

ഏറെ നാളത്തെ കാത്തിരിപ്പിനൊടുവില്‍ സൂര്യയെ നായകനാക്കി വെങ്കി അറ്റ്ലൂരി സംവിധാനം ചെയ്ത 'വിശ്വനാഥ് ആന്‍ഡ് സണ്‍സ്' തിയേറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തി. തമിഴ്, തെലുങ്ക് ഭാഷകളിലായി ഒരുങ്ങിയ കുടുംബ ചിത്രത്തിനു മികച്ച തുടക്കമാണ് ബോക്സോഫീസില്‍ ലഭിക്കുന്നത്. റിലീസ് ദിനത്തില്‍ തന്നെ സിനിമയെ വാനോളം പുകഴ്ത്തി സൂര്യയുടെ സഹോദരനും നടനുമായ കാര്‍ത്തി രംഗത്തെത്തിയതും സോഷ്യല്‍ മീഡിയയിലെ വൈവിധ്യമാര്‍ന്ന പ്രേക്ഷകാഭിപ്രായങ്ങളും ചിത്രത്തെ വാര്‍ത്തകളില്‍ സജീവമാക്കുന്നു.
ചിത്രത്തിന്റെ ആദ്യ പ്രദര്‍ശനത്തിനു പിന്നാലെ സംവിധായകന് വെങ്കി അറ്റ്ലൂരിയുടെ കഥാഖ്യാനത്തെയും അഭിനേതാക്കളുടെ പ്രകടനത്തെയും വാനോളം പുകഴ്ത്തിയാണ് നടന് കാര്‍ത്തി എക്സില്‍ പ്രതികരണമറിയിച്ചത്. 'വെങ്കി അറ്റ്ലൂരി, എന്തൊരു എഴുത്താണ് ഭായ്..! മനോഹരമായ കഥാപാത്രങ്ങളും അതിശയിപ്പിക്കുന്ന പ്രകടനങ്ങളും. മനസുനിറയ്ക്കുന്ന, കണ്ടിരിക്കെ മുഖത്ത് പുഞ്ചിരി സമ്മാനിക്കുന്ന മികച്ച ചിത്രം. ഒരിക്കല്‍ കൂടി ഈ സിനിമ കാണാന്‍ ഞാന്‍ ആഗ്രഹിക്കുന്നു...' എന്നായിരുന്നു കാര്‍ത്തിയുടെ വാക്കുകള്‍. സഹോദരന് സൂര്യയുടെ വേറിട്ട പ്രകടനത്തെയും നായിക മമിത ബൈജു, രാധിക ശരത്കുമാര് എന്നിവരുടെ അഭിനയത്തെയും കാര്‍ത്തി പ്രത്യേകം എടുത്തുപറഞ്ഞു.
മുന്‍ ഒളിംപിക് ഷൂട്ടറായ സഞ്ജയ് വിശ്വനാഥ് എന്ന കഥാപാത്രത്തെയാണ് സൂര്യ ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. വാടകഗർഭപാത്രത്തിലൂടെ പിറന്ന കുഞ്ഞിന്റെ ചികിത്സയുമായി ബന്ധപ്പെട്ട് വാടകഗർഭപാത്രത്തിന്റെ ഉടമയായ മഡ്ഡി (മമിത ബൈജു) സഞ്ജയ് (സൂര്യ) യുടെ ജീവിതത്തിലേക്ക് കടന്നുവരുന്നതും തുടര്‍ന്നുണ്ടാകുന്ന സങ്കീര്‍ണമായ ബന്ധങ്ങളുമാണ് സിനിമയുടെ ഇതിവൃത്തം. ബോളിവുഡ് താരം രവീണ ടണ്ടന് 25 വര്‍ഷത്തിനുശേഷം തമിഴിലേക്ക് തിരിച്ചെത്തുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. ജി.വി. പ്രകാശ് കുമാര്‍ സംഗീതവും നിമിഷ് രവി ഛായാഗ്രഹണവും നിര്‍വഹിച്ചിരിക്കുന്നു.
അതേസമയം, സിനിമയെക്കുറിച്ച് സമ്മിശ്ര അഭിപ്രായങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ ഉയരുന്നത്. ചിത്രത്തിന്റെ ആദ്യപകുതിയും നര്മരംഗങ്ങളും ഏറെ ആസ്വാദ്യകരമാണെന്ന് ഭൂരിഭാഗം പേരും സമ്മതിക്കുന്നു. തെലുങ്ക് സിനിമാ ആസ്വാദകരുടെ അഭിരുചികള്‍ക്ക് കൂടുതല്‍ ഇണങ്ങുന്ന രീതിയിലാണ് ചിത്രത്തിന്റെ രണ്ടാം പകുതി ഒരുക്കിയിരിക്കുന്നതെന്നാണ് പൊതുവെയുള്ള വിലയിരുത്തല്‍. മുന്‍കാലങ്ങളിലെ വലിയ മാസ് വേഷങ്ങളില്‍ നിന്ന് മാറി തികച്ചും ലളിതവും ഊഷ്മളവുമായ വേഷത്തില്‍ സൂര്യ എത്തി എന്നത് പ്രേക്ഷകര്‍ക്ക് പുതിയ അനുഭവമാണ് സമ്മാനിക്കുന്നത്.
ചിത്രത്തിലെ രണ്ടാം പകുതിയിലെ ചില സബ്പ്ലോട്ടുകള്‍ അനാവശ്യമായി നീട്ടിപ്പരത്തിയതാണെന്നും സറോഗസിയെപ്പോലുള്ള വിഷയങ്ങളെ കുറച്ചുകൂടി വൈകാരികമായ ആഴത്തില്‍ കൈകാര്യം ചെയ്യാമായിരുന്നുവെന്നും ചില പ്രേക്ഷകര്‍ ചൂണ്ടിക്കാണിക്കുന്നു. ക്ലൈമാക്സിലേക്ക് എത്തുമ്പോള്‍ കഥ തിരക്കുപിടിച്ച് അവസാനിപ്പിച്ചതുപോലെ തോന്നിയെന്ന് അഭിപ്രായപ്പെടുന്നവരുമുണ്ട്. എങ്കിലും സൂര്യയുടെയും മമിതയുടെയും കെമിസ്ട്രിയും മികച്ച കാസ്റ്റിങ്ങും ചിത്രത്തെ തിയേറ്ററുകളില്‍ കണ്ടിരിക്കാവുന്ന മികച്ച കുടുംബചിത്രമാക്കി മാറ്റുന്നു.