

വിവാഹം കഴിഞ്ഞ് രണ്ടു വർഷത്തിനുശേഷം ഭാര്യയും നടിയുമായ ശോഭിത ധൂലിപാല തനിക്കായി അത്താഴം തയാറാക്കിയ അനുഭവം സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ച് തെലുങ്ക് താരം നാഗ ചൈതന്യ. ശോഭിത തനിക്കായി ഭക്ഷണം വിളമ്പുന്ന ചിത്രം പങ്കുവെച്ചുകൊണ്ടാണ് താരം ഈ രസകരമായ അനുഭവം ആരാധകരുമായി പങ്കുവെച്ചത്.
ഭക്ഷണ പാത്രങ്ങളുമായി ചിരിച്ചുകൊണ്ട് നിൽക്കുന്ന ശോഭിതയുടെ ചിത്രം പങ്കുവെച്ച് 'വിവാഹം കഴിഞ്ഞ് രണ്ടു വർഷത്തോടടുക്കുമ്പോൾ ഭാര്യ എനിക്കായി അത്താഴം ഒരുക്കിയിരിക്കുന്നു, ഇന്ന് ഞാൻ എന്തോ നല്ല കാര്യം ചെയ്തിട്ടുണ്ടാകണം...' എന്നാണ് നാഗ ചൈതന്യ ഇൻസ്റ്റഗ്രാമിൽ കുറിച്ചത്. ഇതിനു താഴെ 'നിങ്ങൾ എന്നെ കളിയാക്കുകയാണോ അതോ പുകഴ്ത്തുകയാണോ?' എന്ന് ശോഭിത തമാശരൂപേണ കമന്‍റും ചെയ്തിട്ടുണ്ട്.
ഇരുവരുടെയും രസകരമായ സംഭാഷണവും ചിത്രവും സോഷ്യൽ മീഡിയയിൽ വൈറലായിക്കഴിഞ്ഞു. നേരത്തെ അഭിമുഖത്തിൽ ഇരുവരും തങ്ങൾക്ക് പാചകം വശമില്ലെന്ന് തുറന്നുപറഞ്ഞിരുന്നു. ഇതിനു പിന്നാലെയാണ് ശോഭിതയുടെ പുതിയ പാചകപരീക്ഷണം ആരാധകർക്കിടയിൽ ചർച്ചയാകുന്നത്. 2024 ഡിസംബറിലായിരുന്നു നാഗ ചൈതന്യയും ശോഭിത ധൂലിപാലയും വിവാഹിതരായത്.