

തമിഴ് സിനിമാലോകത്തും രാഷ്ട്രീയ ഇടനാഴികളിലും ഒരുപോലെ പുകയുന്ന വിവാദങ്ങള്‍ക്ക് ഒടുവില്‍ 'തങ്കൈ നക്ഷത്രത്തിലെ' നായകനായ നട്ടി നടരാജ് തന്നെ മറുപടിയുമായി രംഗത്ത്. 'TN 2026 - തങ്കൈ നക്ഷത്രം' എന്ന ചിത്രത്തിന്റെ ടീസര്‍ പുറത്തിറങ്ങിയത് മുതല്‍ സോഷ്യല്‍ മീഡിയയില്‍ ഉയരുന്ന പ്രധാന ചോദ്യം ഇതായിരുന്നു: 'ചിത്രത്തിലെ നായകന്‍ 'ഗുല്‍കണ്ട് കുമാര്‍' യഥാര്‍ഥത്തില്‍ തമിഴക വെട്രി കഴകം നേതാവ് വിജയ് യെ പരിഹസിക്കുകയാണോ?' എന്നാല്‍ ഇത്തരം പ്രചാരണങ്ങള്‍ വെറും തെറ്റിദ്ധാരണ മാത്രമാണെന്നാണ് തുറന്നുപറച്ചിലുമായാണ് നട്ടിയുടെ രംഗപ്രവേശനം.
രാഷ്ട്രീയം ഇന്ന് വെറുമൊരു ബിസിനസായി മാറിയതിനെ പരിഹസിക്കുന്ന ക്ലീന്‍ പൊളിറ്റിക്കല്‍ സറ്റയറാണ് ചിത്രമാണ് തങ്കൈ നക്ഷത്രമെന്ന് നട്ടി വെളിപ്പെടുത്തി. തമ്പി രാമയ്യയുടെ തിരക്കഥയില്‍ മകന്‍ ഉമാപതി രാമയ്യ ഒരുക്കുന്ന ഈ സിനിമയില്‍ നായകന്റെ ലുക്കിന് വിജയ് യുമായി സാമ്യമുള്ളത് തികച്ചും യാദൃച്ഛികം മാത്രമാണ്. 'ഞങ്ങള്‍ സത്യത്തില്‍ ജഗന്‍ മോഹന്‍ റെഡ്ഡിയുടെ ലുക്ക് ആയിരുന്നു പരീക്ഷിച്ചത്. പിന്നീട് അതില്‍ ചില മാറ്റങ്ങള്‍ വരുത്തി. സിനിമ ഷൂട്ടിങ് കഴിഞ്ഞ് മാസങ്ങള്‍ക്കു ശേഷമാണ് വിജയ് തന്റെ പാര്‍ട്ടിയുടെ സമ്മേളനത്തിനു സമാനമായ ലുക്കില്‍ എത്തിയത്. ഇത് അപ്രതീക്ഷിതമായിരുന്നു-' നട്ടി വെളിപ്പെടുത്തി.
സിനിമയിലെ ചില രംഗങ്ങള്‍ വിജയ് യുടെ രാഷ്ട്രീയ പ്രവേശനത്തെ കളിയാക്കുന്നതാണെന്ന രീതിയില്‍ ടിവികെ പ്രവര്‍ത്തകര്‍ക്കിടയില്‍ ചര്‍ച്ചകള്‍ കൊഴുക്കുന്നതിനിടെയാണ് നട്ടിയുടെ ഈ വിശദീകരണം. വിജയ് യെ താന്‍ ഏറെ ബഹുമാനിക്കുന്നുണ്ടെന്നും അദ്ദേഹത്തോടൊപ്പം ഒന്നിലധികം സിനിമകളില്‍ പ്രവര്‍ത്തിച്ച പരിചയം തനിക്കുണ്ടെന്നും അദ്ദേഹം ഓര്‍മിച്ചു. വിജയ് തനിത്തങ്കമായ വ്യക്തിയാണെന്നും ആ മഹാനടനെ വ്യക്തിഹത്യ ചെയ്യാന്‍ സിനിമയില്‍ ശ്രമിച്ചിട്ടില്ലെന്നും നട്ടി ഉറപ്പിച്ചുപറഞ്ഞു.
സിനിമ പുറത്തിറങ്ങുമ്പോള്‍ ഈ വിവാദങ്ങളെല്ലാം കെട്ടടങ്ങുമെന്നും തുടക്കം മുതല്‍ ഒടുക്കം വരെ പൊട്ടിച്ചിരിക്കാനുള്ള വക ചിത്രത്തിലുണ്ടെന്നും അണിയറപ്രവര്‍ത്തകര്‍ അവകാശപ്പെടുന്നു. രാഷ്ട്രീയചരിത്രം ആഴത്തില്‍ പഠിച്ച തമ്പി രാമയ്യയുടെ ഗവേഷണമാണ് സിനിമയുടെ കരുത്തെന്നും ഏതെങ്കിലും നേതാവിനെ ആക്രമിക്കുകയല്ല മറിച്ച് രാഷ്ട്രീയത്തിലെ തമാശകള്‍ പങ്കുവയ്ക്കുക മാത്രമാണ് ലക്ഷ്യമെന്നും നട്ടി പറഞ്ഞു. ഏതായാലും 'തങ്കൈ നക്ഷത്രം' തമിഴകത്ത് മറ്റൊരു രാഷ്ട്രീയ പോരിന് വഴിമരുന്നിടുമോ അതോ ചിരിയില്‍ അവസാനിക്കുമോ എന്ന് സിനിമ റിലീസ് ചെയ്യുന്നതോടെ അറിയാം.