റെക്കോഡുകൾ തകർത്ത് പവൻകല്യാണിന്റെ 'ഒജി'; മൂന്നാംനാള്‍ നേടിയത് 150 കോടിയിലേറെ!
പവന്‍ കല്യാൺ ചിത്രം 'ദേ കോള്‍ ഹിം ഒജി' ബോക്‌സ് ഓഫീസില്‍ റെക്കോര്‍ഡുകള്‍ തീര്‍ത്തു മുന്നേറുകയാണ്. റിലീസ് ചെയ്ത് മൂന്നാം നാള്‍ 150 കോടിയിലേറെ രൂപയാണ് ചിത്രം നേടിയത്. സുജീത് രചനയും സംവിധാനവും നിര്‍വഹിച്ച ചിത്രം രണ്ടു ദിവസംകൊണ്ട് 120 കോടിയിലേറെ രൂപയാണ് നേടിയത്. പവന്‍ കല്യാണിന്റെ ഇതുവരെയുള്ള കരിയറില്‍ ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടുന്ന ചിത്രമായി 'ദേ കോള്‍ ഹിം ഒജി'.
പവന്‍ കല്യാണിനൊപ്പം ബോളിവുഡ് താരം ഇമ്രാന്‍ ഹഷ്മിയും പ്രിയങ്ക മോഹനും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായി എത്തുന്നു. ഇമ്രാന്‍ ഹഷ്മിയുടെ തെലുങ്കിലെ അരങ്ങേറ്റ ചിത്രമാണിത്. വില്ലനായാണ് രംഗപ്രവേശം. അര്‍ജുന്‍ ദാസ്, ശ്രിയ റെഡ്ഡി, പ്രകാശ് രാജ് തുടങ്ങിയവരും ചിത്രത്തില്‍ ശ്രദ്ധേയ കഥാപാത്രങ്ങളാണ്.
സാക്‌നില്‍ക്കിന്റെ കണക്കനുസരിച്ച്, ശനിയാഴ്ച ഇന്ത്യയില്‍നിന്ന് ഒജി 18.50 കോടി രൂപ നേടി. ഇതോടെ ആഭ്യന്തര കളക്ഷന്‍ 122 കോടി രൂപയായി. ആന്ധ്രാപ്രദേശില്‍ 1,000 രൂപയും തെലങ്കാനയില്‍ 800 രൂപയും ടിക്കറ്റുകള്‍ക്ക് വിലയുണ്ടായിരുന്ന പ്രീമിയറുകളില്‍നിന്ന് മാത്രം 21 കോടി രൂപയാണ് ചിത്രം നേടിയത്. മറ്റ് പ്രദേശങ്ങളിലും സാധാരണയേക്കാള്‍ ഉയര്‍ന്ന നിരക്കായിരുന്നു. വെള്ളിയാഴ്ച റിലീസ് ചെയ്ത ചിത്രം 63.75 കോടി രൂപ നേടി. ശനിയാഴ്ച ചെറിയ ഇടിവ് ഉണ്ടായെങ്കിലും, രണ്ട് ദിവസത്തെയും പ്രീമിയറുകളിലെയും ലോകമെമ്പാടുമുള്ള ആകെ വരുമാനം 171 കോടിയിലേറെയായിരുന്നു.
തെലുങ്ക് മേഖലയില്‍നിന്നാണ് വരുമാനത്തിന്റെ ഭൂരിഭാഗവും ലഭിച്ചത്. അതേസമയം തമിഴ്, കന്നഡ, ഹിന്ദി പതിപ്പുകള്‍ക്ക് സമ്മിശ്ര പ്രതികരണമാണുള്ളത്. ശനിയാഴ്ച തെലുങ്ക് വിപണികളില്‍ ചിത്രത്തിന്റെ ഒക്യുപെന്‍സി 42.08 ശതമാനമായിരുന്നു. ഡിവിവി എന്റര്‍ടൈന്‍മെന്റിന്റെ കീഴില്‍ ഡിവിവി ധനയ്യയും കല്യാണ്‍ ദാസരിയും ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മാണം. അധോലോകത്തിലേക്കു തിരിച്ചുപോയ മുന്‍ ഗ്യാംഗ്സ്റ്റര്‍ ഓജസ് ഗംഭീര എന്ന കഥാപാത്രത്തെയാണ് പവന്‍ അവതരിപ്പിക്കുന്നത്.

