

പ്രഭാസിന്റെ ആരാധകർ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രങ്ങളാണ് ‘ഫൗജി’യും ‘സ്പിരിറ്റും’. ‘ഫൗജി’യുടെ റിലീസ് മാറ്റിവെച്ചതായി അണിയറപ്രവർത്തകർ ഔദ്യോഗികമായി സ്ഥിരീകരിച്ചതോടെ ചിത്രത്തിന്റെ ഉടൻ റിലീസ് സംബന്ധിച്ച അഭ്യൂഹങ്ങൾക്ക് വിരാമമായെങ്കിലും, പ്രഭാസിന്റെ മറ്റൊരു ചിത്രമായ ‘സ്പിരിറ്റി’ന്റെ റിലീസ് പ്ലാനിനെക്കുറിച്ച് പുതിയ ചർച്ചകൾക്ക് തുടക്കമായിരിക്കുകയാണ്.
നേരത്തെ ഡിസംബറിലായിരുന്നു ‘ഫൗജി’യുടെ റിലീസ് നിശ്ചയിച്ചിരുന്നത്. അതേസമയം സന്ദീപ് റെഡ്ഡി വംഗ സംവിധാനം ചെയ്യുന്ന ‘സ്പിരിറ്റ്’ 2027 മാർച്ച് 5ന് തിയേറ്ററുകളിലെത്തുമെന്ന് നേരത്തെ പ്രഖ്യാപിച്ചിരുന്നു.
രണ്ട് ചിത്രങ്ങളുടെയും റിലീസ് തീയതികൾ തമ്മിൽ ഏതാനും മാസങ്ങളുടെ വ്യത്യാസം മാത്രമുള്ളതിനാൽ ‘ഫൗജി’ ഇനി ‘സ്പിരിറ്റി’ന്റെ റിലീസ് സ്ലോട്ടിലേക്ക് മാറുമോ എന്നതാണ് ആരാധകരുടെ പ്രധാന ചോദ്യം. അങ്ങനെ സംഭവിച്ചാൽ ‘സ്പിരിറ്റ്’ റിലീസ് 2027ന്റെ പിന്നീടുള്ള മാസങ്ങളിലേക്ക് മാറ്റുമോ എന്ന ചർച്ചയും ശക്തമാണ്.
എന്നാൽ നിലവിൽ ‘സ്പിരിറ്റി’ന്റെ റിലീസ് തീയതിയിൽ മാറ്റമുണ്ടാകുമെന്ന ഔദ്യോഗിക അറിയിപ്പൊന്നും പുറത്തുവന്നിട്ടില്ല. ‘ഫൗജി’യുടെ റിലീസ് മാറ്റിയതോടെ ഇരു ചിത്രങ്ങളുടെയും റിലീസ് കലണ്ടർ എങ്ങനെ ക്രമീകരിക്കുമെന്ന ചർച്ചകൾ ട്രേഡ് സർക്കിളുകളിലും സജീവമായിട്ടുണ്ട്.
‘ഫൗജി’ പുതിയ റിലീസ് സ്ലോട്ടിലേക്ക് മാറുമോ, ‘സ്പിരിറ്റ്’ മാർച്ച് 5ന് തന്നെ എത്തുമോ, അതോ രണ്ട് ചിത്രങ്ങളും വ്യത്യസ്ത റിലീസ് വിൻഡോകളിലേക്ക് മാറുമോ എന്നതിൽ വരും ആഴ്ചകളിൽ കൂടുതൽ വ്യക്തത ലഭിക്കുമെന്നാണ് പ്രതീക്ഷ.