
അനുഷ്ക ഷെട്ടിയെ നായികയാക്കി ക്രിഷ് ജാഗർലാമുഡി ഒന്നിക്കുന്ന പാൻ ഇന്ത്യൻ ചിത്രം 'ഘാട്ടി' തിയറ്ററുകളിലേക്ക്. സെപ്റ്റംബർ അഞ്ചിനാണ് ആഗോള റിലീസ്. ചിത്രത്തിന്റെ ട്രെയിലർ ആരാധകർ ഏറ്റെടുത്തു. അനുഷ്ക ഷെട്ടി കേന്ദ്ര കഥാപാത്രമായി അഭിനയിച്ച 'അരുന്ധതി', 'ഭാഗമതി' തുടങ്ങിയ ചിത്രങ്ങൾ ബോക്സ് ഓഫീസിൽ വൻ വിജയം കരസ്ഥമാക്കിയിരുന്നു. ബ്ലോക്ക്ബസ്റ്റർ ഹിറ്റ് 'വേദം' എന്ന ചിത്രത്തിന് ശേഷം അനുഷ്കയും കൃഷും ഒന്നിക്കുന്ന സിനിമയാണ് 'ഘാട്ടി'യെന്നതും പ്രേക്ഷകരെ ആകാംക്ഷാഭരിതരാക്കുന്നു. യുവി ക്രിയേഷൻസിന്റെ ബാനറിൽ അനുഷ്കയുടെ നാലാമത്തെ സിനിമയാണിത്. തമിഴ് നടൻ വിക്രം പ്രഭുവും ചിത്രത്തിൽ നിർണായക വേഷത്തിലെത്തുന്നു. ദേസി രാജു എന്ന കഥാപാത്രത്തെയാണ് വിക്രം പ്രഭു ചിത്രത്തിൽ അവതരിപ്പിക്കുന്നത്.
ആക്ഷനുമാത്രമല്ല, പ്രണയത്തിനും പ്രാധാന്യമുള്ള ചിത്രമാണ് 'ഘാട്ടി'. ശക്തവും തീവ്രവുമായ പ്രകടനമായിരിക്കും അനുഷ്കയുടേതെന്ന് സംവിധായകൻ ക്രിഷ് പറഞ്ഞിരുന്നു. നേരത്തെ അനുഷ്ക ഷെട്ടിയുടെ ജന്മദിനം പ്രമാണിച്ചു റിലീസ് ചെയ്ത ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററും ശേഷം പുറത്തു വന്ന ഗ്ലിംപ്സ് വീഡിയോയും പ്രേക്ഷകർ ഏറ്റെടുത്തിരുന്നു. തിരക്കഥയും ക്രിഷ് ജാഗർലമുഡിയുടേതാണ്. നിർമാണം രാജീവ് റെഡ്ഡി, സായ് ബാബു ജാഗർലമുഡി, ഛായാഗ്രഹണം- മനോജ് റെഡ്ഡി കടസാനി, സംഗീതം- നാഗവെല്ലി വിദ്യാസാഗർ. ഈ ബിഗ് ബജറ്റ് ചിത്രം തെലുങ്ക്, തമിഴ്, കന്നഡ, മലയാളം, ഹിന്ദി ഭാഷകളിൽ റിലീസ് ചെയ്യും.