

ആഗോള സിനിമാവേദികളിൽ ഇന്ത്യയുടെ പെരുമയുയർത്തിയ പ്രിയങ്ക ചോപ്രയ്ക്ക് ജന്മദിനമധുരം. താരത്തിന് ആശംസകൾ നേർന്ന് ആരാധകരും സഹപ്രവർത്തകരും സോഷ്യൽ മീഡിയയിൽ എത്തുമ്പോൾ, സിനിമ ലോകത്തെയാകെ ഞെട്ടിച്ചുകൊണ്ട് സർപ്രൈസ് സമ്മാനവുമായി എത്തിയിരിക്കുകയാണ് ദൃശ്യവിസ്മയങ്ങളുടെ സംവിധായകൻ എസ്.എസ്. രാജമൗലി.
മഹേഷ് ബാബുവിനെയും പ്രിയങ്കയെയും കേന്ദ്രകഥാപാത്രങ്ങളാക്കി ഒരുക്കുന്ന ബിഗ് ബജറ്റ് ചിത്രം 'വാരണാസി'യിലെ നടിയുടെ പുത്തൻ ലുക്ക് അടങ്ങുന്ന ഫോട്ടോകൾ പങ്കുവെച്ചുകൊണ്ടാണ് മാന്ത്രിക സംവിധായകൻ പ്രിയങ്കയ്ക്ക് ജന്മദിനാശംസകൾ നേർന്നത്.
മുമ്പ് ഷാരൂഖ് ഖാൻ ചിത്രം 'ഡോൺ' പരമ്പരയിലൂടെ പ്രിയങ്ക ചോപ്രയ്ക്ക് ചാർത്തിക്കിട്ടിയ 'ജംഗ്ലി ബില്ലി' എന്ന ഐക്കോണിക് വിശേഷണത്തെ ഓർമിപ്പിക്കുന്ന തരത്തിലാണ് വാരണാസിയിലെ പുതിയ ലുക്ക് ഡിസൈൻ ചെയ്തിരിക്കുന്നത്. വാരണാസിയുടെ പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ബിഗ് കാൻവാസ് ആക്ഷൻ ഡ്രാമയിൽ അതീവ ശക്തവും നിഗൂഢതകൾ നിറഞ്ഞതുമായ മാസ് കഥാപാത്രത്തെയാണ് പ്രിയങ്ക അവതരിപ്പിക്കുന്നതെന്ന സൂചനയാണ് പുതിയ ഫോട്ടോകൾ നൽകുന്നത്.
'അവൾ ചിരിക്കുമ്പോൾ ചാരുത,ചിരിക്കാതിരിക്കുമ്പോൾ തീയുടെ തീക്ഷ്ണത' എന്നു കുറിച്ചുകൊണ്ട് 'വാരണാസി'യിലെ മന്ദാകിനിക്ക് രാജമൗലി നേർന്ന പിറന്നാൾ ആശംസയും ഫോട്ടോകളും സോഷ്യൽ മീഡിയയിൽ നിമിഷനേരം കൊണ്ടാണ് തരംഗമായത്. ആർആർആറിന് ശേഷം രാജമൗലി ഒരുക്കുന്ന ചിത്രം എന്ന നിലയിൽ പ്രഖ്യാപന സമയം മുതൽക്കേ വലിയ ഹൈപ്പിലായിരുന്ന 'വാരണാസി', ഈ പുത്തൻ ലുക്ക് കൂടി പുറത്തുവന്നതോടെ ആരാധകരുടെ പ്രതീക്ഷകൾ വാനോളമുയർന്നിരിക്കുകയാണ്.