'ഭരണഘടന നല്‍കുന്ന അഭിപ്രായസ്വാതന്ത്ര്യം സുതാര്യമായിരിക്കണം'- സെൻസർബോർഡിനെതിരേ കമൽ

കമൽഹാസൻ
കമൽഹാസൻഫോട്ടോ-അറേഞ്ച്ഡ്
Published on

തമിഴകത്തിന്റെ ജനപ്രിയനായകന്‍ ദളപതി വിജയ് നായകനാകുന്ന 'ജനനായകന്‍' എന്ന സിനിമയുടെ സെന്‍സര്‍ഷിപ്പുമായി ബന്ധപ്പെട്ട തര്‍ക്കങ്ങള്‍ വലിയ തര്‍ക്കങ്ങള്‍ക്കും നിയമനടപടികള്‍ക്കും വഴിവച്ചതോടെ, സെന്‍സര്‍ ബോര്‍ഡിനെതിരെ രൂക്ഷവിമര്‍ശനവുമായി ഉലകനായകന്‍ കമല്‍ ഹാസന്‍. സിനിമയില്‍ വരുത്തുന്ന ഓരോ മാറ്റത്തിനും സെന്‍സര്‍ ബോര്‍ഡ് കൃത്യമായ കാരണങ്ങള്‍ ബോധിപ്പിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. സിനിമ പുറത്തിറങ്ങുന്നത് വൈകുന്ന പശ്ചാത്തലത്തില്‍ എക്‌സിലൂടെ പുറത്തുവിട്ട കുറിപ്പിലാണ് തമിഴ്‌സിനിമയിലെ അതികായന്‍ തന്റെ നിലപാട് വ്യക്തമാക്കിയത്.

Must Read
അഴിമതിക്കാരായ രാഷ്ട്രീയക്കാരെ തല്ലിച്ചതയ്ക്കുന്ന ജനനായകൻ,വിജയ് കൊളുത്തുന്ന തീ
കമൽഹാസൻ

'ഭരണഘടന നല്‍കുന്ന അഭിപ്രായസ്വാതന്ത്ര്യം സുതാര്യമായിരിക്കണം. ഈ വിഷയം ഒരു സിനിമയില്‍ മാത്രം ഒതുങ്ങിനില്‍ക്കുന്നതല്ല, മറിച്ച് ഒരു ജനാധിപത്യ രാജ്യത്തു കലയ്ക്കും കലാകാരനും നല്‍കുന്ന ഇടത്തെയാണ് ഇത് സൂചിപ്പിക്കുന്നത്...' കമല്‍ഹാസന്‍ കുറിച്ചു. വ്യക്തതയില്ലാത്ത സെന്‍സര്‍ഷിപ്പ് സര്‍ഗാത്മകതയെ തടയുകയും സാമ്പത്തിക പ്രതിസന്ധി ഉണ്ടാക്കുകയും ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വിഷയത്തില്‍ ചലച്ചിത്രലോകം ഒന്നിക്കണമെന്നും സര്‍ക്കാര്‍ സ്ഥാപനങ്ങളുമായി അര്‍ഥവത്തായ ചര്‍ച്ചകള്‍ വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

'ജനനായകൻ' ട്രെയിലറിൽ വിജയ്
'ജനനായകൻ' ട്രെയിലറിൽ വിജയ്സ്ക്രീൻ​ഗ്രാബ്

ജനുവരി 9-ന് തിയേറ്ററുകളിലെത്താനിരുന്ന ജനനായകൻ, സെന്‍സര്‍ ബോര്‍ഡുമായുള്ള നിയമപോരാട്ടത്തെത്തുടര്‍ന്ന് ജനുവരി 21-ലേക്ക് റിലീസ് മാറ്റി. ചിത്രത്തിന് 'യു/എ' സര്‍ട്ടിഫിക്കറ്റ് നല്‍കണമെന്ന മദ്രാസ് ഹൈക്കോടതി ഉത്തരവിനെ തുടർന്ന് റിലീസിന് വഴിയൊരുങ്ങിയെങ്കിലും സിംഗിള്‍ ബെഞ്ച് ഉത്തരവ് ഡിവിഷന്‍ ബെഞ്ച് സ്റ്റേ ചെയ്തു. ഇതേത്തുടർന്നാണ് റിലീസ് നീട്ടിയത്. ചിത്രത്തില്‍ സൈന്യവുമായി ബന്ധപ്പെട്ട ചിഹ്നങ്ങള്‍ ഉപയോഗിച്ചതാണ് സെന്‍സര്‍ ബോര്‍ഡിന്റെ പ്രധാന എതിര്‍പ്പിന് കാരണം. ഇത് വിദഗ്ധ സമിതി പരിശോധിക്കണമെന്ന് ബോര്‍ഡ് വാദിക്കുന്നു. എന്നാല്‍, കമ്മിറ്റി അംഗം തന്നെ ചിത്രത്തിനെതിരെ പരാതി നല്‍കിയത് നിയമപരമായി ശരിയാണോ എന്ന് നിര്‍മാതാക്കള്‍ക്ക് വേണ്ടി അഭിഭാഷകന്‍ കോടതിയില്‍ ചോദിച്ചു.

പൊങ്കല്‍ അവധിക്ക് ശേഷം കേസ് വീണ്ടും പരിഗണിക്കും. നിലവില്‍ മദ്രാസ് ഹൈക്കോടതി വിധിക്കെതിരെ സുപ്രീം കോടതിയെ സമീപിക്കാനുള്ള ഒരുക്കത്തിലാണ് ജനനായകന്‍ സിനിമയുടെ അണിയറപ്രവര്‍ത്തകര്‍. രാഷ്ട്രീയ പ്രവേശനം പ്രഖ്യാപിച്ച വിജയ്‌യുടെ അവസാന ചിത്രം എന്ന നിലയില്‍ വലിയ പ്രതീക്ഷയോടെയാണ് ആരാധകര്‍ ഈ സിനിമയെ കാത്തിരിക്കുന്നത്.

Related Stories

No stories found.
Pappappa
pappappa.com