

പ്രഭാസ് നായകനാകുന്ന ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രം ‘ഫൗജി’യുടെ റിലീസ് മാറ്റിവച്ചു. 2026 ഡിസംബർ 3ന് ചിത്രം തിയേറ്ററുകളിലെത്തുമെന്നായിരുന്നു നേരത്തെ പ്രഖ്യാപിച്ചിരുന്നത്. എന്നാൽ നിശ്ചയിച്ച സമയത്ത് റിലീസ് ചെയ്യാനാകില്ലെന്ന് നിർമാതാക്കൾ ഔദ്യോഗികമായി സ്ഥിരീകരിച്ചു.
ഹനു രാഘവപുടിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. മൈത്രി മൂവി മേക്കേഴ്സിന്റെ ബാനറിൽ നിർമിക്കുന്ന ചിത്രത്തിന്റെ റിലീസ് മാറ്റിവെച്ച കാര്യം ‘പാരഡൈസ്’ പ്രീ-റിലീസ് ചടങ്ങിൽ നിർമാതാവ് രവി ശങ്കറാണ് സ്ഥിരീകരിച്ചത്. 'ചിത്രം വൈകുന്നതിൽ ഞങ്ങൾക്ക് ഖേദമുണ്ട്. എന്നാൽ ‘ബാഹുബലി’ക്ക് ശേഷം പ്രഭാസ് ഗാരുവിന്റെ കരിയറിലെ ഏറ്റവും മികച്ച ചിത്രമായിരിക്കും ‘ഫൗജി’ 'എന്നാണ് മൈത്രി രവി എന്നറിയപ്പെടുന്ന രവിശങ്കർ പറഞ്ഞത്.
മൈത്രി മൂവി മേക്കേഴ്സ് നിര്‍മിച്ച് ടി-സീരീസ് ഫിലിംസ് അവതരിപ്പിക്കുന്ന ഫൗജിയുടെ റിലീസ് തീയതി ജൂലായിൽ പ്രത്യേക പോസ്റ്ററിലൂടെയാണ് പ്രഖ്യാപിച്ചത്. മൃതദേഹങ്ങള്‍ക്കിടയില്‍ തോക്കുമായി രക്തം പുരണ്ട് ഒരു പാറപ്പുറത്ത് ഇരിക്കുന്ന പ്രഭാസായിരുന്നു പോസ്റ്ററിലുണ്ടായിരുന്നത്. 'ഒറ്റയ്ക്ക് പോരാടുന്ന ഒരു ബറ്റാലിയന്‍' എന്ന വാചകവും പോസ്റ്ററിലുണ്ട്. ഇത് സിനിമ നല്‍കുന്ന വലിയൊരു യുദ്ധ പശ്ചാത്തലത്തിലേക്കാണ് വിരല്‍ ചൂണ്ടുന്നത്. 'അജ്ഞാതപര്‍വം അവസാനിക്കുന്നു... ഫൗജി 2026 ഡിസംബര്‍ 3-ന്' എന്ന കുറിപ്പോടെയാണ് പ്രഭാസ് സോഷ്യല്‍ മീഡിയയിലൂടെ പോസ്റ്റര്‍ പങ്കുവെച്ചത്.
റിലീസ് മാറ്റുമെന്ന തരത്തിലുള്ള റിപ്പോർട്ടുകൾ നേരത്തെ തന്നെ സമൂഹമാധ്യമങ്ങളിലും ട്രേഡ് അനലിസ്റ്റുകൾക്കിടയിലും പ്രചരിച്ചിരുന്നു. ഇപ്പോൾ അണിയറപ്രവർത്തകർ തന്നെ ഇക്കാര്യം ഔദ്യോഗികമായി പ്രഖ്യാപിച്ചിരിക്കുകയാണ്. ചിത്രത്തിന്റെ മികവിനാണ് പ്രഭാസ് കൂടുതൽ പ്രാധാന്യം നൽകുന്നതെന്നാണ് റിപ്പോർട്ടുകൾ. സിനിമയുടെ വലിപ്പവും വ്യാപ്തിയും വളരെ വലുതായതിനാൽ പോസ്റ്റ് പ്രൊഡക്ഷൻ ജോലികൾ പ്രതീക്ഷിച്ചതിലും കൂടുതൽ സമയം എടുക്കുന്നുണ്ട്. കൃത്യമായ സമയക്രമം പാലിച്ചുകൊണ്ട് ചിത്രം പൂർത്തിയാക്കാനുള്ള ശ്രമത്തിലാണ് ഹനു രാഘവപുടി.
ഒന്നിലധികം യൂണിറ്റുകളെ ഉപയോഗിച്ചാണ് സംവിധായകൻ ചിത്രത്തിന്റെ പ്രവർത്തനങ്ങൾ മുന്നോട്ടുകൊണ്ടുപോകുന്നത്. ഇതുവരെ പുറത്തുവന്ന ഔട്ട്പുട്ട് അസാധാരണമായ നിലവാരത്തിലുള്ളതാണെന്നും ചിത്രത്തിന്റെ വിജയത്തിൽ അണിയറപ്രവർത്തകർക്ക് വലിയ ആത്മവിശ്വാസമുണ്ടെന്നുമാണ് സിനിമയുമായി ബന്ധപ്പെട്ട വൃത്തങ്ങൾ പറയുന്നത്.
മികച്ച കഥകൾ ദൃശ്യവത്കരിക്കുന്നതിൽ ശ്രദ്ധേയനായ സംവിധായകനാണ് ഹനു രാഘവപുടി. ഇത്തവണ ഒരു പീരിയഡ് പ്രണയകഥയ്ക്കൊപ്പം ആക്ഷൻ രംഗങ്ങൾക്കും പ്രാധാന്യം നൽകിയാണ് ചിത്രം ഒരുക്കുന്നത്. നവാഗതയായ ഇമാന്‍വിയാണ് നായിക. പ്രശസ്ത തെന്നിന്ത്യന്‍ നടി ജയപ്രദയും ബോളിവുഡ് താരം മിഥുന്‍ ചക്രവര്‍ത്തിയും ചിത്രത്തില്‍ പ്രധാന വേഷങ്ങള്‍ കൈകാര്യം ചെയ്യുന്നുണ്ട്. വിശാല്‍ ചന്ദ്രശേഖര്‍ സംഗീതവും സുദീപ് ചാറ്റര്‍ജി ഛായാഗ്രഹണവും നിര്‍വഹിക്കുന്നു.
പ്രഭാസിനെ അദ്ദേഹത്തിന്റെ കരിയറിലെ പഴയകാല താരപ്രഭയിൽ വീണ്ടും കാണാനാകുമെന്ന പ്രതീക്ഷയിലാണ് ആരാധകർ. ഹനു രാഘവപുടിയും അത്തരമൊരു അനുഭവമാണ് ചിത്രത്തിലൂടെ വാഗ്ദാനം ചെയ്യുന്നതെന്നാണ് നിർമാതാവിന്റെ വാക്കുകളിൽനിന്ന് വ്യക്തമാകുന്നത്.