

തന്റെയും നയൻതാരയുടെയും വിവാഹത്തിന്റെ നെറ്റ്ഫ്ലിക്സ് ഡോക്യുമെന്ററിയുമായി ബന്ധപ്പെട്ട് നടൻ ധനുഷുമായുണ്ടായ പരസ്യമായ തർക്കത്തിൽ ആദ്യമായി പ്രതികരിച്ച് സംവിധായകൻ വിഘ്നേഷ് ശിവൻ. ധനുഷുമായുള്ള സൗഹൃദം നഷ്ടപ്പെട്ടത് തന്റെ ജീവിതത്തിൽ വലിയ ശൂന്യത സൃഷ്ടിച്ചെന്നും അതിൽ തനിക്ക് ലജ്ജ തോന്നുന്നുണ്ടെന്നും തമിഴ് യൂട്യൂബ് ചാനലിനു നൽകിയ അഭിമുഖത്തിൽ വിഘ്നേഷ് വെളിപ്പെടുത്തി. തന്റെ പുതിയ ചിത്രമായ 'ലവ് ഇൻഷുറൻസ് കമ്പനി'യുടെ പ്രചാരണത്തിന്റെ ഭാഗമായി സംസാരിക്കുകയായിരുന്നു സംവിധായകൻ.
ധനുഷിനോട് തനിക്ക് വലിയ ബഹുമാനമാണെന്നും തന്റെ പിതാവിനോടുള്ള സ്നേഹമാണ് അദ്ദേഹത്തോടുള്ളതെന്നും വിഘ്നേഷ് പറഞ്ഞു. തന്റെ അച്ഛൻ മരിച്ച അതേ ദിവസമാണ് ധനുഷിന്റെ ജന്മദിനമെന്ന പ്രത്യേകതയും അദ്ദേഹം പങ്കുവച്ചു. 'എവിടെയോ എന്തോ തെറ്റ് സംഭവിച്ചിട്ടുണ്ട്. എന്റെ ഇപ്പോഴത്തെ ജീവിതത്തിൽ ധനുഷ് സാർ വളരെ പ്രധാനപ്പെട്ട വ്യക്തിയാണ്. വിഐപി സിനിമയുടെ ഷൂട്ടിങ് സമയത്തു ഞാൻ അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു. അദ്ദേഹം ഭക്ഷണം കഴിച്ചതിനു ശേഷം മാത്രമേ ഞാൻ കഴിക്കാറുണ്ടായിരുന്നുള്ളൂ'- വിഘ്നേഷ് ഓർത്തെടുത്തു.
2024 നവംബറിലാണ് വിഘ്നേഷ് ശിവൻ സംവിധാനം ചെയ്ത 'നാനും റൗഡി താൻ' എന്ന ചിത്രത്തിലെ മൂന്ന് സെക്കൻഡ് ദൈർഘ്യമുള്ള ദൃശ്യങ്ങൾ ഡോക്യുമെന്ററിയിൽ ഉപയോഗിച്ചതിനെച്ചൊല്ലി വിവാദം ഉടലെടുത്തത്. ധനുഷ് നിർമിച്ച ചിത്രത്തിലെ ദൃശ്യങ്ങൾ അനുവാദമില്ലാതെ ഉപയോഗിച്ചുവെന്ന് ആരോപിച്ച് അദ്ദേഹം നയൻതാരയ്ക്കും വിഘ്നേഷ് ശിവനുമെതിരെ പത്തു കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് നിയമനടപടി സ്വീകരിച്ചിരുന്നു. ഇതിനെതിരെ നയൻതാര സോഷ്യൽ മീഡിയയിൽ തുറന്ന കത്തെഴുതിയത് വലിയ ചർച്ചയായിരുന്നു.
വിഘ്നേഷ് ശിവൻ സംവിധാനം ചെയ്യുന്ന 'ലവ് ഇൻഷുറൻസ് കമ്പനി' ഏപ്രിൽ പത്തിന് റിലീസിനൊരുങ്ങുകയാണ്. പ്രദീപ് രംഗനാഥനും കൃതി ഷെട്ടിയുമാണ് ചിത്രത്തിലെ പ്രധാന വേഷങ്ങൾ ചെയ്യുന്നത്. അതേസമയം, നയൻതാരയുടെ 'പേട്രിയറ്റ്', ധനുഷിന്റെ ആക്ഷൻ ത്രില്ലർ ചിത്രം 'കര' എന്നിവയും റിലീസിന് തയ്യാറെടുക്കുകയാണ്.