

മെഗാസ്റ്റാര്‍ ചിരഞ്ജീവിയുടെ കുടുംബത്തില്‍ ഇപ്പോള്‍ ആഘോഷങ്ങളുടെ പൂരമാണ്. ആഗോളതലത്തില്‍ ശ്രദ്ധിക്കപ്പെട്ട 'ആര്‍ആര്‍ആര്‍' താരം രാം ചരണും ഭാര്യ ഉപാസന കൊനിഡേലയും തങ്ങളുടെ ജീവിതത്തിലേക്ക് പുതിയ രണ്ട് അതിഥികളെ കൂടി വരവേറ്റിരിക്കുന്നു. ഒരാണ്‍കുഞ്ഞും പെണ്‍കുഞ്ഞുമാണ് ദമ്പതികള്‍ക്കു ജനിച്ചത്. ഇതോടെ രാം ചരണ്‍-ഉപാസന ദമ്പതികള്‍ക്ക് മൂന്നു മക്കളായി.
ഇരട്ടക്കുട്ടികള്‍ ജനിച്ച സന്തോഷവാര്‍ത്ത ലോകത്തെ അറിയിച്ചത് മറ്റാരുമല്ല, സാക്ഷാല്‍ മെഗാസ്റ്റാര്‍ ചിരഞ്ജീവി തന്നെയാണ്. സോഷ്യല്‍ മീഡിയയിലൂടെ അദ്ദേഹം തന്റെ ആഹ്ലാദം പങ്കിട്ടു:'അങ്ങേയറ്റത്തെ സന്തോഷത്തോടും നന്ദിയോടും കൂടി പങ്കുവയ്ക്കട്ടെ, രാം ചരണിനും ഉപാസനയ്ക്കും ഇരട്ടക്കുട്ടികള്‍ പിറന്നിരിക്കുന്നു - ഒരു ആണ്‍കുഞ്ഞും ഒരു പെണ്‍കുഞ്ഞും. അമ്മയും കുഞ്ഞുങ്ങളും ആരോഗ്യത്തോടെയിരിക്കുന്നു. ഈ കുരുന്നുകളെ ഞങ്ങളുടെ കുടുംബത്തിലേക്ക് സ്വാഗതം ചെയ്യുന്നതില്‍ മുത്തശ്ശി-മുത്തച്ഛന്‍ എന്ന നിലയില്‍ ഞങ്ങള്‍ അനുഗ്രഹീതരാണ്...'
ഗർഭിണിയായ ഉപാസനയ്ക്കൊപ്പമുള്ള ചിത്രവും കുറിപ്പും സോഷ്യൽമീഡിയയിൽ പങ്കിട്ടാണ് രാം ചരൺ സന്തോഷം അറിയിച്ചത്. 'ഞങ്ങൾ ഒരു ആൺകുഞ്ഞിനാലും പെൺകുഞ്ഞിനാലും അനുഗൃഹീതരായ വിവരം സന്തോഷത്തോടെ പങ്കുവെക്കുന്നു. രണ്ട് പെൺമക്കളും ഒരു മകനും ഞങ്ങളിൽ അളവറ്റ നന്ദി കോരിനിറയ്ക്കുന്നു. ഞങ്ങളുടെ ജീവിതത്തിലെ സ്ത്രീകൾ എപ്പോഴും ഞങ്ങളുടെ ഏറ്റവും വലിയ ശക്തിയാണ്. ഓരോ നിമിഷവും ഞങ്ങളോടൊപ്പം നിന്നു പിന്തുണച്ച എല്ലാ ആരാധകർക്കും കുടുംബാംഗങ്ങൾക്കും സ്നേഹിതർക്കും ഹൃദയം നിറഞ്ഞ നന്ദി'-രാം ചരൺ കുറിച്ചു.
2012 ജൂണിലായിരുന്നു രാം ചരണും അപ്പോളോ ഫൗണ്ടേഷൻ വൈസ് ചെയര്‍പേഴ്‌സണായ ഉപാസനയും വിവാഹിതരായത്. വര്‍ഷങ്ങള്‍ നീണ്ട സൗഹൃദത്തിനും പ്രണയത്തിനും ശേഷമായിരുന്നു ഇവരുടെ വിവാഹം. 2023 ജൂണിലാണ് ഇവര്‍ക്ക് ആദ്യത്തെ കുട്ടി ജനിക്കുന്നത്. 2025-ലെ ദീപാവലി വേളയിലാണ് തങ്ങള്‍ രണ്ടാമതും മാതാപിതാക്കളാകാന്‍ പോകുന്നുവെന്ന വിവരം ദമ്പതികള്‍ പുറത്തുവിട്ടത്. 'ഈ ദീപാവലി ഇരട്ടി ആഘോഷത്തിന്റേതാണ്...' എന്നായിരുന്നു അന്ന് ഉപാസന കുറിച്ചത്. ഇപ്പോഴിതാ ആ കാത്തിരിപ്പിന് വിരാമമിട്ടുകൊണ്ട് ഇരട്ടക്കുട്ടികളുടെ വരവറിയിച്ചിരിക്കുകയാണ് ഈ മെഗാ ഫാമിലി.
കുടുംബത്തിലെ ഈ വലിയ സന്തോഷത്തിനിടയിലും രാം ചരണ്‍ തന്റെ കരിയറിലും സജീവമാണ്. ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന 'പെഡ്ഡി' ആണ് താരത്തിന്റെ അടുത്ത ചിത്രം. ബുച്ചി ബാബു സന സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ജാന്‍വി കപുറാണ് നായിക. ശിവരാജ്കുമാര്‍, ജഗപതി ബാബു തുടങ്ങിയ വന്‍ താരനിരയും ചിത്രത്തില്‍ കഥാപാത്രങ്ങളാകുന്നുണ്ട്.