

തമിഴ് സൂപ്പര്‍താരം വിജയ് നായകനാകുന്ന 'ജനനായകന്‍' എന്ന ചിത്രത്തിന്റെ ഉള്ളടക്കം പരിശോധിക്കാന്‍ കേന്ദ്ര സെന്‍സര്‍ ബോര്‍ഡ് തിരഞ്ഞെടുപ്പ് കമ്മിഷനോട് ശിപാര്‍ശ ചെയ്തതായി റിപ്പോര്‍ട്ട്. സിനിമയിലെ രാഷ്ട്രീയ പരാമര്‍ശങ്ങള്‍ വരാനിരിക്കുന്ന തമിഴ്നാട് നിയമസഭാ തിരഞ്ഞെടുപ്പിനെ സ്വാധീനിക്കാന്‍ സാധ്യതയുണ്ടെന്ന വിലയിരുത്തലിനെത്തുടര്‍ന്നാണു നീക്കം.
മുംബൈയില്‍ നടന്ന റിവൈസിങ് കമ്മിറ്റിയുടെ പ്രത്യേക സ്‌ക്രീനിങ്ങിനു ശേഷമാണ് ഈ നിര്‍ദേശമെന്ന് റിപ്പോര്‍ട്ടുണ്ടെങ്കിലും ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ല. ജനുവരി ഒമ്പതിന് റിലീസ് നിശ്ചയിച്ചിരുന്ന ചിത്രം സെന്‍സര്‍ ബോര്‍ഡുമായുള്ള തര്‍ക്കങ്ങളെത്തുടര്‍ന്ന് മാറ്റിവയ്ക്കുകയായിരുന്നു. ചിത്രത്തില്‍ മതവികാരം വ്രണപ്പെടുത്തുന്ന ഭാഗങ്ങളുണ്ടെന്നും സൈന്യത്തിന്റെ ലോഗോ അനുമതിയില്ലാതെ ഉപയോഗിച്ചെന്നും ചൂണ്ടിക്കാട്ടി സെന്‍സര്‍ ബോര്‍ഡ് അംഗം തന്നെ പരാതി നല്‍കിയതാണു നിലവിലെ പ്രതിസന്ധിക്കു കാരണം. ഇതേത്തുടര്‍ന്ന് ചെയര്‍മാന്‍ ഇടപെട്ടാണ് ചിത്രം റിവൈസിങ് കമ്മിറ്റിയുടെ പരിശോധനയ്ക്ക് അയച്ചത്.
ഏപ്രില്‍ 23ന് നടക്കുന്ന തമിഴ്നാട് നിയമസഭാ തിരഞ്ഞെടുപ്പിനു ശേഷമേ ചിത്രം തിയറ്ററുകളിലെത്തുകയെന്ന് ഉറപ്പായിട്ടുണ്ട്. കെവിഎന്‍ പ്രൊഡക്ഷന്‍സിന്റെ തന്നെ 'ടോക്‌സിക്' ജൂണ്‍ നാലിന് റിലീസ് ചെയ്യുന്ന സാഹചര്യത്തില്‍, 'ജനനായകനും' ജൂണില്‍ തന്നെ പ്രദര്‍ശനത്തിനെത്താനാണു സാധ്യത. എച്ച്. വിനോദ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ബോബി ഡിയോള്‍, ഗൗതം വസുദേവ് മേനോന്‍, പ്രകാശ് രാജ്, മലയാളി താരം മമിത ബൈജു തുടങ്ങിയ വന്‍ താരനിര അണിനിരക്കുന്നുണ്ട്. അനിരുദ്ധ് രവിചന്ദറാണ് സംഗീതം. വിജയ്‌യുടെ രാഷ്ട്രീയ പ്രവേശനത്തിന് മുന്നോടിയായുള്ള അവസാന ചിത്രമെന്ന പ്രത്യേകതയും ജനനായകനുണ്ട്.