

യുവനടി മമിത ബൈജുവിന്റെ തെന്നിന്ത്യൻ സിനിമയിലെ വളർച്ചയിൽ സന്തോഷം പങ്കുവെച്ച് നടി ഐശ്വര്യ ലക്ഷ്മി. മമിതയുടെ വളർച്ച കാണുമ്പോൾ നമ്മുടെ സ്വന്തം കുട്ടി എന്നൊരു ഫീലിങ് ആണ് ഉള്ളതെന്നും ഒരു കുട്ടിയെപ്പോലെയാണ് തനിക്ക് മമിതയെന്നും ഐശ്വര്യ ലക്ഷ്മി ഒരു അഭിമുഖത്തിൽ പറഞ്ഞു.
സൂര്യ കേന്ദ്രകഥാപാത്രമാകുന്ന പുതിയ ചിത്രം 'വിശ്വനാഥ് ആൻഡ് സൺസ്' എന്ന സിനിമയിൽ മമിതയുടെ മനോഹരമായ സാന്നിധ്യമാണുള്ളതെന്നും ഐശ്വര്യ കൂട്ടിച്ചേർത്തു. ഇത്തരം വലിയ അവസരങ്ങൾ വളരെ കുറച്ചുപേർക്ക് മാത്രമേ ലഭിക്കാറുള്ളൂ എന്നും ലഭിക്കുന്ന അവസരങ്ങളെ കൃത്യമായി ഉപയോഗിക്കാൻ കഴിവുള്ള കുട്ടിയാണ് മമിതയെന്നും ഐശ്വര്യ പ്രശംസിച്ചു.
പ്രശസ്തിയുടെ കൊടുമുടിയിൽ നിൽക്കുമ്പോഴും മമിത പുലർത്തുന്ന വിനയത്തെയും താരം എടുത്തുപറഞ്ഞു. ലൊക്കേഷനിൽ എത്തിയാൽ ഒരു സ്റ്റാർ ആറ്റിറ്റ്യൂഡും കാണിക്കാതെ എല്ലാവരോടും വളരെ സൗഹൃദത്തോടെയാണ് മമിത സംസാരിക്കാറുള്ളത്. മമിതയുടെ ആ സ്വഭാവം തനിക്ക് ഏറെ ഇഷ്ടമാണെന്നും ഐശ്വര്യ ലക്ഷ്മി വ്യക്തമാക്കി.
വിഷ്ണു വിശാലിനൊപ്പമുള്ള 'ഇരണ്ട് വാനം', നിവിൻ പോളിയുടെ 'ബെത്ലഹേം കുടുംബ യൂണിറ്റ്', വിജയ് നായകനാകുന്ന 'ജനനായകൻ' എന്നിവയാണ് മമിതയുടേതായി പുറത്തിറങ്ങാനുള്ള മറ്റ് പ്രധാന ചിത്രങ്ങൾ. ഐശ്വര്യ ലക്ഷ്മി കേന്ദ്രകഥാപാത്രമാകുന്ന 'ഗാട്ട ഗുസ്തി 2' ജൂലായ് മൂന്നിന് തിയേറ്ററുകളിൽ എത്തും.