

കലയരശന്‍, കായൽ ആനന്ദി എന്നിവര്‍ പ്രധാന വേഷങ്ങളില്‍ എത്തുന്ന പുതിയ തമിഴ് ചിത്രം 'ടൈറ്റാനിക്' റിലീസിനൊരുങ്ങുന്നു. ഒക്ടോബര്‍ 16-ന് ചിത്രം തിയേറ്ററുകളില്‍ എത്തുമെന്ന് അണിയറപ്രവര്‍ത്തകര്‍ ഔദ്യോഗികമായി പ്രഖ്യാപിച്ചു. നീണ്ട നാളത്തെ കാത്തിരിപ്പിനൊടുവിലാണ് ചിത്രം തിയറ്ററുകളിലേക്ക് എത്തുന്നത്.
എം. ജാനകിരാമന്‍ രചനയും സംവിധാനവും നിര്‍വഹിച്ചിരിക്കുന്ന ചിത്രം 2016-ല്‍ നിര്‍മാണം ആരംഭിച്ചതാണ്. വിവിധ കാരണങ്ങളാല്‍ പലതവണ റിലീസ് നീണ്ടുപോയ ചിത്രം ഇപ്പോഴാണ് റിലീസ് പ്രഖ്യാപിച്ചിരിക്കുന്നത്. സി.വി. കുമാര്‍ തിരുമാരന്‍ എന്റര്‍ടെയ്ന്‍മെന്റ്‌സിന്റെ ബാനറിലാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്.
കാളി വെങ്കട്ട്, മധുമിത, അശ്‌ന സവേരി, രാഘവ് വിജയ്, ചേതന്‍, ദേവദര്‍ശിനി എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. നടി ഗായത്രി ചിത്രത്തില്‍ ഒരു അതിഥി വേഷത്തിലും എത്തുന്നുണ്ട്.
നിവാസ് കെ. പ്രസന്നയാണ് ചിത്രത്തിന് സംഗീതം നല്‍കിയിരിക്കുന്നത്. ബല്ലു ഛായാഗ്രഹണവും രാധാകൃഷ്ണന്‍ ധനപാല്‍ എഡിറ്റിങ്ങും നിര്‍വഹിച്ചിരിക്കുന്നു. ഒക്ടോബര്‍ 16-ന് തിയറ്ററുകളിലെത്തുന്ന ചിത്രം പ്രേക്ഷകര്‍ക്ക് മികച്ചൊരു ദൃശ്യാനുഭവമായിരിക്കുമെന്ന പ്രതീക്ഷയിലാണ് അണിയറപ്രവര്‍ത്തകര്‍.