

അല്ലു അര്ജുനും ഹിറ്റ് മേക്കര് ആറ്റ്ലിയും ആദ്യമായി ഒന്നിക്കുന്ന ബിഗ് ബജറ്റ് ചിത്രത്തിന് 'രാക്ക' എന്നു പേരിട്ടു. അല്ലു അര്ജുന്റെ 44-ാം ജന്മദിനത്തോടനുബന്ധിച്ചാണ് ചിത്രത്തിന്റെ ടൈറ്റിലും ഭയപ്പെടുത്തുന്ന ലുക്കിലുള്ള ഫസ്റ്റ് ലുക്ക് പോസ്റ്ററും പുറത്തുവിട്ടത്. 'AA22xA6' എന്ന് താത്കാലികമായി പേരിട്ടിരുന്ന ചിത്രം മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി തുടങ്ങി ഒമ്പത് ഭാഷകളിലായാണ് റിലീസ് ചെയ്യുന്നത്.
പുറത്തുവന്ന പോസ്റ്ററില് തിരിച്ചറിയാന് കഴിയാത്ത വിധം വലിയ മാറ്റങ്ങളുമായാണ് അല്ലു പ്രത്യക്ഷപ്പെടുന്നത്. പ്രോസ്തെറ്റിക് മേക്കപ്പിന്റെ സഹായത്തോടെ പ്രായം തോന്നിക്കുന്ന രൂപവും, കണ്ണെഴുതി ക്രൂരമായ ഭാവവുമുള്ള ഒരു 'ഡെവിള്' ലുക്കാണ് ഇതിലുള്ളത്. കമ്പിളി വസ്ത്രത്തിനുള്ളില്നിന്നു പുറത്തേക്കു നീണ്ടുനില്ക്കുന്ന നഖങ്ങള് കഥാപാത്രത്തിന്റെ വന്യത വ്യക്തമാക്കുന്നു. 'പരിധിക്കപ്പുറമുള്ള കാഴ്ചയ്ക്കായി തയാറെടുക്കുക' എന്ന ടാഗ്ലൈനോടെയാണ് പോസ്റ്റര് എത്തിയത്.
സണ് പിക്ചേഴ്സ് നിര്മിക്കുന്ന സയന്സ് ഫിക്ഷന് ആക്ഷന് ഡ്രാമയില് അല്ലു അര്ജുന് നാല് വ്യത്യസ്ത വേഷങ്ങളിലാണ് എത്തുന്നത്. മുത്തച്ഛന്,അച്ഛന്,രണ്ടു മക്കള് എന്നിങ്ങനെയാണ് ഈ കഥാപാത്രങ്ങള്. ദീപിക പദുകോണ് ആണ് ചിത്രത്തിലെ നായിക. 800 കോടി രൂപ മുടക്കിയാണ് ചിത്രം നിര്മിക്കുന്നത്. ഇതില് വിഎഫ്എക്സിനായി മാത്രം 250 കോടി രൂപയാണു ചെലവിടുന്നത്. അല്ലു അര്ജുന് 175 കോടി രൂപ പ്രതിഫലമായും ലാഭത്തിന്റെ 15 ശതമാനവും വാങ്ങുമ്പോള്, സംവിധായകന് ആറ്റ്ലിയുടെ പ്രതിഫലം 100 കോടി രൂപയാണെന്ന് ടോളിവുഡ് മാധ്യമങ്ങള് റിപ്പോര്ട്ട് ചെയ്യുന്നു.