

തെന്നിന്ത്യൻ താരം കീർത്തി സുരേഷ് ഇപ്പോൾ തന്റെ കരിയറിലെയും ജീവിതത്തിലെയും ഏറ്റവും സന്തോഷകരമായ നിമിഷങ്ങളിലൂടെയാണ് കടന്നുപോകുന്നത്. കഴിഞ്ഞ ദിവസം ബോളിവുഡിലെ നിത്യഹരിത നായികമാരായ രേഖ, റാണി മുഖർജി എന്നിവർക്കൊപ്പം കീർത്തി ചിലവഴിച്ച സായാഹ്നത്തിന്റെ ചിത്രങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമാകുന്നത്.
കറുത്ത പാന്റ്സ്സ്യൂട്ടും ക്രോപ്പ് ടോപ്പും അണിഞ്ഞ് അതീവ സുന്ദരിയായാണ് കീർത്തി ചിത്രങ്ങളിൽ പ്രത്യക്ഷപ്പെട്ടത്. വെള്ള സൽവാർ കമീസും ഗോൾഡൻ ദുപ്പട്ടയും ധരിച്ച രേഖയുടെ സാന്നിധ്യം ചിത്രങ്ങൾക്ക് കൂടുതൽ തിളക്കം നൽകി.
മെറൂൺ ടോപ്പിലും പിങ്ക് സാറ്റിൻ ട്രൗസറിലും റാണി മുഖർജി ക്ലാസിക് ലുക്കിൽ തിളങ്ങിയപ്പോൾ, കീർത്തിയെപ്പോലെ കറുത്ത വസ്ത്രമണിഞ്ഞ് ഹുമ ഖുറേഷിയും കൂട്ടായ്മയിൽ പങ്കുചേർന്നു. 'ഒരിക്കലും മറക്കാനാവാത്ത ഒരു സായാഹ്നം' എന്ന അടിക്കുറിപ്പോടെയാണ് കീർത്തി ചിത്രങ്ങൾ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചത്.
സിനിമയിലും വമ്പൻ പ്രോജക്ടുകളാണ് കീർത്തിയെ കാത്തിരിക്കുന്നത്. വിജയ് ദേവരകൊണ്ട നായകനാകുന്ന 'റൗഡി ജനാർദന' എന്ന മാസ് ആക്ഷൻ ചിത്രത്തിലാണ് കീർത്തി അടുത്തതായി അഭിനയിക്കുന്നത്. രവി കിരൺ കോല സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ടൈറ്റിൽ ഗ്ലിംപ്സ് ഇതിനോടകം ചർച്ചയായി.
വ്യത്യസ്തമായ ഹെയർസ്റ്റൈലിൽ, ലുക്കിലാണ് വിജയ് ചിത്രത്തിൽ. തെലുങ്ക്, ഹിന്ദി, തമിഴ്, കന്നഡ, മലയാളം എന്നീ ഭാഷകളിൽ ചിത്രം പുറത്തിറങ്ങും. മലയാളത്തിൽ 'തോട്ടം' എന്ന ചിത്രമാണ് റിലീസിനൊരുങ്ങുന്നത്. ഈ ഇൻവെസ്റ്റിഗേറ്റീവ് ത്രില്ലറിൽ ആന്റണി വർഗീസ് പെപ്പെയാണു നായകൻ.
'മർദാനി 3'ക്കു ശേഷം ഷാരൂഖ് ഖാൻ നായകനാകുന്ന 'കിങ്' എന്ന ചിത്രത്തിലാണ് റാണി അടുത്തതായി അഭിനയിക്കുക. സിദ്ധാർഥ് ആനന്ദ് സംവിധാനം ചെയ്യുന്ന ഈ ബിഗ് ബജറ്റ് ചിത്രത്തിൽ സുഹാന ഖാൻ, അഭിഷേക് ബച്ചൻ തുടങ്ങിയ വൻ താരനിര അണിനിരക്കുന്നു.