

സൂര്യയെ കേന്ദ്രകഥാപാത്രമാക്കി 'ലക്കി ഭാസ്‌കര്‍' സംവിധായകൻ വെങ്കി അറ്റ്‌ലൂരി ഒരുക്കുന്ന 'വിശ്വനാഥ് ആന്‍ഡ് സണ്‍സ്' എന്ന ചിത്രത്തിന്റെ ട്രെയിലര്‍ ആഘോഷമാക്കി കോളിവുഡ്. മമിത ബൈജു നായികയായി എത്തുന്ന ചിത്രം തികച്ചും വ്യത്യസ്തമായൊരു വൈകാരിക പ്രണയ പശ്ചാത്തലത്തിലാണ് ഒരുക്കിയിരിക്കുന്നത്. ഓഗസ്റ്റ് 14-ന് ചിത്രം തിയേറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തും.
2024 പാരിസ് ഒളിമ്പിക്സില്‍ പിസ്റ്റള്‍ ഷൂട്ടിങ്ങിൽ സ്വര്‍ണമെഡല്‍ നേടുന്ന സഞ്ജയ് വിശ്വനാഥ് എന്ന കായികതാരമായാണ് സൂര്യ ചിത്രത്തിലെത്തുന്നത്. വിജയങ്ങളുടെ കൊടുമുടിയില്‍ നില്‍ക്കുമ്പോള്‍ തന്റെ ഏകമകനു നേരിടേണ്ടി വരുന്ന ഗുരുതരമായ ആരോഗ്യപ്രശ്‌നം സഞ്ജയിന്റെ ജീവിതത്തെ ആകെ മാറ്റിമറിക്കുന്നു.
മുന്‍കാല അനുഭവം കാരണം പുതിയൊരു ബന്ധത്തിലേക്ക് കടക്കാന്‍ മടിക്കുന്ന സഞ്ജയും, അപ്രതീക്ഷിത സാഹചര്യങ്ങളില്‍ അദ്ദേഹത്തിന്റെ ജീവിതത്തിലേക്ക് വീണ്ടുമെത്തുന്ന യുവതിയും(മമിത ബൈജു) തമ്മിലുള്ള സങ്കീര്‍ണമായ വൈകാരിക ബന്ധത്തിലൂടെയാണ് കഥ മുന്നോട്ടു പോകുന്നതെന്ന് ട്രെയിലര്‍ സൂചന നല്‍കുന്നു.
നേരത്തെ വിശ്വനാഥ് ആന്‍ഡ് സണ്‍സ്' എന്ന സിനിമയുടെ കഥാസംഗ്രഹം യുകെ ഫിലിം സര്‍ട്ടിഫിക്കേഷന്‍ ബോര്‍ഡ് പുറത്തുവിട്ടിരുന്നു. ചിത്രത്തിന്റെ സെന്‍സറിങ്ങിന് മുന്നോടിയായാണ് ഔദ്യോഗിക വിവരണം പുറത്തുവിട്ടത്. കുടുംബബന്ധങ്ങള്‍ക്കും വൈകാരിക മുഹൂര്‍ത്തങ്ങള്‍ക്കും പ്രാധാന്യം നല്‍കുന്ന ഇമോഷണല്‍ ഡ്രാമയായാണ് ചിത്രം ഒരുങ്ങുന്നതെന്ന് കഥാസംഗ്രഹം വ്യക്തമാക്കുന്നു. ഒരു പരമ്പരാഗത കുടുംബത്തിലെ തലമുറകള്‍ തമ്മിലുള്ള ആശയവിനിമയങ്ങളും വൈകാരിക ബന്ധങ്ങളുമാണ് സിനിമയുടെ പ്രധാന പ്രമേയം.
വന്‍ താരനിരയാണ് ചിത്രത്തില്‍ അണിനിരക്കുന്നത്. രാധിക ശരത്കുമാര്‍, രവീണ ടണ്ടന്‍, നാസര്‍, സുധ, രഘു ബാബു, സുനില്‍ റെഡ്ഡി, ഭവാനി ശ്രീ, വിവാ ഹര്‍ഷ, കാളി വെങ്കട്ട്, ജോര്‍ജ് മരിയന്‍, ഹൈപ്പര്‍ ആദി, ശ്രീജ രവി, സര്‍വദമന്‍ ബാനര്‍ജി, മാത്യു വര്‍ഗീസ്, കല്യാണി നടരാജന്‍ തുടങ്ങിയവര്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നു.
സൂര്യദേവര നാഗവംശി, സായ് സൗജന്യ എന്നിവര്‍ ചേര്‍ന്ന് സിതാര എന്റര്‍ടെയ്ന്‍മെന്റ്‌സ്, ഫോര്‍ച്യൂണ്‍ ഫോര്‍ സിനിമാസ്, ശ്രീകര സ്റ്റുഡിയോസ് എന്നീ ബാനറുകളിലാണ് ചിത്രം നിര്‍മിക്കുന്നത്. ജി.വി. പ്രകാശ് കുമാറാണ് ചിത്രത്തിന് സംഗീതം ഒരുക്കിയിരിക്കുന്നത്. പ്രശസ്ത മലയാളി സിനിമാട്ടോഗ്രാഫര്‍ നിമിഷ് രവി കാമറ ചലിപ്പിക്കുന്ന ചിത്രത്തിന്റെ എഡിറ്റിങ് നവീന്‍ നൂലിയും പ്രൊഡക്ഷന്‍ ഡിസൈന്‍ ബംഗ്ലാനും നിര്‍വഹിക്കുന്നു. ശ്രീകര സ്റ്റുഡിയോസ് അവതരിപ്പിക്കുന്ന ചിത്രം കേരളത്തിലെ തിയേറ്ററുകളില്‍ എത്തിക്കുന്നത് പ്രമുഖ വിതരണക്കാരായ ന്യൂ സൂര്യ ഫിലിംസ് ആണ്.