
'കൂലി' തീയറ്ററുകളിലെത്താൻ മണിക്കൂറുകൾ മാത്രം. ചിത്രം കണ്ട നടനും തമിഴ്‌നാട് ഉപമുഖ്യമന്ത്രിയുമായ ഉദയനിധി സ്റ്റാലിന്‍ പറഞ്ഞ വാക്കുകൾ ചിത്രത്തെക്കുറിച്ചുള്ള പ്രതീക്ഷകളെ വീണ്ടും ജ്വലിപ്പിച്ചു. 'പവര്‍-പാക്ക്ഡ് മാസ് എന്റര്‍ടെയ്‌നര്‍' എന്നാണ് ഉദയനിധി സ്‌റ്റൈല്‍ മന്നന്റെ ചിത്രത്തെ വിശേഷിപ്പിച്ചത്. ചലച്ചിത്രലോകത്ത് സമാനതകളില്ലാത്ത അമ്പതു വര്‍ഷം പൂര്‍ത്തിയാക്കിയ സൂപ്പര്‍സ്റ്റാര്‍ രജനികാന്തിനെ അദ്ദേഹം പ്രത്യേകം അഭിനന്ദിച്ചു.
'സിനിമാമേഖലയില്‍ മഹത്തായ അമ്പതു വര്‍ഷം പൂര്‍ത്തിയാക്കുന്ന നമ്മുടെ സൂപ്പര്‍സ്റ്റാര്‍ രജനി സാറിനെ അഭിനന്ദിക്കുന്നതില്‍ എനിക്ക് അതിയായ സന്തോഷമുണ്ട്. ഏവരും പ്രതീക്ഷയോടെ കാത്തിരിക്കുന്ന 'കൂലി' പവര്‍ഫുള്‍ മാസ് എന്റര്‍ടെയ്നര്‍. ഞാന്‍ നന്നായി ആസ്വദിച്ചു... ചിത്രം ലോകമെമ്പാടുമുള്ള പ്രേക്ഷകരുടെ ഹൃദയം പിടിച്ചെടുക്കുമെന്ന് ഉറപ്പുണ്ട്...' ഉദയനിധി എക്‌സില്‍ കുറിച്ചു. സിനിമയുടെ അണിയറപ്രവര്‍ത്തകരെ ആശംസിക്കാനും ഉദയനിധി മറന്നില്ല.
'കൂലി'യുടെ സംവിധായകന്‍ ലോകേഷ് കനകരാജ് ഉദയനിധി സ്റ്റാലിന്റെ പോസ്റ്റ് പങ്കുവച്ചുകൊണ്ട് എഴുതി: 'നിങ്ങളുടെ വാക്കുകള്‍ക്ക് വളരെ നന്ദി. സിനിമ ഇഷ്ടപ്പെട്ടു എന്നറിഞ്ഞതില്‍ സന്തോഷം തോന്നുന്നു സര്‍...'
നാഗാര്‍ജുന, സത്യരാജ്, ഉപേന്ദ്ര, സൗബിന്‍ ഷാഹിര്‍, ശ്രുതി ഹാസന്‍ എന്നിവരും കൂലിയില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ബോളിവുഡ് താരം ആമിര്‍ ഖാന്‍ ചിത്രത്തില്‍ അതിഥി താരമായി എത്തുന്നുണ്ട്.
ഓഗസ്റ്റ് 14ന് ലോകമെമ്പാടും റിലീസ് ചെയ്യുന്ന ഈ ഗ്യാങ്സ്റ്റര്‍ ഡ്രാമ ചിത്രം ഹൃത്വിക് റോഷന്‍-ജൂനിയര്‍ എന്‍ടിആര്‍ കൂട്ടുകെട്ടില്‍ ഒരുങ്ങിയ വാര്‍ 2-വുമായി ബോക്‌സ് ഓഫീസില്‍ മത്സരിക്കും. സക്‌നില്‍ക്കിന്റെ കണക്കുകള്‍ പ്രകാരം, രജനികാന്ത് ചിത്രം ഇതുവരെയുള്ള കണക്കുകളില്‍ വാര്‍ 2-നേക്കാള്‍ മുന്നിലാണ്.