
ഇതുവരെ SSMB29 എന്നറിയപ്പെട്ടിരുന്ന എസ്.എസ്. രാജമൗലി-മഹേഷ് ബാബു ചിത്രത്തിന്റെ പേര് സംവിധായകൻ രാജമൗലി പ്രഖ്യാപിച്ചോ..? 'ഗ്ലോബ് ട്രോട്ടർ' എന്ന പേരോടെ ചിത്രത്തിന്റെ പോസ്റ്റർ രാജമൗലി പങ്കുവച്ചതാണ് ചിത്രത്തിന്റെ പേരിനെക്കുറിച്ചുള്ള ചർച്ചകൾ ചൂടുപിടിപ്പിച്ചത്. ഇതു ഔദ്യോഗിക പേരാണോ എന്നുള്ള സ്ഥിരീകരണമൊന്നും ഇതുവരെയില്ല.
ചിത്രത്തിന്റെ പോസ്റ്റർ നിർമാതാവും നടനും മറ്റ് അണിയറപ്രവർത്തകരും തങ്ങളുടെ സോഷ്യൽ മീഡിയ അക്കൗണ്ടുകളിൽ പങ്കുവച്ചു. #Globetrotter എന്ന പുതിയ ഹാഷ്ടാഗോടെയാണ് താരങ്ങൾ പോസ്റ്റർ പങ്കുവച്ചത്. ഇത് സിനിമയുടെ ഔദ്യോഗിക തലക്കെട്ടാണോ, പ്രമോഷണൽ ഹാഷ്ടാഗാണോ എന്ന് ഉറപ്പില്ല. എന്നാൽ 2025 നവംബറിൽ ചിത്രത്തിന്റെ ഫസ്റ്റ് റിവീൽ പ്രഖ്യാപിച്ചിട്ടുണ്ട്.
ശനിയാഴ്ച മഹേഷ് ബാബുവിന്റെ ജന്മദിനത്തിൽ, ഇൻസ്റ്റാഗ്രാമിൽ സമാനമായ പോസ്റ്റുകൾ രാജമൗലിയും മഹേഷ് ബാബും പങ്കിട്ടു. പോസ്റ്ററിൽ മഹേഷിന്റെ നെഞ്ചിന്റെ ക്ലോസ്അപ്പ് ആയിരുന്നു. നെഞ്ചിൽ മുറിവേറ്റ ചെറിയ പാടുകളും രക്തം പുരണ്ടിരിക്കുന്നതും കാണാം. ശിവനും ത്രിശൂലവും നന്ദിയും ചേർന്ന ഒരു ലോക്കറ്റും മഹേഷ് ബാബു ധരിച്ചിട്ടുണ്ട്. "എല്ലാവരുടെയും സ്നേഹത്തിന് നന്ദി... നിങ്ങളെല്ലാവരെയും പോലെ ഞാനും 2025 നവംബറിനായി ആകാംക്ഷയോടെ കാത്തിരിക്കുന്നു...' എന്ന് മഹേഷ് ബാബു അടിക്കുറിപ്പിൽ എഴുതി.
എന്നാൽ, ചിത്രത്തെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പങ്കുവച്ചിട്ടില്ല. മഹേഷിനൊപ്പം ചിത്രത്തിൽ അഭിനയിക്കുമെന്ന് അഭ്യൂഹമുള്ള പ്രിയങ്ക ചോപ്ര തന്റെ സോഷ്യൽ മീഡിയയിൽ പോസ്റ്റ് പങ്കുവച്ചിട്ടില്ല. ചിത്രത്തിന്റെ ഭാഗമാണെന്ന് സ്ഥിരീകരിച്ച പൃഥ്വിരാജ് സുകുമാരനും ഇതേക്കുറിച്ച് വ്യക്തമാക്കിയിട്ടില്ല. തന്റെ പ്രിയപ്പെട്ട ഛായാഗ്രാഹകൻ കെ.കെ. സെന്തിൽ കുമാറിന് പകരം 'സീതാരാമ'ത്തിന്റെ ക്യാമറാമാൻ പി.എസ്.വിനോദിനെയാണ് രാജമൗലി പുതിയ ചിത്രത്തിനായി തെരഞ്ഞെടുത്തിട്ടുള്ളത്. രാജമൗലിയുടെ മഗധീര, ബാഹുബലി -ദി ബിഗിനിംഗ്, ആർആർആർ തുടങ്ങിയ നിരവധി ബ്ലോക്ക്ബസ്റ്ററുകളുടെ ഛായാഗ്രാഹകൻ സെന്തിൽ കുമാറായിരുന്നു.
രാജമൗലിയുടെ പുതിയ ചിത്രം സമീപകാലത്ത് നിരന്തരം വാർത്തകളിൽ ഇടം നേടിയിരുന്നു. ലൊക്കേഷനിൽനിന്നുള്ള ഒരു വീഡിയോ പുറത്തുവന്നത് വലിയ അഭ്യൂഹങ്ങൾക്ക് വഴിവെച്ചിരുന്നു.