

പ്രശാന്ത് നീല്‍ സംവിധാനം ചെയ്യുന്ന ആക്ഷന്‍ ചിത്രമായ ഡ്രാഗണിന്റെ ചിത്രീകരണത്തിനിടെ തെലുങ്ക് സൂപ്പര്‍താരം ജൂനിയര്‍ എന്‍ടിആറിന് തോളിനു പരിക്ക്. തുടര്‍ന്ന് താരത്തെ വിശദമായ വൈദ്യപരിശോധനയ്ക്ക് വിധേയനാക്കി. തുടർന്ന് വിദഗ്ധ ഡോക്ടര്‍മാരുടെ സംഘം ആറു മുതല്‍ എട്ട് ആഴ്ച വരെ പൂര്‍ണവിശ്രമം നിര്‍ദേശിക്കുകയായിരുന്നു.
താരത്തിന്റെ ആരോഗ്യം തൃപ്തികരമാണെന്നും ആരാധകര്‍ ആകുലപ്പെടേണ്ടതില്ലെന്നും അദ്ദേഹത്തിന്റെ പിആര്‍ ടീം പത്രക്കുറിപ്പിലൂടെ അറിയിച്ചു. പരിക്ക് പൂര്‍ണമായും ഭേദമാകുന്നതിനാണ് ഡോക്ടര്‍മാര്‍ വിശ്രമം നിര്‍ദേശിച്ചിരിക്കുന്നത്.
ജൂനിയര്‍ എന്‍ടിആര്‍ വിശ്രമത്തിലേക്ക് മാറുന്നതോടെ 'ഡ്രാഗണ്‍' ചിത്രത്തിന്റെ നിലവിലെ ഷെഡ്യൂളുകള്‍ താത്കാലികമായി നിര്‍ത്തിവെക്കും. പൂര്‍ണ ആരോഗ്യവാനായി തിരിച്ചെത്തിയ ശേഷമേ താരം വീണ്ടും സെറ്റില്‍ ജോയിന്‍ ചെയ്യൂ.
'കെജിഎഫ്', 'സലാര്‍' എന്നീ വന്‍ ഹിറ്റുകള്‍ക്കുശേഷം പ്രശാന്ത് നീല്‍ ഒരുക്കുന്ന ബിഗ് ബജറ്റ് ചിത്രത്തില്‍ 'ലുഗര്‍' എന്ന ശക്തമായ കഥാപാത്രത്തെയാണ് ജൂനിയര്‍ എന്‍ടിആര്‍ അവതരിപ്പിക്കുന്നത്. രുക്മിണി വസന്ത്, അനില്‍ കപുര്‍, ബിജു മേനോന്‍, ഗുരു സോമസുന്ദരം, ഖുശ്ബു എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങള്‍.
മൈത്രി മൂവി മേക്കേഴ്‌സും എന്‍ടിആര്‍ ആര്‍ട്‌സും ചേര്‍ന്ന് നിര്‍മിക്കുന്ന ചിത്രം 2027 ജൂണില്‍ തിയേറ്ററുകളില്‍ എത്തിക്കാനാണ് അണിയറപ്രവര്‍ത്തകര്‍ ലക്ഷ്യമിടുന്നത്.