംഘവും ഭക്ഷ്യധാന്യങ്ങള് വിദേശത്തേക്ക് കയറ്റുമതി ചെയ്യാന് ശ്രമിക്കുന്നു. ഇതിനെതിരെ ജനങ്ങളെ സംഘടിപ്പിച്ച് പോരാടുന്ന സിങ്കനമല രണബാലി എന്ന വീരയോദ്ധാവായാണ് വിജയ് ദേവരകൊണ്ട എത്തുന്നത്. രണബാലിയുടെ ഭാര്യ ജയമ്മയായി രശ്മിക മന്ദാനയും വേഷമിടുന്നു.
ക്ഷാമത്തിന്റെ ഭീകരതയും ബ്രിട്ടീഷ് അടിച്ചമര്ത്തലുകളും വ്യക്തമാക്കാന് ശ്രമിച്ചെങ്കിലും, ചിത്രത്തില് ഉള്പ്പെടുത്തിയിരിക്കുന്ന അങ്ങേയറ്റം ദാരുണവുമായ രംഗങ്ങള് പ്രേക്ഷകരില് ആസ്വാദനത്തിന് പകരം അസ്വസ്ഥതയാണ് ഉണ്ടാക്കുന്നത്. പോരാട്ട രംഗങ്ങളിലെ അമിതമായ രക്തച്ചൊരിച്ചിലും ആവര്ത്തനവിരസതയുള്ള സംഘട്ടനങ്ങളും സിനിമയുടെ ഒഴുക്കിനെ ബാധിച്ചുവെന്നാണ് പൊതുവേയുള്ള വിലയിരുത്തൽ. ആദ്യ പകുതി കഥാ അന്തരീക്ഷം വ്യക്തമാക്കുന്നതില് വിജയിച്ചെങ്കിലും, രണ്ടാം പകുതിയിലേക്ക് എത്തുമ്പോള് കഥയുടെ വേഗം കുറയുകയും ചിത്രം പ്രേക്ഷകരെ തളര്ത്തുകയും ചെയ്യുന്നുവെന്നും നിരൂപകർ പറയുന്നു.
നായകനായ വിജയ് ദേവരകൊണ്ട തന്റെ കഥാപാത്രത്തിനായി കഠിനാധ്വാനം ചെയ്തിട്ടുണ്ടെങ്കിലും, കഥാപാത്രത്തിന് വേണ്ടത്ര വൈകാരിക ആഴം നല്കാന് തിരക്കഥയ്ക്ക് സാധിച്ചില്ല. എന്നാല് ചിത്രത്തിലെ കനത്ത അന്തരീക്ഷത്തിന് ചെറിയൊരു ആശ്വാസം നല്കുന്നത് രശ്മിക മന്ദാനയുടെ ജയമ്മ എന്ന കഥാപാത്രമാണ്.
ക്യാമറ കൈകാര്യം ചെയ്ത ജിഷ്ണു ഭട്ടാചാര്ജിയും നീരവ് ഷായും ദൃശ്യങ്ങളില് വിസ്മയം തീര്ത്തെങ്കിലും, മൂന്ന് മണിക്കൂറിലധികം ദൈര്ഘ്യമുള്ള ചിത്രത്തില് നിന്ന് കുറഞ്ഞത് ഇരുപതു മിനിറ്റെങ്കിലും വെട്ടിക്കുറയ്ക്കാമായിരുന്നുവെന്നാണ് പൊതുവേയുള്ള അഭിപ്രായം. വലിയ കാന്വാസില് ഒരുക്കിയെങ്കിലും പാകപ്പിഴകള് കാരണം 'രണബാലി' വിചാരിച്ചത്ര ഇംപാക്ട് ഉണ്ടാക്കുന്നതില് പരാജയപ്പെട്ടെന്നാണ് ദേശീയ മാധ്യമങ്ങള് റിപ്പോര്ട്ട് ചെയ്യുന്നത്.