
2020-ൽ നാഗ് അശ്വിന്റെ, ചിത്രത്തിനായി പ്രഭാസും ദീപിക പദുകോണും ഒന്നിക്കുമെന്ന് പ്രഖ്യാപിച്ചപ്പോൾ ആരാധകർ ആവേശഭരിതരായിരുന്നു. പ്രഖ്യാപനസമയത്ത് ചിത്രത്തിന് പേരിട്ടിട്ടില്ലായിരുന്നു. എന്നാൽ, മാധ്യമങ്ങൾ അതിനെ 'പ്രഭാസ് 21' എന്ന് വിശേഷിച്ചപ്പോൾ ദീപിക തന്റെ അതൃപ്തി തുറന്നുപ്രകടിപ്പിച്ചു. അവിടെത്തുടങ്ങി,'കൽക്കി'യിലെ ദീപികയുടെ എതിർസ്വരങ്ങൾ.
പ്രഭാസുമൊത്തുള്ള തന്റെ ചിത്രത്തിന്റെ താത്കാലിക പേര് 'പ്രഭാസ് 21' എന്നാണെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തതിനു തൊട്ടുപിന്നാലെ, ദീപിക ഒരു ട്വീറ്റ് പങ്കുവച്ചു. 'സിനിമയെക്കുറിച്ച് റിപ്പോർട്ട് ചെയ്തതിന് നന്ദി. എന്നാൽ ചിത്രത്തിന് 'പ്രഭാസ് 21' എന്ന് പേരിട്ടിട്ടില്ല. ഇത് പ്രഭാസിന്റെ 21-ാമത്തെ ചിത്രമാണ്. ഇതൊരു ത്രിഭാഷാ ചിത്രമാണ്, ഹിന്ദി, തമിഴ്, തെലുങ്ക്. ദയവായി ശ്രദ്ധിക്കുക. നന്ദി...' എന്നായിരുന്നു ബോളിവുഡ് സൂപ്പർ നായികയുടെ പ്രതികരണം.
എന്നാൽ, ദീപികയുടെ പ്രതികരണത്തിനു തൊട്ടുപിന്നാലെ പ്രഭാസ് ആരാധകർ വിമർശനവുമായി രംഗത്തെത്തി. പ്രഭാസാണ് നായകനെന്നും അതുകൊണ്ടാണ് ഈ പേര് എന്നും ചില ആരാധകർ വാദിച്ചു. ദീപികയ്‌ക്കെതിരേ വൻ വിമർശനങ്ങളും ഉയർത്തി. പ്രഭാസ് സൂപ്പർ താരമാണെന്നും പ്രധാനമായും ഇതൊരു തെലുങ്ക് ചിത്രമാണെന്നും തമിഴ്, ഹിന്ദി എന്നിവ മൊഴിമാറ്റം മാത്രമാണെന്നും ഇതൊരു ബോളിവുഡ് ചിത്രമല്ലെന്നും ആരാധകർ പ്രതികരിച്ചു.
നാഗ് അശ്വിൻ സംവിധാനം ചെയ്ത ചിത്രം തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിൽ പുറത്തിറങ്ങി. ദീപിക പദുകോണും പ്രഭാസും ഒന്നിച്ച ആദ്യ ചിത്രമായിരുന്നു 'കൽക്കി'. ഇപ്പോൾ 'കൽക്കി'യുടെ രണ്ടാം ഭാഗത്തിൽ ദീപിക ഇല്ലെന്ന വാർത്ത പ്രൊഡക്ഷൻ ഹൗസ് ആയ വൈജയന്തി മൂവീസ് സ്ഥിരീകരിച്ചിരിക്കുന്നു. അതോടെ 'കൽക്കി'യുടെ രണ്ടാം ഭാഗത്തിന്റെ ഭാവി എന്തായിരിക്കുമെന്ന ആശങ്കയിലാണ് ആരാധകർ.
പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന സന്ദീപ് റെഡ്ഡി വംഗയുടെ 'സ്പിരിറ്റ്' എന്ന ചിത്രത്തിൽനിന്നും ദീപിക പിന്മാറിയിട്ടുണ്ട്. കുഞ്ഞിന്റെ കാര്യത്തിൽ കൂടുതൽ ശ്രദ്ധിക്കാനാണ് താൻ അഭിനയത്തിൽനിന്നു വിട്ടുനിൽക്കുന്നതെന്നായിരുന്നു താരത്തിന്റെ വിശദീകരണം. കൽക്കിയുടെ ആദ്യ ഭാഗത്തിനു ലഭിച്ചതിനേക്കാൾ 25 ശതമാനം കൂടുതൽ പ്രതിഫലം ദീപിക ചോദിച്ചതായും ദിവസം ഏഴു മണിക്കൂർ കൂടുതൽ ലൊക്കേഷനിൽ ചെലവഴിക്കാൻ കഴിയില്ലെന്ന് താരം പറഞ്ഞതായും നിർമാതാക്കളുമായി അടുത്ത ബന്ധം പുലർത്തുന്നവർ വെളിപ്പെടുത്തുന്നു.
ദീപികയ്ക്കായി ലൊക്കേഷനിൽ ആഡംബരസൗകര്യങ്ങൾ നിർമാതാക്കൾ വാഗ്ദാനം ചെയ്തിരുന്നു. എന്നാൽ, താരം അതു നിരസിച്ചു. 25 പേരടങ്ങുന്ന തന്റെ ക്രൂവിന് ഫൈവ് സ്റ്റാർ താമസം വേണമെന്ന് അവർ ആവശ്യപ്പെട്ടു. ദീപികയുടെ ചെലവ് പ്രഭാസിന്റെ പ്രതിഫലത്തേക്കാൾ കൂടുതലാകുന്നതുകൊണ്ട് നിർമാതാക്കൾ അവരെ ഒഴിവാക്കുകയായിരുന്നുവെന്നാണ് റിപ്പോർട്ടുകൾ.