'ഇരുമുടി'ക്കെട്ടിൽ 150കോടി;രണ്ടാംവെള്ളിയാഴ്ചനേട്ടത്തിൽ വീണത് 'ബാഹുബലി'യും 'പുഷ്പ'യും

'ഇരുമുടി' 150 കോടി ക്ലബ്ബ് പോസ്റ്റർ
'ഇരുമുടി' 150 കോടി ക്ലബ്ബ് പോസ്റ്റർകടപ്പാട്-ഫേസ്ബുക്ക്
Published on

മാസ് മഹാരാജ രവി തേജ നായകനായെത്തിയ തെലുങ്ക് സിനിമ ‘ഇരുമുടി’ 150 കോടി ക്ലബ്ബിൽ ഇടം നേടി. തെലുങ്കിലെ ഏറ്റവും വലിയ ബ്ലോക്ക്ബസ്റ്ററുകളുമായി താരതമ്യം ചെയ്യാവുന്ന നേട്ടവും ശബരിമലയുടെ പശ്ചാത്തലത്തിലുള്ള ചിത്രം സ്വന്തമാക്കിയിരിക്കുകയാണ്. രണ്ടാം വെള്ളിയാഴ്ച ചിത്രം ഏകദേശം 12 കോടി രൂപ നേടിയെന്നാണ് റിപ്പോർട്ടുകൾ. ‘ആർആർആർ’ രണ്ടാം വെള്ളിയാഴ്ച നേടിയ 15 കോടി രൂപയ്ക്ക് തൊട്ടുപിന്നിലാണ് ‘ഇരുമുടി’യുടെ നേട്ടം.

150 കോടി ​ഗ്രോസ് കളക്ഷനിൽ നിസാം മേഖല(തെലങ്കാന)യിൽ നിന്ന് മാത്രം 50 കോടി രൂപയാണ് ലഭിച്ചത്. രവി തേജയുടെ കരിയറിലെ തന്നെ പുതിയ വ്യക്തിഗത റെക്കോഡാണ് ഈ നേട്ടം. അതോടൊപ്പം ഏറ്റവും വലിയ പ്രാദേശിക ബ്ലോക്ക്ബസ്റ്ററുകളിലൊന്നായി ‘ഇരുമുടി’ മാറുകയും ബോക്സ് ഓഫീസിൽ പുതിയ ബെഞ്ച്മാർക്കുകൾ സൃഷ്ടിക്കുകയും ചെയ്തു.

Must Read
ബ്രഹ്മാസ്ത്രം തൊടുക്കാൻ രൺബീർ,ശ്രീരാമനു ശേഷം ഇനി ഇരട്ടവേഷം
'ഇരുമുടി' 150 കോടി ക്ലബ്ബ് പോസ്റ്റർ

നിരവധി വമ്പൻ ചിത്രങ്ങളെ മറികടന്നാണ് ‘ഇരുമുടി’യുടെ മുന്നേറ്റം. രണ്ടാം വാരത്തിലും രവി തേജ ചിത്രത്തിന് നിലനിർത്താനായ മികച്ച ബോക്‌സ് ഓഫീസ് മുന്നേറ്റമാണ് ഈ കണക്കുകൾ വ്യക്തമാക്കുന്നത്. മികച്ച ഓപ്പണിങ് നേട്ടം മാത്രമല്ല ചിത്രത്തിന് കിട്ടിയത്. ആദ്യ വാരാന്ത്യത്തിന് ശേഷവും പ്രേക്ഷകരെ തിയേറ്ററുകളിലേക്ക് ആകർഷിച്ചു കൊണ്ടിരിക്കുകയാണ്.

വമ്പൻ ചിത്രങ്ങൾക്കിടയിലെ ‘ഇരുമുടി’യുടെ സ്ഥാനം ടോളിവുഡിനെ അമ്പരപ്പിക്കുകയാണ്. ‘ബാഹുബലി 2’ രണ്ടാം വെള്ളിയാഴ്ച ഏകദേശം 10.5 കോടി രൂപ നേടിയപ്പോൾ, ‘പുഷ്പ 2’യും ‘കൽക്കി 2898 എഡി’യും യഥാക്രമം ഏകദേശം ഒമ്പതുകോടിയും ഏഴു കോടിയുമാണ് നേടിയത്.

