

പ്രശാന്ത് വര്മ സിനിമാറ്റിക് യൂണിവേഴ്സിലെ ഏറ്റവും പുതിയ ചിത്രമായ 'മഹാകാളി'യില് അക്ഷയ് ഖന്നയുടെ സീനുകളുടെ ചിത്രീകരണം പൂര്ത്തിയായി. ചിത്രത്തില് അതീവ പ്രാധാന്യമുള്ള 'ശുക്രാചാര്യ' എന്ന കഥാപാത്രത്തെയാണ് അദ്ദേഹം അവതരിപ്പിക്കുന്നത്. അക്ഷയ് ഖന്നയുടെ ജന്മദിനത്തോടനുബന്ധിച്ച് സംവിധായകന് പ്രശാന്ത് വര്മയാണ് ആവേശകരമായ വാര്ത്ത പുറത്തുവിട്ടത്. സെറ്റില്നിന്നുള്ള പുതിയ ചിത്രവും ഇതോടൊപ്പം പങ്കുവച്ചിട്ടുണ്ട്.
ഭൂമി ഷെട്ടി ടൈറ്റില് റോളിലെത്തുന്ന ചിത്രം ആര്കെഡി സ്റ്റുഡിയോസിന്റെ ബാനറില് ആര്.കെ. ദുഗലും റിവാസ് രമേഷ് ദുഗലും ചേര്ന്നാണു നിര്മിക്കുന്നത്. പൂജ കൊല്ലുരു സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഷോ റണ്ണര് പ്രശാന്ത് വര്മയാണ്. കഴിഞ്ഞ വര്ഷം പുറത്തിറങ്ങിയ അക്ഷയ് ഖന്നയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര് വലിയ രീതിയില് ശ്രദ്ധിക്കപ്പെട്ടിരുന്നു. അദ്ദേഹത്തിന്റെ തെലുങ്ക് അരങ്ങേറ്റം കൂടിയായ ചിത്രത്തിലെ പുരാണ കഥാപാത്രം പ്രേക്ഷകര് ആവേശത്തോടെയാണു കാത്തിരിക്കുന്നത്.
ഹൈദ്രാബാദില് ചിത്രത്തിന്റെ അവസാനഘട്ട ഷെഡ്യൂള് പുരോഗമിക്കുകയാണ്. ഏകദേശം 100 ദിവസത്തെ ചിത്രീകരണം പൂര്ത്തിയായതായും ഇനി 40 ദിവസത്തെ ജോലികള് കൂടി ബാക്കിയുണ്ടെന്നും അണിയറപ്രവര്ത്തകര് അറിയിച്ചു. ഒരേസമയം വിവിധ സ്റ്റുഡിയോകളില് വിഎഫ്എക്സ് ജോലികളും പുരോഗമിക്കുന്നുണ്ട്. സ്മരണ് സായി സംഗീതവും സുരേഷ് രഗുട്ടു ഛായാഗ്രഹണവും നിര്വഹിക്കുന്ന ചിത്രം വിസ്മയ ദൃശ്യവിരുന്നായിരിക്കുമെന്ന് അണിയറപ്രവര്ത്തകര് പറയുന്നു.
ഭൂമി ഷെട്ടിയുടെ ഉഗ്രരൂപത്തിലുള്ള ഫസ്റ്റ് ലുക്ക് നേരത്തെ തന്നെ തരംഗമായിരുന്നു. അക്ഷയ് ഖന്ന കൂടി തന്റെ ഭാഗങ്ങള് പൂര്ത്തിയാക്കിയതോടെ ചിത്രത്തിന്റെ റിലീസ് തീയതി ഉടന് പ്രഖ്യാപിക്കാനുള്ള തയാറെടുപ്പിലാണ് അണിയറപ്രവര്ത്തകര്.