

രാധിക ശരത്കുമാര്‍ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ച 'തായ് കിഴവി' എന്ന ചിത്രത്തിലെ പ്രകടനത്തെ പ്രശംസിച്ച് പ്രശസ്ത സംവിധായകന്‍ ഭാരതിരാജ. ചിത്രത്തിലെ പ്രകടനത്തിനു രാധികയ്ക്കു ദേശീയ പുരസ്‌കാരം ലഭിക്കണമെന്നാണ് അദ്ദേഹം അഭിപ്രായപ്പെട്ടത്. ദീര്‍ഘനാളത്തെ അസുഖത്തിനു ശേഷം സുഖം പ്രാപിച്ചു വരുന്ന ഭാരതിരാജ, തന്നെ സന്ദര്‍ശിക്കാനെത്തിയ രാധികയോട് നേരിട്ട് സന്തോഷം പങ്കുവയ്ക്കുകയായിരുന്നു.
ഫെബ്രുവരിയില്‍ തിയറ്ററുകളിലെത്തിയ കോമഡി ഡ്രാമ ബോക്‌സ് ഓഫീസിലും നിരൂപകര്‍ക്കിടയിലും വലിയ പ്രശംസ പിടിച്ചുപറ്റിയിരുന്നു. സിനിമ ഒടിടി പ്ലാറ്റ്ഫോമുകളും വമ്പന്‍ പ്രതികരണമാണു നേടുന്നത്. ഭാരതിരാജയുടെ വാക്കുകളില്‍ സന്തോഷം പ്രകടിപ്പിച്ച രാധിക, തന്റെ അഭിനയജീവിതത്തിലെ വിജയങ്ങള്‍ക്കു ഗുരുവായ ഭാരതിരാജയോടുള്ള നന്ദി രേഖപ്പെടുത്തുകയും ചെയ്തു.
1978-ല്‍ ഭാരതിരാജ സംവിധാനം ചെയ്ത 'കിഴക്കേ പോകും റെയില്‍' എന്ന ചിത്രത്തിലൂടെയായിരുന്നു രാധികയുടെ അരങ്ങേറ്റം. നവാഗതനായ ശിവകുമാര്‍ മുരുകേശന്‍ സംവിധാനം ചെയ്ത തായ് കിഴവിയില്‍ 'പവുന്തായ്' എന്ന കരുത്തുറ്റ വയോധികയുടെ വേഷത്തിലാണ് രാധിക എത്തുന്നത്. ഒരു ഗ്രാമത്തിലെ പലിശക്കാരിയായ പവുന്തായ് പെട്ടെന്ന് അസുഖബാധിതയാകുമ്പോള്‍, അവള്‍ രഹസ്യമായി സൂക്ഷിച്ചിരിക്കുന്ന സ്വര്‍ണത്തെക്കുറിച്ച് അറിയാന്‍ മക്കള്‍ നടത്തുന്ന ശ്രമങ്ങളാണു ചിത്രത്തിന്റെ ഇതിവൃത്തം. ശിവകാര്‍ത്തികേയനും സുധന്‍ സുന്ദരവും ചേര്‍ന്നാണു ചിത്രം നിര്‍മിച്ചിരിക്കുന്നത്. സിംഗം പുലി, ബാല ശരവണന്‍, മുനീഷ്‌കാന്ത് തുടങ്ങിയ വന്‍ താരനിര തന്നെ ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്.