

ടോളിവുഡ് സൂപ്പർ താരം ജൂനിയർ എൻടിആറിന്റെ പുതിയ ശാരീരിക മാറ്റം കണ്ട് അമ്പരന്നിരിക്കുകയാണ് ആരാധകർ. കെജിഎഫ് സംവിധായകൻ പ്രശാന്ത് നീലുമായി കൈകോർക്കുന്ന പുതിയ ചിത്രത്തിനായുള്ള താരത്തിന്റെ കഠിനാധ്വാനമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമാകുന്നത്. തന്റെ സിക്സ് പാക്ക് ശരീരം പ്രദർശിപ്പിക്കുന്ന ചിത്രം പങ്കുവച്ചുകൊണ്ട് താരം കുറിച്ചത് 'നിർമിച്ചെടുത്തത്, വിലയ്ക്കു വാങ്ങിയതല്ല' എന്നാണ്.
ജൂനിയർ എൻടിആറിന്റെ പുതിയ ലുക്ക് പുറത്തുവന്നതോടെ ആരാധകർ ആവേശത്തിലാണ്. 'തിരിച്ചുവരവ് അതിശക്തമായിരിക്കും', 'നാച്ചുറൽ ബോഡി ബിൽഡിങ് എപ്പോഴും മികച്ചതാണ്' എന്നിങ്ങനെ നിരവധി കമന്റുകളാണ് ചിത്രത്തിനു താഴെ വരുന്നത്. പ്രശാന്ത് നീൽ ചിത്രത്തിൽ ജൂനിയർ എൻടിആർ തകർപ്പൻ പ്രകടനം കാഴ്ചവയ്ക്കുമെന്ന പ്രതീക്ഷയിലാണ് ആരാധകർ.
ചിത്രത്തിന്റെ ഷൂട്ടിങ് വൈകുമെന്ന് അടുത്തിടെ ചില അഭ്യൂഹങ്ങൾ പ്രചരിച്ചിരുന്നു. എന്നാൽ ഈ വാർത്തകൾ നിർമാതാക്കളായ മൈത്രി മൂവി മേക്കേഴ്സ് തള്ളിക്കളഞ്ഞു. സിനിമയുടെ പ്രവർത്തനങ്ങൾ കൃത്യമായി നടക്കുന്നുണ്ടെന്നും, ഔദ്യോഗിക വിവരങ്ങൾക്കായി കാത്തിരിക്കണമെന്നും അവർ വ്യക്തമാക്കി. 'ഡ്രാഗൺ' എന്നാണ് ചിത്രത്തിന്റെ താത്കലിക പേര്.
ഹൃത്വിക് റോഷനൊപ്പം അഭിനയിച്ച 'വാർ 2' ആയിരുന്നു ജൂനിയർ എൻടിആറിന്റെ ഒടുവിൽ പുറത്തിറങ്ങിയ ചിത്രം. വലിയ പ്രതീക്ഷകളോടെ എത്തിയ സിനിമയ്ക്ക് ബോക്സ് ഓഫീസിൽ കാര്യമായ ചലനം സൃഷ്ടിക്കാൻ കഴിഞ്ഞില്ല. 400 കോടി ബജറ്റിൽ ഒരുങ്ങിയ ചിത്രം ഏകദേശം 236.55 കോടി രൂപ മാത്രമാണ് നേടിയത്. 'വാർ 2' നേരിട്ട തിരിച്ചടിക്ക് പ്രശാന്ത് നീൽ ചിത്രത്തിലൂടെ മറുപടി നൽകാനൊരുങ്ങുകയാണ് താരം. പ്രശാന്ത് നീലിന്റെ കറുപ്പിലും ചാരനിറത്തിലുമുള്ള ആക്ഷൻ ലോകത്ത് 'യങ് ടൈഗർ' എങ്ങനെ ആറാടും എന്നറിയാനുള്ള കാത്തിരിപ്പിലാണ് സിനിമാപ്രേമികൾ.