

സിനിമയിലെ സെന്‍സര്‍ഷിപ്പ് പലപ്പോഴും വിവാദമാകാറുണ്ട്. സൂപ്പര്‍താരം വിജയ്‌യുടെ ജനനായകന്‍ സിനിമ സെന്‍സര്‍ഷിപ്പ് കത്രികയില്‍ കുടുങ്ങിക്കിടക്കുന്ന പശ്ചാത്തലത്തില്‍ ഇപ്പോള്‍ സെന്‍സര്‍ഷിപ്പ് എന്നതു ചൂടന്‍ ചര്‍ച്ചാവിഷയമാണ്. തന്റെ ഡോക്യുമെന്ററി പ്രദര്‍ശനത്തിനിടെ അപ്രതീക്ഷിതമായി സ്‌ക്രീന്‍ നിശ്ചലമായപ്പോള്‍, തമാശരൂപേണ നേരിട്ട കമല്‍ഹാസന്റെ വാക്കുകളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ തരംഗം. ചെന്നൈ വുമണ്‍സ് ക്രിസ്ത്യന്‍ കോളജിലെ 'ഫെസ്റ്റീവ് 26' പരിപാടിയില്‍ മുഖ്യാതിഥിയായി എത്തിയതായിരുന്നു ഉലകനായകന്‍.
കോളജ് വിദ്യാര്‍ഥികള്‍ക്കായി നിര്‍മിച്ച 'ലീഡ് ഓണ്‍ ഗാന്ധി' എന്ന ഡോക്യുമെന്ററി പ്രദര്‍ശിപ്പിക്കുന്നതിനിടെയായിരുന്നു സംഭവം. പ്രദര്‍ശനം ആരംഭിച്ച് ഏതാനും മിനിറ്റുകള്‍ക്കകം സാങ്കേതിക തടസം മൂലം സ്‌ക്രീന്‍ നിശ്ചലമായി. സദസ് ആകാംക്ഷയോടെ നോക്കി നില്‍ക്കെ, മൈക്കിന് പിന്നിലുണ്ടായിരുന്ന കമല്‍ ചോദിച്ചു: 'ഇത് സെന്‍സര്‍ ചെയ്തതാണോ അതോ വല്ല തടസവും പറ്റിയതാണോ..?' അദ്ദേഹത്തിന്റെ നര്‍മം കലര്‍ന്ന ചോദ്യം വലിയ ചിരിയും കൈയടിയുമാണ് സദസില്‍ സൃഷ്ടിച്ചത്. സാങ്കേതിക തകരാര്‍ പരിഹരിക്കുന്നതുവരെ അദ്ദേഹം നിറഞ്ഞ പുഞ്ചിരിയോടെ കാത്തുനില്‍ക്കുകയും ചെയ്തു.
തമാശകള്‍ക്കപ്പുറം, സിനിമയുടെ സര്‍ട്ടിഫിക്കേഷന്‍ പ്രക്രിയയിലെ സുതാര്യതയെക്കുറിച്ച് വളരെ ഗൗരവമേറിയ നിലപാടാണ് താരം അടുത്തിടെ സ്വീകരിച്ചത്. ദളപതി വിജയ്‌യുടെ ജനനായകന്‍ എന്ന ചിത്രത്തിന്റെ റിലീസ് വൈകിയതുമായി ബന്ധപ്പെട്ട് അദ്ദേഹം നടത്തിയ പ്രതികരണം ശ്രദ്ധേയമായിരുന്നു. ഓരോ എഡിറ്റുകള്‍ക്കും കൃത്യമായ കാരണങ്ങള്‍ ബോധിപ്പിക്കാന്‍ സെന്‍സര്‍ ബോര്‍ഡിന് ബാധ്യതയുണ്ടെന്നാണ് താരം തുറന്നടിച്ചത്. 'നമ്മുടെ ഭരണഘടന ആവിഷ്‌കാര സ്വാതന്ത്ര്യം ഉറപ്പുനല്‍കുന്നുണ്ട്. വ്യക്തതയില്ലാത്ത തീരുമാനങ്ങള്‍ സര്‍ഗാത്മകതയെ തളര്‍ത്തുകയും സാമ്പത്തിക നഷ്ടമുണ്ടാക്കുകയും ചെയ്യും. സിനിമയെ സ്‌നേഹിക്കുന്നവര്‍ അര്‍ഹിക്കുന്നത് തുറന്ന സമീപനവും ബഹുമാനവുമാണ്...' - കമല്‍ഹാസന്‍ പറഞ്ഞു. മണിരത്‌നം ചിത്രം തഗ് ലൈഫിനു ശേഷം കമല്‍ഹാസന്‍ ഇപ്പോള്‍ അന്‍പറിവ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന്റെ തിരക്കുകളിലാണ്.