

എസ്.എസ്. രാജമൗലി-പ്രഭാസ് കൂട്ടുകെട്ടിന്റെ 'ബാഹുബലി' ബിഗ് സ്‌ക്രീനില്‍ ഇതിഹാസ അനുഭവമായി തിരിച്ചെത്തുന്നു. രണ്ടു ഭാഗങ്ങള്‍ ചേര്‍ത്ത് ഒറ്റ ചിത്രമായാണ് റിലീസ് ചെയ്യുന്നത്. ഒക്ടോബര്‍ 31ന് റിലീസ് ചെയ്യുന്ന ചിത്രത്തെ ഏറ്റെടുക്കാന്‍ ആരാധകര്‍ വന്‍ ഒരുക്കങ്ങളാണ് നടത്തുന്നത്.
ബാഹുബലി: ദി ബിഗിനിങ് എന്ന ചിത്രത്തിലൂടെ എസ്.എസ്. രാജമൗലി അക്ഷരാര്‍ഥത്തില്‍ ഇന്ത്യന്‍ ചലച്ചിത്രലോകത്തെ വിസ്മയിപ്പിച്ചു. പത്തുവര്‍ഷത്തിനു മുമ്പായിരുന്നു അത്. രണ്ടു വര്‍ഷത്തിനുശേഷം ബാഹുബലി 2: ദി കണ്‍ക്ലൂഷന്‍- എന്ന തുടര്‍ച്ചയിലൂടെ അദ്ദേഹം വീണ്ടും ആരാധകരെ പൂരാവേശത്തിലാക്കി. ബോക്‌സ്ഓഫീസില്‍ വന്‍ തരംഗം സൃഷ്ടിക്കുകയും ചെയ്തു.
രണ്ട് ഭാഗങ്ങളുള്ള ചലച്ചിത്ര ഇതിഹാസത്തിന്റെ പുനര്‍നിര്‍മിച്ച, സാങ്കേതികമായി മികച്ച പതിപ്പാണ് 'ബാഹുബലി എപിക്' എന്ന പേരിൽ ഇപ്പോള്‍ തിയറ്ററുകളിലേക്കെത്തുന്നത്. അമരേന്ദ്ര ബാഹുബലിയുടെ ഉദയം മുതല്‍ മഹേന്ദ്ര ബാഹുബലിയുടെ പ്രതികാരം വരെയുള്ള മഹിഷ്മതിയുടെ പൂര്‍ണമായ ആഖ്യാനം ഒറ്റപ്പതിപ്പായി പ്രേക്ഷകര്‍ക്കു കാണാം. റീ റിലീസിനു പിന്നില്‍, വെറും വാണിജ്യപരമായ ലക്ഷ്യം മാത്രമല്ല, മറിച്ച് രണ്ടു ഭാഗങ്ങളിലെയും മാന്ത്രികാനുഭവം ചേര്‍ത്ത് വലിയ ക്യാന്‍വാസില്‍ തിരികെ കൊണ്ടുവരാനുള്ള വലിയ ആഗ്രഹമാണെന്ന് അണിയറക്കാര്‍ വെളിപ്പെടുത്തി. ഒറ്റയിരിപ്പില്‍ മുഴുവന്‍ കഥയും പ്രേക്ഷകരെ അനുഭവിപ്പിക്കുക എന്നതു മാത്രമാണു ലക്ഷ്യമെന്നും അണിയറക്കാര്‍ പറഞ്ഞു.
റീ-കട്ട് പതിപ്പ് 4കെ-യിലാണ് തയാറായിരിക്കുന്നത്. മഹിഷ്മതിയുടെ നാടകീയ സംഭവങ്ങളും യുദ്ധരംഗങ്ങളും പ്രേക്ഷകരെ ത്രസിപ്പിക്കുമെന്നും അണിയറക്കാര്‍ കൂട്ടിച്ചേര്‍ത്തു. സംഗീതസംവിധായകന്‍ കീരവാണിയുടെ ഐക്കണിക് സ്‌കോര്‍ ഡോള്‍ബി അറ്റ്മോസില്‍ റീമിക്‌സ് ചെയ്തിട്ടുണ്ട്. ഇത് ആക്ഷന്‍ രംഗങ്ങളെ വ്യത്യസ്ത അനുഭവമാക്കും. റീ-റിലീസില്‍ ബാഹുബലിയുടെ മൂന്നാം ഭാഗമായ 'ബാഹുബലി: ദി എറ്റേണല്‍ വാര്‍' എന്ന ചിത്രത്തിന്റെ ടീസറും ഉള്‍പ്പെടുത്തുന്നത് ആരാധകരെ ആഘോഷത്തിമിര്‍പ്പിലാക്കും.