'ഇരുമുടി' പോസ്റ്റർ
'ഇരുമുടി' പോസ്റ്റർകടപ്പാട്-ഫേസ്ബുക്ക്

മികച്ച പ്രതികരണത്തോടെയാണ് ‘ഇരുമുടി’ ആന്ധ്രയിലും തെലങ്കാനയിലും റിലീസ് ചെയ്തത്. ആദ്യ വാരാന്ത്യത്തിൽ രണ്ടിടത്തു നിന്നുമായി ചിത്രം ഏകദേശം 50 കോടി രൂപ ഗ്രോസ് നേടിയതായി നേരത്തെ റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. പ്രധാന കേന്ദ്രങ്ങളിലെല്ലാം മികച്ച ഒക്യുപൻസിയും ചിത്രത്തിന് ലഭിച്ചു.

'ഇരുമുടി' പോസ്റ്റർ
'ഇരുമുടി' പോസ്റ്റർകടപ്പാട്-ഫേസ്ബുക്ക്

ശിവ നിർവാണ സംവിധാനം ചെയ്ത് മൈത്രി മൂവി മേക്കേഴ്സ് നിർമിച്ച ചിത്രത്തിന് പുതിയ റിലീസുകൾ എത്തിയിട്ടും ബോക്സ് ഓഫീസിൽ മികച്ച ഹോൾഡ് നിലനിർത്താനാകുന്നുണ്ട്. ചിത്രത്തിന്റെ കളക്ഷൻ ഇപ്പോഴും ശക്തമായി തുടരുകയാണ്. വളരെ വേഗത്തിലാണ് ചിത്രം മുടക്കുമുതൽ തിരിച്ചുപിടിച്ചത്. 20 കോടി രൂപയുടെ തിയേറ്റർ റിക്കവറി ടാർഗറ്റ് വെറും രണ്ട് ദിവസംകൊണ്ട് തന്നെ ചിത്രം മറികടന്നതായാണ് റിപ്പോർട്ടുകൾ. ആദ്യ വാരാന്ത്യത്തിൽ ആഗോളതലത്തിൽ ഏകദേശം 75 കോടി രൂപ ഗ്രോസ് നേടിയ ചിത്രം, രവി തേജയുടെ കരിയറിലെ ഏറ്റവും വലിയ ഫസ്റ്റ് വീക്കൻഡ് ഗ്രോസറായും മാറി.

'ഇരുമുടി' പോസ്റ്റർ
'ഇരുമുടി' പോസ്റ്റർകടപ്പാട്-ഫേസ്ബുക്ക്

യഷിന്റെ ‘ടോക്‌സിക്’ റിലീസ് ചെയ്തിട്ടും ‘ഇരുമുടി’യുടെ കുതിപ്പിന് കാര്യമായ തിരിച്ചടി നേരിടേണ്ടിവന്നില്ല എന്നതാണ് നിലവിലെ ട്രെൻഡിനെ കൂടുതൽ ശ്രദ്ധേയമാക്കുന്നത്. പോസിറ്റീവ് മൗത്ത് പബ്ലിസിറ്റി, കുടുംബവികാരങ്ങൾ, അയ്യപ്പ ഭക്തിയുമായി ബന്ധപ്പെട്ട പ്രമേയം എന്നിവയെല്ലാം ചിത്രത്തിന് അനുകൂലമായെന്നാണ് വിലയിരുത്തൽ. ചിത്രത്തിൽ മലയാളിയായ ബാലതാരം നക്ഷത്രയാണ് രവി തേജയുടെ മകളായി അഭിനയിക്കുന്നത്. വൻപ്രശംസയാണ് ഈ കുട്ടിയുടെ പ്രകടനത്തിന് ലഭിക്കുന്നത്.

'ഇരുമുടി' 100 കോടിയിലെത്തിയപ്പോൾ പുറത്തിറക്കിയ പോസ്റ്റർ
'ഇരുമുടി' 100 കോടിയിലെത്തിയപ്പോൾ പുറത്തിറക്കിയ പോസ്റ്റർകടപ്പാട്-ഫേസ്ബുക്ക്

രണ്ടാം വെള്ളിയാഴ്ച നേടിയ ഈ മികച്ച കളക്ഷൻ ‘ഇരുമുടി’യുടെ ഇതിനോടകം ശ്രദ്ധേയമായ ബോക്‌സ് ഓഫീസ് യാത്രയ്ക്ക് മറ്റൊരു പൊൻതൂവൽ കൂടി സമ്മാനിച്ചിരിക്കുകയാണ്. ആഗോളതലത്തിൽ 200 കോടി രൂപയിലേക്ക് ചിത്രം കുതിക്കുമ്പോൾ, ഈ മുന്നേറ്റം രവി തേജയുടെ തിരിച്ചുവരവുചിത്രത്തെ മറ്റൊരു ചരിത്ര നേട്ടത്തിലേക്ക് എത്തിക്കുമോയെന്നാണ് ഇനി അറിയേണ്ടത്.

Pappappa
pappappa.com