

തെന്നിന്ത്യൻ സൂപ്പർതാരവും തമിഴക വെട്രി കഴകം (ടിവികെ) അധ്യക്ഷനുമായ വിജയ് ഇനിമുതൽ പാർട്ടി പരിപാടികൾക്കായി ഹെലികോപ്റ്ററിൽ പറക്കും. കരൂർ ദുരന്തത്തിന്‍റെ പശ്ചാത്തലത്തിലാണ് താരത്തിന്‍റെ പുതിയ തീരുമാനം. ഇതിനായി നാലു ഹെലികോപ്റ്റർ വാങ്ങാനാണ് വിജയ് പദ്ധതിയിടുന്നത്.
ബെംഗളൂരു ആസ്ഥാനമായ കമ്പനിയുമായി ഇതു സംബന്ധിച്ച ചർച്ചകൾ ആരംഭിച്ചതായാണ് വിജയ്‌യോട് അടുത്തവൃത്തങ്ങൾ നൽകുന്ന വിവരം. സമ്മേളന വേദിക്കു സമീപം പ്രത്യേക ഹെലിപാഡ് തയാറാക്കും. സമ്മേളനം തുടങ്ങുന്നതിന് പതിനഞ്ചുമിനിറ്റു മുമ്പു മാത്രമാണ് വിജയ് എത്തുക. അതേസമയം, ഹെലികോപ്റ്റർ വാങ്ങുന്നതിനോട് പാർട്ടിയിൽത്തന്നെയുള്ളവർ ആശങ്കയറിച്ചു. വിജയ്‌യും ജനങ്ങളും തമ്മിലുള്ള അകലം വർധിക്കുമോ എന്നാണ് ആശങ്ക.
കരൂരിൽ റോഡ് ഷോയ്ക്കിടെ തിക്കിലുംതിരക്കിലുംപെട്ട് 41 പേരാണു മരിച്ചത്. സംഭവം വിജയ്‌യെയും പാർട്ടിയെയും പ്രതിക്കൂട്ടിലാക്കിയിരുന്നു. സംഭവത്തിൽ വിജയ്‌യും പാർട്ടിയും നിയമനടപടികൾ നേരിടുകയാണ്.