

തമിഴ് താരം വിജയ് ആന്റണി നായകനാകുന്ന പുതിയ ചിത്രം 'അപ്പാ കുട്ടി'യുടെ റിലീസ് തിയതി പ്രഖ്യാപിച്ചു. മു. മാരന്‍ സംവിധാനം ചെയ്യുന്ന ചിത്രം ഒക്ടോബര്‍ 16-ന് ലോകമെമ്പാടുമുള്ള തിയേറ്ററുകളില്‍ എത്തും. തെലുങ്കില്‍ 'നാന്ന കുട്ടി' എന്ന പേരിലാണ് ചിത്രം റിലീസ് ചെയ്യുന്നത്. അച്ഛനും മകളും തമ്മിലുള്ള ആഴത്തിലുള്ള വൈകാരിക ബന്ധമാണ് ചിത്രം പറയുന്നത്.
'ജനനായകന്‍' എന്ന ചിത്രത്തിലൂടെ ശ്രദ്ധേയായ ലിതാന്യ ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. പ്രീതി അസ്രാണി, ഭഗവതി പെരുമാള്‍, മുത്തു കുമാര്‍, ജെന്‍സണ്‍ ദിവാകര്‍, അരുവി മദന്‍, ചിത്തിര ലക്ഷ്മണന്‍, ഹരിപ്രിയ ഇസൈ, ലിസി ആന്റണി തുടങ്ങിയ വലിയ താരനിര തന്നെ ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്.
നായകവേഷം കൈകാര്യം ചെയ്തതിനുപുറമേ ചിത്രത്തിന്റെ സംഗീത സംവിധാനവും എഡിറ്റിങ്ങും നിര്‍വഹിച്ചിരിക്കുന്നത് വിജയ് ആന്റണി തന്നെയാണ്. വിജയ് ആന്റണി ഫിലിം കോര്‍പ്പറേഷന്റെ ബാനറിലാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. രാജീവ് രാജേന്ദ്രന്‍ ഛായാഗ്രഹണവും രാജശേഖര്‍ ആക്ഷന്‍ രംഗങ്ങളും കൈകാര്യം ചെയ്യുന്നു.