

തെലുങ്ക് സൂപ്പര്‍താരം നാഗചൈതന്യയുടെ 40-ാം പിറന്നാള്‍ ദിനത്തില്‍ ഭാര്യയും നടിയുമായ ശോഭിത ധൂലിപാല പങ്കുവെച്ച പ്രണയാര്‍ദ്രമായ ആശംസയും ചിത്രങ്ങളും ആരാധകര്‍ക്കിടയില്‍ തരംഗമാകുന്നു. 'ഹാപ്പി ബര്‍ത്ത്ഡേ ലവര്' എന്ന സ്നേഹനിര്‍ഭരവുമായ കുറിപ്പിനൊപ്പമാണ് ശോഭിത ഇന്‍സ്റ്റഗ്രാമിലൂടെ ചിത്രങ്ങള്‍ പുറത്തുവിട്ടത്.
ഇരുവരും ചുംബിക്കുന്നതും പരസ്പരം ചേര്‍ത്തുപിടിച്ച് നില്ക്കുന്നതുമായ അതിമനോഹരമായ നിമിഷങ്ങളാണ് ചിത്രങ്ങളിലുള്ളത്. താരദമ്പതികള്‍ നേരത്തെ സൈപ്രസിലേക്ക് നടത്തിയ അവധിക്കാല യാത്രയ്ക്കിടെ പകര്‍ത്തിയ ചിത്രങ്ങളാണിവ.
ചിത്രങ്ങള്‍ക്കൊപ്പം രസകരമായ വീഡിയോയും ശോഭിത പങ്കുവെച്ചിട്ടുണ്ട്. കലൈഡോസ്കോപ്പിലൂടെ നാഗചൈതന്യ തമാശരൂപേണ മുഖഭാവങ്ങള്‍ കാണിക്കുന്നതും, അത് കണ്ട് ശോഭിത പൊട്ടിച്ചിരിക്കുന്നതുമാണ് വീഡിയോയിലുള്ളത്. പോസ്റ്റ് പങ്കുവെച്ചതിനു പിന്നാലെ നിരവധി ആരാധകരാണ് പ്രിയതാരത്തിന് പിറന്നാള്‍ ആശംസകളുമായി എത്തിയത്. കമന്റ് ബോക്സില്‍ ശോഭിതയുടെ 'ലവര്' പ്രയോഗത്തെ അഭിനന്ദിച്ചവരും ഏറെയാണ്.
രണ്ടു വര്‍ഷത്തോളം നീണ്ട പ്രണയത്തിനൊടുവില്‍ 2024 ഡിസംബര്‍ നാലിനായിരുന്നു നാഗ ചൈതന്യയും ശോഭിത ധൂലിപാലയും വിവാഹിതരായത്. ഹൈദരാബാദിലെ അന്നപൂര്‍ണ സ്റ്റുഡിയോയില്‍വെച്ച് പരമ്പരാഗത തെലുങ്ക് ആചാരപ്രകാരമായിരുന്നു വിവാഹച്ചടങ്ങുകള്‍. ഇതുവരെ ഇരുവരും സിനിമയില്‍ ഒന്നിച്ചഭിനയിച്ചിട്ടില്ലെങ്കിലും, ഈ പ്രിയജോഡിയെ ബിഗ് സ്ക്രീനില്‍ ഒരുമിച്ച് കാണാനുള്ള കാത്തിരിപ്പിലാണ് സിനിമാപ്രേമികള്‍.
കരിയറിലും ഇരുവരും തിരക്കിലാണ്. ഈ വര്‍ഷം ആമസോണ്‍ പ്രൈം വീഡിയോയില്‍ റിലീസ് ചെയ്ത 'ചീകടിലോ' എന്ന ചിത്രത്തിലാണ് ശോഭിത ധൂലിപാല അവസാനമായി വേഷമിട്ടത്. 2027-ല്‍ റിലീസിനൊരുങ്ങുന്ന 'വേട്ടുവം' എന്ന തമിഴ് ചിത്രമാണ് ശോഭിതയുടേതായി ഇനി പുറത്തുവരാനുള്ള പ്രധാന പ്രോജക്ട്. തന്റെ പുതിയ ചിത്രമായ 'വൃഷകര്മ'യുടെ തിരക്കുകളിലാണ് നാഗചൈതന്യ.