
രജനികാന്ത് നായകനാകുന്ന കൂലി ഓഗസ്റ്റ് 14ന് റിലീസ് ചെയ്യാന്‍ ഒരുങ്ങുന്നു. ലോകേഷ് കനകരാജ് സംവിധാനം ചെയ്ത ചിത്രം ലോകമെമ്പാടുമുള്ള ആരാധകര്‍ ഉത്സവാരവത്തോടെയാണ് കാത്തിരിക്കുന്നത്. കേരളത്തിലും വന്‍ പ്രചാരണമാണ് ചിത്രത്തിനുള്ളത്. തമിഴില്‍ മാത്രമല്ല, ഹിന്ദി, തെലുങ്ക്, കന്നഡ ഭാഷകളിലും 'കൂലി' റിലീസ് ചെയ്യും. ചിത്രത്തിന്റെ അഡ്വാന്‍സ് ബുക്കിങ്ങും അതുമായി ബന്ധപ്പെട്ട കോടികളുടെ കണക്കുകളുമാണ് ഇപ്പോള്‍ ട്രെന്‍ഡിങ്.
'കൂലി'യുടെ അഡ്വാന്‍സ് ബുക്കിങ് ദിവസങ്ങള്‍ക്കുമുമ്പേ ആരംഭിച്ചിരുന്നു. സാക്‌നില്‍ക്കിന്റെ കണക്കനുസരിച്ച്, ഇന്ത്യയില്‍ ആദ്യ ദിവസം തന്നെ 20.6 കോടി രൂപ (ബ്ലോക്ക് സീറ്റുകള്‍ ഇല്ലാതെ) കളക്ഷന്‍ ലഭിച്ചു. ബ്ലോക്ക് സീറ്റുകള്‍ ഉള്‍പ്പെടെ കളക്ഷന്‍ 27.15 കോടി രൂപയാണ്.
'കൂലി' ആഭ്യന്തര ബോക്‌സ് ഓഫീസില്‍ ഏകദേശം 50 കോടി രൂപ കളക്ട് ചെയ്യുമെന്നാണ് കണക്ക്. അതേസമയം, അന്താരാഷ്ട്ര വിപണികളിലും ചിത്രത്തിന് അസാധാരണമായ അഡ്വാന്‍സ് ബുക്കിങ് ഉണ്ട്. വിദേശത്ത് ഇതുവരെ ചിത്രം ഏകദേശം 40 കോടി രൂപ നേടി. ആദ്യ ദിവസം ചിത്രത്തിന്റെ ആഗോള ഗ്രോസ് കളക്ഷന്‍ 100 കോടി രൂപയിലധികം വരുമെന്നാണ് റിപ്പോര്‍ട്ട്.
രജനികാന്തിനെ കൂടാതെ 'കൂലി'യില്‍ നാഗാര്‍ജുന, സൗബിന്‍ ഷാഹിര്‍, ഉപേന്ദ്ര, ശ്രുതി ഹാസന്‍, സത്യരാജ്, ആമിര്‍ ഖാന്‍ എന്നിവരും അഭിനയിക്കുന്നു. പുറത്തുവരുന്ന വാർത്തകൾ അനുസരിച്ച്, രജനികാന്തിന് 200 കോടിയും നാഗാര്‍ജുനയ്ക്ക് 10 കോടിയും ആമിര്‍ ഖാന്‍ (15-20 മിനിറ്റ് ദൈര്‍ഘ്യമുള്ള അതിഥി വേഷത്തിന്) 20 കോടിയുമാണ് പ്രതിഫലം. അതേസമയം, കന്നഡ താരം ഉപേന്ദ്രയ്ക്ക് നാലു കോടിയാണ് പ്രതിഫലം. താരപുത്രി ശ്രുതി ഹാസനും നാലു കോടി വാങ്ങിയെന്നാണ് സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകൾ. എന്നാല്‍ മലയാളിതാരം സൗബിന്‍ ഷാഹിറിന്റെ പ്രതിഫലം വ്യക്തമായി പുറത്തുവിട്ടിട്ടില്ല.