

രാധിക ശരത്കുമാര്‍ കേന്ദ്രകഥാപാത്രമായെത്തിയ 'തായ് കിഴവി' ബോക്‌സ് ഓഫീസില്‍ തകര്‍പ്പന്‍ മുന്നേറ്റം തുടരുന്നു. തിയേറ്ററുകളില്‍ 75 ദിവസം പിന്നിടുമ്പോള്‍ ചിത്രം 100 കോടിയിലേക്കു പ്രവേശിക്കുകയാണ്. ചെറിയ ബജറ്റില്‍ ഒരുങ്ങിയ ചിത്രം ഈ വര്‍ഷത്തെ ഏറ്റവും വലിയ വിജയങ്ങളിലൊന്നായി മാറിക്കഴിഞ്ഞു. ശിവകാര്‍ത്തികേയന്റെ 'പരാശക്തി'ക്ക് ശേഷം 2026-ല്‍ തമിഴ് സിനിമയില്‍ ഏറ്റവുമധികം കളക്ഷന്‍ നേടുന്ന രണ്ടാമത്തെ ചിത്രമെന്ന ബഹുമതിയും ഇതോടെ തായ് കിഴവി സ്വന്തമാക്കി.
ശിവകുമാര്‍ മുരുകേശന്‍ സംവിധാനം ചെയ്ത ചിത്രം ഒരു ഗ്രാമത്തിലെ പരുക്കന്‍ സ്വഭാവക്കാരിയായ വൃദ്ധയുടെ കഥയാണു പറയുന്നത്. കുടുംബവും നാട്ടുകാരും ഒരുപോലെ വെറുക്കുന്ന പലിശക്കാരിയായ വൃദ്ധയുടെ മൂല്യം അവര്‍ തിരിച്ചറിയുന്നതാണ് സിനിമയുടെ ഇതിവൃത്തം. ചിത്രം ഇപ്പോള്‍ ജിയോ ഹോട്സ്റ്റാറിലും സ്ട്രീമിങ് ആരംഭിച്ചിട്ടുണ്ട്.
പാഷന്‍ സ്റ്റുഡിയോസും ശിവകാര്‍ത്തികേയന്റെ എസ് കെ പ്രൊഡക്ഷന്‍സും ചേര്‍ന്നാണ് ചിത്രം നിര്‍മിച്ചത്. സിംഗം പുലി, അരുള്‍ ദോസ്, ബാല ശരവണന്‍, മുനീഷ്‌കാന്ത്, ഇളവരശ് തുടങ്ങി വലിയൊരു താരനിരയും ചിത്രത്തിലുണ്ട്. നിവാസ് കെ പ്രസന്നയാണ് സംഗീതം. ചിത്രത്തിന്റെ വന്‍ വിജയത്തിന് പിന്നാലെ സംവിധായകന്‍ ശിവകുമാര്‍ മുരുകേശനും ശിവകാര്‍ത്തികേയനും വീണ്ടും ഒന്നിക്കുന്ന 'സെയോന്‍' എന്ന ചിത്രം കമല്‍ഹാസന്റെ രാജ് കമല്‍ ഫിലിംസ് ഇന്റര്‍നാഷണല്‍ നിര്‍മിക്കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്.